ന്യൂദൽഹി: ദേശീയ തലസ്ഥാനത്ത് പടക്കങ്ങളുടെ ഓൺലൈൻ വിൽപ്പന ഉടൻ അവസാനിപ്പിക്കാൻ ദൽഹി പൊലീസ് ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകൾക്കും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കും നിർദേശം നൽകി.
ഒക്‌ടോബർ 14ന് ദൽഹി സർക്കാർ 2025 ജനുവരി ഒന്ന് വരെ ദൽഹിയിൽ എല്ലാ വിഭാഗത്തിലുള്ള പടക്കങ്ങളുടെയും നിർമാണം, സംഭരണം, പൊട്ടിക്കൽ എന്നിവ പൂർണമായും നിരോധിച്ചിരുന്നു.
ദൽഹിയിലെ ഉപഭോക്താക്കൾക്കായി പടക്കങ്ങൾ ലിസ്റ്റ് ചെയ്യരുതെന്നും സേവനം നൽകരുതെന്നും പൊലീസ് ഇ-കോമേഴ്‌സ് വെബ്‌സൈറ്റുകൾക്ക് നിർദേശം നൽകുകയായിരുന്നു.
ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകൾ ഏതെങ്കിലും വിൽപ്പനയോ ഡെലിവറികളോ നടത്തുന്നത് തടയുന്നതിന് ലൊക്കേഷൻ അധിഷ്‌ഠിത നിയന്ത്രണങ്ങൾ സജീവമാക്കിയിട്ടുണ്ട്. ദൽഹിയിലെ പടക്കങ്ങൾ, വിൽപ്പന, ഡെലിവറി എന്നിവയുടെ നിരോധനത്തെക്കുറിച്ച് ഉപഭോക്താക്കളെ അറിയിക്കുന്ന വ്യക്തമായ അറിയിപ്പ് പ്രസിദ്ധീകരിക്കുകയും ഇ-കോമേഴ്‌സ് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയും വേണം.
നിരോധന കാലയളവിൽ ദൽഹിക്കുള്ളിൽ പടക്കങ്ങൾ അടങ്ങിയ ചരക്കുകളൊന്നും സ്വീകരിക്കുകയോ കൊണ്ടുപോകുകയോ വിതരണം ചെയ്യുകയോ ചെയ്യുന്നില്ലെന്ന് ഡെലിവറി കമ്പനികൾ തീരുമാനിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു. നിർദേശങ്ങൾ പാലിക്കുന്നതിന് രേഖാമൂലമുള്ള സ്ഥിരീകരണവും പൊലീസ് ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഓൺലൈൻ ഷോപ്പിങ് ഓപ്ഷനുകൾ ഉപയോഗിച്ച് പടക്ക നിയന്ത്രണങ്ങൾ മറികടക്കാൻ ദൽഹിയിലെ ചില താമസക്കാർ ശ്രമിച്ചതിനെ തുടർന്നാണ് പുതിയ നടപടി.
ഡൽഹിയിലെ വായൂ ഗുണനിലവാരം എ.ക്യു.ഐ 978 എന്ന അപകടകരമായ നിലയിലെത്തിയിരിക്കുകയാണ്. ഇതോടെ ദൽഹിയിലെ വായു ശ്വസിക്കുന്നത് ഒരു ദിവസം 49 സിഗരറ്റുകൾ വലിക്കുന്നതിന് തുല്യമെന്ന് വിദഗ്ധർ പറഞ്ഞിരുന്നു. ഒക്‌ടോബർ അവസാനം മുതൽ, ദൽഹിയിലെ വായുവിൻ്റെ ഗുണനിലവാരം താഴ്ന്ന നിലയിലാവുകയും ഓരോ ദിവസം കഴിയുന്തോറും മോശമാവുകയും ചെയ്യുകയായിരുന്നു.
Content Highlight: Delhi air pollution: Police asks e-commerce websites to stop online sale of fire crackers