നിര്‍ഭയ കേസില്‍ വധശിക്ഷ ഉടനില്ല; മാതാപിതാക്കളുടെ ആവശ്യം തള്ളി കോടതി
India
നിര്‍ഭയ കേസില്‍ വധശിക്ഷ ഉടനില്ല; മാതാപിതാക്കളുടെ ആവശ്യം തള്ളി കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 13th December 2019, 11:13 am

ന്യൂദല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍ഭയയുടെ മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നത് മാറ്റിവെച്ചു.

ദല്‍ഹി അഡീഷണല്‍ സെഷന്‍സ് ജഡ്ജി സതീഷ്‌കുമാര്‍ അറോറയാണ് ഹരജി പരിഗണിക്കുന്നത് മാറ്റിവെച്ചത്. ഡിസംബര്‍ 18 ന് മുന്‍പായി പ്രതികളുടെ വധശിക്ഷ നടപ്പിലാക്കണമെന്നായിരുന്നു ഹരജിയില്‍ മാതാപിതാക്കള്‍ ആവശ്യപ്പെട്ടിരുന്നത്.

വധശിക്ഷയ്ക്കുള്ള തിയതി എത്രയും പെട്ടെന്ന് പുറപ്പെടുവിക്കണമെന്നും എല്ലാ കുറ്റവാളികള്‍ക്കും വധശിക്ഷ നല്‍കണമെന്നും നിര്‍ഭയയുടെ മാതാപിതാക്കള്‍ അപേക്ഷയില്‍ പറഞ്ഞിരുന്നു. എന്നാല്‍ അപേക്ഷയില്‍ വാദം കേള്‍ക്കുന്നത് ജഡ്ജി സതീഷ് കുമാര്‍ അറോറ ഡിസംബര്‍ 18 ലേക്ക് മാറ്റുകയായിരുന്നു.

വധശിക്ഷക്കെതിരെ പ്രതി അക്ഷയ് താക്കൂര്‍ നല്‍കിയ പുന:പരിശോധനാ ഹരജിക്ക് ശേഷമാകും ഈ ഹരജി പരിഗണിക്കുക.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കഴിഞ്ഞ ഏഴ് വര്‍ഷമായി ഞങ്ങള്‍ കാത്തിരിക്കുകയാണെന്നും ഇനി ഏഴ് ദിവസം പോലും കാത്തിരിക്കാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്നുമായിരുന്നു നിര്‍ഭയയുടെ മാതാവ് പ്രതികരിച്ചത്. ഡിസംബര്‍ 18ന് പ്രതികളുടെ മരണ വാറണ്ട് പുറപ്പെടുവിക്കണമെന്നും ഇവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

അതേസമയം നിര്‍ഭയക്കേസിലെ നാല് പ്രതികളെ ഇന്ന് പട്യാല ഹൗസ് കോടതിയില്‍ ഹാജരാകും. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് പ്രതികളെ ഹാജരാക്കുക.

സുരക്ഷാ കാരണങ്ങളാലും പ്രതികളുടെ ജീവന് ഭീഷണിയുള്ളതിനാലുമാണ് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പ്രതികളെ കോടതിയില്‍ ഹാജരാക്കുന്നത്. രാവിലെ 10മണിക്ക് വാദം ആരംഭിക്കും.

നാല് പ്രതികളുടെയും അഭിഭാഷകര്‍ വെള്ളിയാഴ്ച രാവിലെ പട്യാല ഹൗസ് കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കും. തുടര്‍ന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ കേസില്‍ വാദം കേട്ടു തുടങ്ങും.

സംഭവത്തില്‍ ലൈംഗികാതിക്രമത്തിനും കൊലപാതകക്കുറ്റത്തിനും കേസെടുത്ത് ആറ് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികളില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തയാളായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മറ്റൊരു പ്രതി തിഹാര്‍ ജയിലില്‍ ആത്മഹത്യ ചെയ്യുകയും ചെയ്തിരുന്നു. 2017 ല്‍ നിര്‍ഭയക്കേസില്‍ നാല് പ്രതികളുടെ വധശിക്ഷ സുപ്രീംകോടതി ശരിവെച്ചിരുന്നു.

2012 ഡിസംബര്‍ 16നായിരുന്നു നിര്‍ഭയയെ ആറു പേര്‍ ചേര്‍ന്ന് ഓടുന്ന ബസില്‍വെച്ച് ക്രൂരമായ ലൈംഗികാക്രമണത്തിന് ശേഷം റോഡില്‍ തള്ളിയിട്ടത്. 2012 ഡിസംബര്‍ 29 ന് സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ വെച്ചാണ് പെണ്‍കുട്ടി മരിച്ചത്.