ദല്‍ഹി അന്തരീക്ഷ മലിനീകരണം; രാജസ്ഥാനിലും സ്‌കൂളുകളിലെ ഫിസിക്കല്‍ ക്ലാസുകള്‍ നിര്‍ത്തിവെക്കാന്‍ ഉത്തരവ്
Kerala News
ദല്‍ഹി അന്തരീക്ഷ മലിനീകരണം; രാജസ്ഥാനിലും സ്‌കൂളുകളിലെ ഫിസിക്കല്‍ ക്ലാസുകള്‍ നിര്‍ത്തിവെക്കാന്‍ ഉത്തരവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 20th November 2024, 5:33 pm

ജയ്പൂര്‍: ദല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ എല്ലാ സ്‌കൂളുകളിലും ഒന്നു മുതല്‍ അഞ്ച് വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ഓണ്‍ലൈനായി ക്ലാസുകള്‍ നടത്തുമെന്ന് രാജസ്ഥാന്‍. ദല്‍ഹിയിലെ മലിനീകരണ തോത് കണക്കിലെടുത്ത് ഖൈര്‍താല്‍, തിജാര ജില്ലകളിലായിരിക്കും ഓണ്‍ലൈന്‍ ക്ലാസുകള്‍ നടപ്പിലാക്കുകയെന്നാണ് റിപ്പോര്‍ട്ട്.

ദല്‍ഹി എന്‍.സി.ആര്‍ മേഖലയില്‍ പ്ലസ്ടു വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഫിസിക്കല്‍ ക്ലാസുകള്‍ സുപ്രീം കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്നു.

ഇതിന് പിന്നാലെയാണ്, ദല്‍ഹി എന്‍.സി.ആര്‍ മേഖലയ്ക്ക് കീഴില്‍ വരുന്ന ഖൈര്‍താല്‍ തിജാരയില്‍ ഓണ്‍ലൈന്‍ ക്ലാസിലേക്ക് മാറാനുള്ള ജില്ലാ കളക്ടര്‍ കിഷോര്‍ കുമാറിന്റെ ഉത്തരവ്.

ജില്ലയിലെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളിലും നവംബര്‍ 20 മുതല്‍ 23 വരെ, ഒന്ന് മുതല്‍ അഞ്ച് വരെ ക്ലാസുകളിലെ കുട്ടികള്‍ക്കുള്ള ഫിസിക്കല്‍ ക്ലാസുകള്‍ ഒരറിയിപ്പുണ്ടാവുന്നത് വരെ ഓണ്‍ലൈനായിരിക്കുമെന്നാണ് ജില്ലാ കളക്ടറുടെ ഉത്തരവ്.

ഫിസിക്കല്‍ ക്ലാസുകള്‍ നിര്‍ത്തിവെച്ച സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്താനും കളക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം ഉത്തരവ് വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ ബാധകമാകുയുള്ളൂവെന്നും അധ്യാപകര്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തുന്നതിന് വേണ്ടി സ്‌കൂളുകളില്‍ എത്തണമെന്നും ഉത്തരവില്‍ പറയുന്നു.

നിലവില്‍ ദല്‍ഹിയിലെ മലിനീകരണ സാഹചര്യം വളരെ രൂക്ഷമായി തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ദല്‍ഹിയിലെ സര്‍ക്കാര്‍ ഓഫീസുകളിലെ പകുതി ജീവനക്കാരും വീട്ടിലിരുന്ന് പ്രവര്‍ത്തിക്കണമെന്ന് ഉത്തരവും അടുത്തിടെ പുറത്തിറങ്ങുകയുണ്ടായി. ഓഫീസുകളില്‍ ഹാജരാവേണ്ട സമയക്രമത്തിലും മാറ്റം വരുത്തിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

Content Highlight: Delhi air pollution; Order to suspend physical classes in schools in Rajasthan too