ന്യൂദല്‍ഹി: ദല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷമായതോടെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ദല്‍ഹിയില്‍ ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. ജനങ്ങളോട് പുറത്ത് ഇറങ്ങരുതെന്നും സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കരുതെന്നും ഐ.എം.എ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.
മാലിന്യവും ഈര്‍പ്പവും ചേര്‍ന്ന് പുകക്ക് സമാനമായ അന്തരീക്ഷമാണ് ദല്‍ഹിയിലും പരിസരപ്രദേശങ്ങളിലും അനുഭവപ്പെടുന്നത്. കനത്ത പുകമഞ്ഞു മൂലം വിമാനഗതാഗതവും റോഡിലൂടെയുള്ള വാഹന ഗതാഗതവും മുടങ്ങുന്ന അവസ്ഥയിലാണ്. 200 മീറ്റര്‍ ചുറ്റളവില്‍ പോലും കാഴ്ച തടസ്സപെടുന്നത് വന്‍ വെല്ലുവിളിയാണ്.
വായുവിന്റെ ഗുണനിലവാരം കണക്കാക്കുന്ന് എ.ക്യു.ഐ സൂചിക എറ്റവും മോശം നിലായായ 396ല്‍ എത്തി 0 മുതല്‍ 50 വരെയാണ് ശുദ്ധമായ വായുവായി കണക്കാക്കുന്നത്.
Also Read കൊമ്പന്മാരുടെ പടത്തലവനുമെത്തി; ബെര്‍ബറ്റോവിനു കൊച്ചി നല്‍കിയത് രാജകീയ സ്വീകരണം
കാറ്റ് വളരെക്കുറവായിരുന്നുവെന്നതും ചിലസമയത്ത് കാറ്റ് അടിച്ചില്ലെന്നതുമാണ് മലിനീകരണം വര്‍ധിക്കാന്‍ കാരണമായതെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വിലയിരുത്തിയിരുന്നു. ദല്‍ഹിയിലെ അന്തരീക്ഷ ഗുണമേന്മ വളരെയധികം താഴ്ന്ന നിലയിലെത്തി ജീവയോഗ്യമല്ലാത്ത രീതിയിലേക്ക് മാറുന്നതായും നിരീക്ഷണ കേന്ദ്രം കണ്ടെത്തി.
അന്തരീക്ഷമലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ ദീപാവലിക്കാലത്ത് പടക്കം പെട്ടിക്കുന്നതിന് സുപ്രിം കോടതി വിലക്കേര്‍പ്പെടുത്തിയിരുന്നു. മലിനീകരണ നിയന്ത്രണ നടപടികളുടെ ഭാഗമായി നവംബര്‍ ഒന്ന് വരെയായിരുന്നു ദല്‍ഹിയില്‍ പടക്ക വില്‍പ്പനയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്.
എന്നാല്‍ നിരോധനത്തിനെതിരെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.ഹിന്ദുക്കളുടെ ആഘോഷത്തിന് മാത്രം എന്തിന് നിയന്ത്രണങ്ങള്‍ വരുത്തുന്നുവെന്നായിരുന്നു എഴുത്തുകാരന്‍ ചേതന്‍ ഭഗതിന്റെ പ്രതികരണം. ഹിന്ദുക്കള്‍ വേട്ടയാടപ്പെടുന്നുവെന്ന് യോഗ ഗുരു രാംദേവും അഭിപ്രായപ്പെട്ടിരുന്നു.അതേസമയം ശശി തരൂര്‍ അടക്കമുള്ള ദേശീയ നേതാക്കള്‍ നിരോധനത്തെ പിന്തുണച്ചു കൊണ്ടാണ് രംഗത്തെത്തിയത്.