ന്യൂദല്‍ഹി: ഇന്ത്യയുടെ തലസ്ഥാന നഗരിയിലെ വായുമലിനീകരണത്തിന് കാരണം ഹരിയാനയാണെന്ന് കുറ്റപ്പെടുത്തി ആംആദ്മി പാര്‍ട്ടി ദേശീയ വക്താവ് പ്രിയങ്ക കക്കര്‍. ഹരിയാന സംസ്ഥാനം തലസ്ഥാന നഗരിക്ക് സമീപമായാണ് നിലനിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ആംആദ്മി പരാമര്‍ശം നടത്തിയത്.
പഞ്ചാബില്‍ വൈക്കോല്‍ കത്തിക്കുന്നത് ദല്‍ഹിയില്‍ നിന്ന് 500 കിലോമീറ്റര്‍ അകലെയാണെന്നും, എന്നാല്‍ ഹരിയാനയില്‍ വൈക്കോല്‍ കത്തിക്കുന്നത് ദല്‍ഹിയില്‍ നിന്നും 100 കിലോമീറ്റര്‍ വരുന്ന ദൂരത്താണെന്നും ആംആദ്മി കുറ്റപ്പെടുത്തി.
2014 മുതല്‍ മനോഹര്‍ ലാല്‍ ഖട്ടാറിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സ്വീകരിച്ച മലിനീകരണ വിരുദ്ധ നടപടികളെക്കുറിച്ച് വിശകലനം ചെയ്യണമെന്നും പഠിക്കണമെന്നും ആംആദ്മി ദേശീയ വക്താവ് പ്രിയങ്ക കക്കര്‍ ആവശ്യപ്പെട്ടു. നിലവില്‍ ദഹിയിലെ വായുമലിനീകരണത്തില്‍ 31 ശതമാനം കുറവുണ്ടായതായും കക്കര്‍ പറഞ്ഞു.
2022-23 സാമ്പത്തിക സര്‍വെ കണക്കനുസരിച്ച് ദല്‍ഹിയിലെ വായുവിന്റെ ഗുണനിലവാരം കഴിഞ്ഞ എട്ട് വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ചതാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ടെന്ന് കക്കര്‍ ചൂണ്ടിക്കാട്ടി. കൂടാതെ പഞ്ചാബില്‍ വൈക്കോല്‍ കത്തിക്കുന്നതില്‍ 50 – 67 ശതമാനം കുറവുണ്ടായതായി സി.എ.ക്യൂ.എം (കമ്മിഷന്‍ ഫോര്‍ ക്വാളിറ്റി മാനേജ്മന്റ്) ഡാറ്റകള്‍ പറയുന്നു.
8 പോയിന്റ് ആക്ഷന്‍ പ്ലാന്‍ അനുസരിച്ച് ദല്‍ഹിയിലേക്കുള്ള ട്രക്ക് ട്രാഫിക്കിന്റെ പ്രവേശനം നിരോധിക്കുമെന്ന് (അവശ്യ സാധനങ്ങള്‍ കൊണ്ടുപോകുന്ന/അവശ്യ സേവനങ്ങള്‍ നല്‍കുന്ന ട്രക്കുകള്‍ ഒഴികെ) സര്‍ക്കാര്‍ അറിയിച്ചു. കൂടാതെ അവശ്യ സാധനങ്ങള്‍ കൊണ്ടുപോകുന്നതും അവശ്യ സേവനങ്ങള്‍ നല്‍കുന്നതുമായ വാഹനങ്ങള്‍ ഒഴികെ ദല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്ത ഡീസല്‍ ഓപ്പറേറ്റഡ് മീഡിയം ഗുഡ്‌സ് വെഹിക്കിള്‍സ് (എം.ജി.വി), ഹെവി ഗുഡ്‌സ് വെഹിക്കിള്‍സ് (എച്ച്.ജി.വി) എന്നിവക്ക് ദല്‍ഹിയില്‍ നിരോധനം ഏര്‍പ്പെടുത്തും.
Content Highlight: Delhi Air Pollution; Aam Aadmi blames Haryana