| Wednesday, 15th July 2020, 8:39 am

ഒന്നുകില്‍ ഫേസ്ബുക്ക് ഒഴിവാക്കുക അല്ലെങ്കില്‍ സേനയില്‍ നിന്ന് പുറത്ത് പോകുക, നിങ്ങള്‍ക്ക് തീരുമാനിക്കാം: നിര്‍ദ്ദേശവുമായി ദല്‍ഹി ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യന്‍ സേനാംഗങ്ങള്‍ ഫേസ്ബുക്ക് ഇന്‍സ്റ്റഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് വിലക്കിയ സൈനിക വകുപ്പിന്റെ നടപടി ഏറെ വിവാദമായിരുന്നു. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ച മുതിര്‍ന്ന സൈനികോദ്യോഗസ്ഥന്റെ ഹര്‍ജി ദല്‍ഹി ഹൈക്കോടതി തള്ളി.

രാജ്യത്തിന്റെ സുരക്ഷയെ കണക്കിലെടുത്ത് സൈനിക വകുപ്പിന്റെ നിര്‍ദ്ദേശം എല്ലാ ഉദ്യോഗസ്ഥരും നിര്‍ബന്ധമായി പാലിക്കണമെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശം. എന്നാല്‍ സേനയില്‍ നിന്ന് വിരമിച്ച ശേഷം ഇത്തരം മാധ്യമങ്ങള്‍ ഉപയോഗിക്കാമെന്നും ബെഞ്ച് പ്രസ്താവിച്ചു.

ലെഫ്റ്റനന്റ് കേണല്‍ പി.കെ ചൗധരിയാണ് ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഫേസ്ബുക്ക് അക്കൗണ്ടിലെ എല്ലാ വിവരങ്ങളും ഒരു തവണ ഡീലീറ്റ് ചെയ്താല്‍ അവ വീണ്ടും പുനസ്ഥാപിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വാദിച്ചു.

സായുധ സേനാംഗങ്ങളുടെ മൗലികാവകാശങ്ങള്‍ റദ്ദാക്കുകയോ പരിഷ്‌കരിക്കുകയോ ചെയ്തിട്ടില്ല. അവ ഉറപ്പുവരുത്തുന്നതിനായി ഈ നിര്‍ദ്ദേശം പിന്‍വലിക്കണമെന്ന് പി കെ ചൗധരി പ്രതിരോധ മന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഏകപക്ഷീയമായ ഇത്തരം നടപടി പൂര്‍ണ്ണമായും ഭരണഘടന വിരുദ്ധമാണന്നും അദ്ദേഹത്തിന്റെ പരാതിയില്‍ പറയുന്നു.

എന്നാല്‍ ‘താങ്കള്‍ ഉത്തരവാദപ്പെട്ട ഒരു സ്ഥാപനത്തിന്റെ ഭാഗമാണ്. പിന്നീട് നിങ്ങള്‍ക്ക് ഇവ ഉപയോഗിക്കാന്‍ അവസരമുണ്ട്. എന്നാല്‍ സേനയില്‍ ഉള്ളിടത്തോളം കാലം അത് ഒഴിവാക്കണം’- ഹൈക്കോടതി ബെഞ്ച് വ്യക്തമാക്കി.

ഇക്കഴിഞ്ഞ ജൂണ്‍ ആറിനാണ് ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശം സൈനികവകുപ്പ് മുന്നോട്ട് വെച്ചത്. ഫേസ്ബുക്ക് അടക്കം 87 ഓളം ആപ്പുകള്‍ സേനാംഗങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നായിരുന്നു നിര്‍ദ്ദേശം. രാജ്യസുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്നാണ് ഉന്നത വൃത്തങ്ങള്‍ അറിയിച്ചത്.

അതേസമയം വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായി മാത്രമേ ഇത്തരം നിയമങ്ങളെ കാണാന്‍ കഴിയുള്ളുവെന്നും അവ ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം സേനാംഗങ്ങള്‍ക്ക് ഉണ്ടെന്നും നിയമവിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more