| Monday, 25th November 2024, 6:07 pm

ദല്‍ഹി അന്തരീക്ഷ മലിനീകരണം; അധികൃതര്‍ പരിശോധനാ വിഴ്ച വരുത്തിയതായി സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹിയിലെ രൂക്ഷമായ അന്തരീക്ഷ മലിനീകരണത്തിന്റെ സാഹചര്യത്തില്‍ പരിശോധനയില്‍ വീഴ്ച വരുത്തിയതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ വിമര്‍ശിച്ച് സുപ്രീം കോടതി. മലിനീകരണ നടപടികള്‍ പരിശോധിക്കുന്നതിന് നഗരത്തിന്റെ അതിര്‍ത്തികളില്‍ ചെക്ക്‌പോസ്റ്റുകളൊന്നുമില്ലെന്നും അവിടെ ഉദ്യോഗസ്ഥരില്ലെന്നുമാണ് കോടതിയുടെ വിമര്‍ശനം. ജസ്റ്റിസ് എ. എസ് ഓക്കയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റേതാണ് പൊലീസിനെ വിമര്‍ശിച്ചുള്ള പരാമര്‍ശം.

മലിനീകരണം നിയന്ത്രണവിധേയമാക്കുന്നതിനുള്ള നാലാം ഘട്ടത്തില്‍ 23 പോയിന്റുകളില്‍ മാത്രം പൊലീസുകാരെ വിന്യസിച്ചതിന് കമ്മീഷന്‍ ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്‌മെന്റ് നിയമപ്രകാരം ദല്‍ഹി പൊലീസ് കമ്മീഷണറെ വിചാരണ ചെയ്യുന്ന കാര്യം പരിഗണിക്കുമെന്നും കോടതി നിര്‍ദേശിച്ചു.

എന്തുകൊണ്ടാണ് നടപടിയെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കാത്തതെന്നും മറിച്ചാണെങ്കില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ വിചാരണ നേരിടേണ്ടിവരുമെന്നും കോടതി സര്‍ക്കാരിനോട് ചൂണ്ടിക്കാട്ടി.

അതേസമയം ദല്‍ഹിയിലെ മലിനീകരണ സാഹചര്യത്തില്‍ ഇളവ് നല്‍കാന്‍ വിസമ്മതിച്ച കോടതി സ്‌കൂളുകളുടെ പ്രവര്‍ത്തനങ്ങളുടെ മാനദണ്ഡങ്ങള്‍ പരിഗണിക്കാനും നിര്‍ദേശിച്ചു. ഒരുപാട് വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണവും ഓണ്‍ലൈന്‍ ക്ലാസുകളും നല്‍കാന്‍ കഴിയില്ലെന്നും എയര്‍ പ്യൂരിഫയറുകള്‍ ആക്‌സസ് ചെയ്യാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു.

മലിനീകരണ നിയന്ത്രണത്തിനായുള്ള നാലാം ഘട്ടനടപടികള്‍ നടപ്പിലാക്കുന്നുണ്ടോ ഇല്ലയോ എന്ന് പരിശോധിക്കാന്‍ 13 അംഗ കമ്മീഷനെ നിയമിച്ചിരുന്നതായും കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചുവെന്നും കോടതി വ്യക്തമാക്കി.

അതേസമയം കമ്മീഷന്റെ അന്വേഷണാടിസ്ഥാനത്തില്‍ നഗരത്തിന്റെ അതിര്‍ത്തികളില്‍ ചെക്ക്‌പോസ്റ്റുകളില്ലെന്നും തലസ്ഥാനത്തേക്ക് ട്രക്കുകള്‍ പ്രവേശിക്കുന്നതിനുള്ള നിരോധനം കൃത്യമായി പാലിക്കപ്പെട്ടിട്ടില്ലെന്നും വ്യക്തമായതായും കോടതി ചൂണ്ടിക്കാട്ടി.

ചെക്ക്‌പോസ്റ്റുകളില്‍ പൊലീസോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ ഇല്ലെന്ന് കമ്മീഷന്‍ അറിയിച്ചിട്ടുണ്ടെന്നും ടോള്‍ പിരിവ് ജീവനക്കാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും പൊലീസിന് നല്‍കിയ നിര്‍ദേശങ്ങളെന്താണെന്നും ഇത് പ്രകാരം എന്ത്‌കൊണ്ട് 23 ചെക്ക് പോസ്റ്റുകളില്‍ മാത്രം ഉദ്യോഗസ്ഥരെ നിയമിച്ചുവെന്നും ചോദിച്ച കോടതി ഇത് സര്‍ക്കാരുകളുടെ അശ്രദ്ധയാണെന്നും ചൂണ്ടിക്കാട്ടി.

Content Highlight: Delhi air pollution; The Supreme Court said that the authorities had made a mistake

Latest Stories

We use cookies to give you the best possible experience. Learn more