കോഴിക്കോട്: സര്‍ക്കാര്‍ സബ്‌സിഡി വൈകുന്നതിനാല്‍ കുടുംബശ്രീ ജനകീയ ഹോട്ടലുകള്‍ക്കൊപ്പം സംസ്ഥാനത്ത് സുഭിക്ഷ ഹോട്ടലുകളും പ്രതിസന്ധിയില്‍. സബ്‌സിഡി മാസങ്ങളായി നല്‍കാത്തതിനാലാണ് ഹോട്ടല്‍ നടത്തുന്നവര്‍ പ്രയാസത്തിലാകുന്നത്. അവശ്യസാധനങ്ങളുടെ വിലക്കയറ്റവും പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്.
ഭക്ഷ്യ പൊതുവിതരണ വകുപ്പാണ് സബ്‌സിഡി അനുവദിക്കേണ്ടത്. കുടുംബശ്രീ ജനകീയ ഹോട്ടലുകള്‍ പ്രതിസന്ധി നേരിടുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നഗരങ്ങളെ അപേക്ഷിച്ച് ഗ്രാമപഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചുള്ള ഹോട്ടലുകള്‍ക്കാണ് കൂടുതല്‍ മാസത്തെ സബ്‌സിഡി ലഭിക്കാനുള്ളത്.
മിതമായ നിരക്കില്‍ ഉച്ചഭക്ഷണം നല്‍കുന്നതിനാണ് സര്‍ക്കാര്‍ ജനകീയ ഹോട്ടല്‍, സുഭിക്ഷ ഹോട്ടല്‍ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചത്. എന്നാലിപ്പോള്‍ സാധനങ്ങള്‍ വാങ്ങാനും ജോലിക്കാര്‍ക്ക് ശമ്പളം നല്‍കാനും കടം വാങ്ങുകയാണെന്നാണെന്ന് നടത്തിപ്പുകാര്‍ പറയുന്നത്. സബ്‌സിഡി തുക മാസം തോറും അക്കൗണ്ടില്‍ വരുമെന്നാണ് പറഞ്ഞിരുന്നത്. മൂന്ന് മാസത്തെ കുടിശ്ശിക കിട്ടാത്ത അവസ്ഥയുണ്ടെന്നും നടത്തിപ്പുകാര്‍ പറയുന്നു.