| Saturday, 4th March 2017, 3:08 pm

ക്യാമ്പസുകളിലെ എ.ബി.വി.പി അതിക്രമങ്ങള്‍ക്കെതിരെ ദല്‍ഹിയില്‍ എസ്.എഫ്.ഐയുടെ പടുകൂറ്റന്‍ റാലി; അണിനിരന്നത് 2000ത്തിലധികം പേര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്


ന്യൂദല്‍ഹി: സംഘപരിവാര്‍ അക്രമ രാഷ്ട്രീയത്തിനെതിരെ ദല്‍ഹിയില്‍ എസ്.എഫ്.ഐയുടെ വിദ്യാര്‍ത്ഥി റാലി. ദല്‍ഹി മന്ദി ഹൗസ് പരിസരത്ത് നിന്ന് ജന്ദര്‍ മന്ദിറിലേക്ക് സംഘടിപ്പിച്ച റാലില്‍ രണ്ടായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ആര്‍.എസ്.എസിന്റെയും എ.ബി.വി.പിയുടെയും നേതൃത്വത്തില്‍ രാജ്യത്ത് കലാലയങ്ങളില്‍ അരങ്ങേറുന്ന അക്രമങ്ങള്‍ക്കെതിരെയുള്ള വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തിന്റെ നേര്‍ സാക്ഷ്യമായിരുന്നു ദല്‍ഹിയിലെ എസ്.എഫ്.ഐ റാലിയില്‍ അലയടിച്ചത്.


Also read ‘മെക്‌സിക്കന്‍ അപാരത ചരിത്രത്തെ വളച്ചൊടിച്ചത്; വിജയിച്ചത് ഞങ്ങള്‍’ യഥാര്‍ത്ഥ ദൃശ്യങ്ങള്‍ ഇതാണെന്ന അവകാശവാദവുമായി കെ.എസ്.യു 


ക്യാമ്പസുകളില്‍ വിദ്യാര്‍ത്ഥികളുടെ അഭിപ്രായ സ്വാതന്ത്രം നിഷേധിക്കുന്ന എ.ബി.വി.പിയുടെ മര്‍ദ്ദക നയങ്ങള്‍ക്കെതിരെയും രാജ്യത്തെ വിദ്യാഭ്യാസ നയങ്ങളില്‍ ഇടപെടുന്ന ആര്‍.എസ്.എസ് നിലപാടുകള്‍ക്കുമെതിരെയാണ് ദല്‍ഹിയില്‍ എസ്.എഫ്.ഐ കേന്ദ്രകമ്മിറ്റി പ്രതിഷേധ റാലി സംഘടിപ്പിച്ചത്.

ദല്‍ഹി, ആസ്സാം, ഹിമാചല്‍ പ്രദേശ്, ത്രിപുര, രാജസ്ഥാന്‍, കേരളം, തെലുങ്കാന, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളായിരുന്നു ജന്ദര്‍ മന്ദിര്‍ലേക്ക് സംഘടിപ്പിച്ച റാലിയില്‍ അണിനിരന്നത്. ദല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ “രാജ്യ ദ്രോഹികളില്‍ നിന്ന് രാജ്യത്തെ രക്ഷിക്കുക” എന്ന മുദ്രാവാക്യമുയര്‍ത്തി എ.ബി.വി.പി സംഘടിപ്പിച്ച റാലിയുടെ പിറ്റേ ദിവസമാണ് എസ്.എഫ്.ഐയുടെ റാലിയും തലസ്ഥാനത്ത് നടക്കുന്നത്.

രാജ്യത്തെ ക്യാമ്പസുകളില്‍ എ.ബി.വി.പിയുടെ നേതൃത്വത്തില്‍ നടക്കുന്ന അക്രമസംഭവങ്ങളോടുള്ള വിദ്യര്‍ത്ഥി പ്രതിഷേധത്തിനാണ് ഇന്ന് തലസ്ഥാനം സാക്ഷ്യം വഹിച്ചതെന്ന് എസ്.എഫ്.ഐ കേന്ദ്രകമ്മിറ്റിയഗം നിതീഷ് നാരായണന്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു. അധികാരത്തിന്റെ പിന്‍ബലത്തില്‍ വിദ്യാഭ്യസത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളില്‍ വരെ കൈകടത്തുന്ന സംഘപരിവാര്‍ ശ്രമത്തെ ചെറുക്കാന്‍ രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ തെരുവിലിറങ്ങുന്ന കാഴ്ചയാണിതെന്നും നിതീഷ് പറഞ്ഞു.

രാംജാസ് കോളേജിലെ സെമിനാറില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ജെ.എന്‍.യു വിദ്യാര്‍ത്ഥിയായ ഉമര്‍ ഖാലിദിനെ വിലക്കിയ എ.ബി.വി.പി നടപടിക്കെതിരായ പ്രതിഷേധങ്ങളുടെ തുടര്‍ച്ചയായാണ് എസ്.എഫ്.ഐ റാലിയും ദല്‍ഹിയില്‍ നടന്നത്.

We use cookies to give you the best possible experience. Learn more