| Wednesday, 23rd October 2024, 8:29 am

ദൽഹി വായു മലിനീകരണം; ആസ്ത്മ, സി.ഒ.പി.ഡി കേസുകൾ 30 ശതമാനം കൂടുതൽ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ദേശീയ തലസ്ഥാനത്തെ വായു ഗുണനിലവാരം ‘വളരെ മോശം’ വിഭാഗത്തിലേക്ക് താഴ്ന്നതോടെ ആസ്ത്മ, ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പൾമണറി ഡിസീസ് (സി.ഒ.പി.ഡി) തുടങ്ങിയ ശ്വാസകോശ സംബന്ധമായ രോഗങ്ങളിൽ 30% വർധനവെന്ന് റിപ്പോർട്ട്.

നഗരത്തിൻ്റെ വായു ഗുണനിലവാരം വളരെ മോശം വിഭാഗത്തിലേക്ക് താഴ്ന്നതിനാൽ ചൊവ്വാഴ്ച രാവിലെ കനത്ത പുകമഞ്ഞ് ദൽഹിയെ പൊതിഞ്ഞു. സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡിൻ്റെ (സി.പി.സി.ബി) കണക്കനുസരിച്ച്, ദേശീയ തലസ്ഥാനത്തെ 27 നിരീക്ഷണ സ്റ്റേഷനുകൾ റെഡ് അലേർട്ട് ആണിപ്പോൾ. കഴിഞ്ഞ ദിവസം എയർ ക്വാളിറ്റി ഇൻഡക്സ് (എ.ക്യു.ഐ) 317 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.

വായു മലിനീകരണത്തിന്റെ തോത് എത്രമാത്രം ഉയർന്നിട്ടുണ്ടെന്ന് കണക്കാക്കുന്ന സൂചികയാണ് എയർ ക്വാളിറ്റി ഇൻഡക്സ്. ദൽഹിയിലെ മാറുന്ന കാലാവസ്ഥയും മലിനീകരണ തോതും ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വർധിക്കാൻ കാരണമായതായി ആരോഗ്യ വിദഗ്ധർ പറഞ്ഞു. കുട്ടികൾക്കും ഗർഭിണികൾക്കും പ്രായമായവർക്കുമാണ് ഏറ്റവും കൂടുതൽ അപകടസാധ്യതയുള്ളത്.

തണുപ്പുകാലം ആയതിനാൽ മലിനീകരണം വർധിക്കും. ഇതിനാൽ, അക്യൂട്ട് ബ്രോങ്കൈറ്റിസ്, ആസ്ത്മ അറ്റാക്ക് കേസുകൾ വർധിച്ചതായി ഫോർട്ടിസ് ഹോസ്പിറ്റലിലെ സീനിയർ ഡയറക്ടറും എച്ച്.ഒ.ഡി പൾമണോളജിയുമായ ഡോ. വികാസ് മൗര്യ മാധ്യമങ്ങളോട് പറഞ്ഞു.

‘ശ്വാസകോശ സംബന്ധമായ രോഗങ്ങളിൽ 30-40% വർധനവ് ഉണ്ടായിട്ടുണ്ട്. മലിനീകരണം, പൊടിപടലങ്ങൾ, വാഹനങ്ങളിൽ നിന്നുള്ള പുക എന്നിവ ശ്വസിക്കുമ്പോൾ ശ്വാസനാളത്തിൽപ്രശ്നങ്ങൾ ഉണ്ടാകുന്നു. കുട്ടികൾ, പ്രായമായവർ, പ്രതിരോധശേഷി കുറവുള്ളവർ, ആസ്ത്മ, സി.ഒ.പി.ഡി, ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയ ശ്വാസകോശ രോഗങ്ങളുള്ളവർക്ക് അപകടസാധ്യത കൂടുതലാണ്,’ മൗര്യ പറഞ്ഞു.

ശ്വാസകോശ രോഗങ്ങളുള്ളവർ പതിവായി പ്രതിരോധ മരുന്നുകൾ കഴിക്കണമെന്നും വീടിനുള്ളിൽ വൃത്തിയായി സൂക്ഷിക്കാൻ ഇൻഡോർ പ്ലാൻ്റ് എയർ പ്യൂരിഫയറുകൾ സൂക്ഷിക്കണമെന്നും വിദഗ്ധർ ആവശ്യപ്പെട്ടു.

Content Highlight: Delhi air pollution: City doctors report 30% rise in asthma, COPD cases

We use cookies to give you the best possible experience. Learn more