തിരുവനന്തപുരം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇനിയും അറസ്റ്റ് ചെയ്യാന്‍ വൈകുന്നത് നീതിന്യായ വ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസം ഇല്ലാതാക്കുമെന്ന് വി.എസ്. അച്യുതാനന്ദന്‍.
പീഡനത്തിനിരയായ കന്യാസ്ത്രീയെ നിരന്തരമായി ചോദ്യം ചെയ്യുകയും സമ്മര്‍ദ്ദത്തിനിരയാക്കുകയും ചെയ്യുമ്പോള്‍ത്തന്നെ, കുറ്റാരോപിതന്‍ അധികാരത്തിന്റേയും സ്വാധീനത്തിന്റെയും സുരക്ഷിതത്വത്തില്‍ കഴിയുന്നത് ജനങ്ങള്‍ക്ക് നല്‍കുന്ന സന്ദേശം ഒട്ടും ഗുണകരമല്ലെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ വാതിലുകളും കൊട്ടിയടയ്ക്കപ്പെടുന്നു എന്നു വന്ന ഘട്ടത്തിലാണ് അവര്‍ പരസ്യമായി സമരരംഗത്തിറങ്ങിയത്. അവരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിക്കുന്നതായും വി.എസ് പറഞ്ഞു.
അതേസമയം ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാത്തത് കുറ്റാരോപിതനും പോലീസും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകള്‍ കൊണ്ടാണെന്ന് ജസ്റ്റിസ് കെമാല്‍ പാഷ അഭിപ്രായപ്പെട്ടിരുന്നു. അന്വേഷണം അന്തിമ ഘട്ടത്തിലെന്നാണ് ഡി.ജി.പി പറഞ്ഞത്. എന്നിട്ട് പോലും ഇതുവരെ അറസ്റ്റ് നടന്നിട്ടില്ല. ഇത് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ്. ഡി.ജി.പിക്ക് നാണമില്ലേയെന്നും കെമാല്‍ പാഷ ചോദിച്ചു.
ജലന്ധര്‍ ബിഷപ്പിനെതിരായ ലൈംഗികപീഡനക്കേസില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടരുതെന്ന് പരാതിക്കാരായ കന്യാസ്ത്രീകള്‍ പറഞ്ഞിരുന്നു. ഇപ്പോഴത്തെ അന്വേഷണത്തില്‍ പൂര്‍ണ്ണവിശ്വാസമുണ്ടെന്നും കന്യാസ്ത്രീകള്‍ പറഞ്ഞു. ഡി.ജി.പി.യും ഐ.ജിയും കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നെന്നും കന്യാസ്ത്രീകള്‍ പറഞ്ഞിരുന്നു.