ന്യൂദല്‍ഹി: ദല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷമാവുന്ന സാഹചര്യത്തില്‍ പ്ലസ്ടു വരെയുളള എല്ലാ വിദ്യാര്‍ത്ഥികള്‍ക്കുമുള്ള ഫിസിക്കല്‍ ക്ലാസുകള്‍ നിര്‍ത്തിവെക്കാന്‍ സംസ്ഥാനത്തോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.
ന്യൂദല്‍ഹി: ദല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷമാവുന്ന സാഹചര്യത്തില്‍ പ്ലസ്ടു വരെയുളള എല്ലാ വിദ്യാര്‍ത്ഥികള്‍ക്കുമുള്ള ഫിസിക്കല്‍ ക്ലാസുകള്‍ നിര്‍ത്തിവെക്കാന്‍ സംസ്ഥാനത്തോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.
ദല്‍ഹിയിലും സമീപ പ്രദേശങ്ങളിലെയും അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാന്‍ കോടതി ഇടപെടലുണ്ടാവണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശം. ജസ്റ്റിസുമാരായ അഭയ് എസ്. ഓഖ, അഗസ്റ്റിന്‍ ജോര്‍ജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.
10,12 ക്ലാസുകളിലെ വിദ്യാര്‍ത്ഥികളുടെ ശ്വാസകോശം മറ്റ് വിദ്യാര്‍ത്ഥികളില്‍ നിന്ന് വ്യത്യസ്തമായി കാണാന്‍ കഴിയില്ലെന്നും ഫിസിക്കല്‍ ക്ലാസുകള്‍ നിര്‍ത്തിവെക്കാനുള്ള സാഹചര്യം സര്‍ക്കാരുകളുടെ ഭാഗത്ത് നിന്നുമുണ്ടാവണമെന്നുമാണ് കോടതി നിര്‍ദേശിച്ചത്.
10, 12 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും ഫിസിക്കല്‍ ക്ലാസുകള്‍ നിര്‍ത്തിവെക്കണമെന്ന് ഹരജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ആവശ്യപ്പെടുകയായിരുന്നു.
ദല്‍ഹിയില്‍ ഗ്രേഡഡ് റെസ്‌പോണ്‍സ് ആക്ഷന്‍ പ്ലാനിന് കീഴിലുള്ള മലിനീകരണത്തിനെതിരായ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നതില്‍ കോടതി ദല്‍ഹി സര്‍ക്കാരിനെയും എയര്‍ ക്വാളിറ്റി മാനേജ്‌മെന്റ് കമ്മീഷനെയും വിമര്‍ശിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം ദല്‍ഹിയിലെ സ്‌കൂളുകളിലെ ഒമ്പതാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസിന് ഉത്തരവിട്ടിരുന്നു. ഇനിയൊരു ഉത്തരവുണ്ടാവുന്നത് വരെ എല്ലാ സ്‌കൂളുകളും ഓണ്‍ലൈനായി ക്ലാസെടുക്കണമെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി.
അതേസമയം ദല്‍ഹിയിലെ വായു നിലവാരം മോശമായ സാഹചര്യത്തില്‍ എന്‍.സി.ആര്‍ മേഖലയിലുള്‍പ്പെടെ അധിക നിയന്ത്രണങ്ങള്‍ നടപ്പിലാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
നിലവില്‍ ദല്‍ഹിയിലെ എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് 486 ആണ്. ഇത് സീസണിലെ ഏറ്റവും മോശവും ഗുരുതരവുമായ സാഹചര്യമാണെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
Content Highlight: Delhi Air Pollution; Classes should be suspended for students up to Class plus two: supreme court