വൈകി കിട്ടുന്ന നീതി അര്‍ത്ഥശൂന്യമാണ്: അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ്
national news
വൈകി കിട്ടുന്ന നീതി അര്‍ത്ഥശൂന്യമാണ്: അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 13th March 2022, 7:15 am

അലഹബാദ്: വൈകി കിട്ടുന്ന നീതി അര്‍ത്ഥശൂന്യമാണെന്ന് അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് രാജേഷ് ബിന്ദല്‍. 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് റോഡപകടത്തില്‍ മകന്‍ മരിച്ചതിന് ലഭിച്ച നഷ്ടപരിഹാരം വാങ്ങിക്കാന്‍ പിതാവ് വിസമ്മതിച്ച സംഭവത്തിലാണ് കോടതി ഇക്കാര്യം പറഞ്ഞത്.

മഥുരയില്‍ ലോക് അദാലത്ത് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ജസ്റ്റിസ് ബിന്ദല്‍.

ഒരു മോട്ടോര്‍ ആക്സിഡന്റ് ക്ലെയിമുമായി ബന്ധപ്പെട്ട കേസ് ഓര്‍മിപ്പിച്ചായിരുന്നു ബിന്ദലിന്റെ പരാമര്‍ശം. നഷ്ടപരിഹാരം നല്‍കിയതിന് ശേഷം, പണം കൈവശം വെക്കാന്‍ കോടതിയോട് ആക്‌സിഡന്റില്‍ മരിച്ച യുവാവിന്റെ പിതാവ് ആവശ്യപ്പെടുകയായിരുന്നുവെന്ന് ജസ്റ്റിസ് പറഞ്ഞു.

‘ജഡ്ജി സാഹിബ്, ദയവായി ഈ പണം ഇപ്പോള്‍ നിങ്ങളുടെ കൈവശം സൂക്ഷിക്കുക. 25 വര്‍ഷം മുമ്പ് ഒരു റോഡപകടത്തില്‍ എന്റെ പിതാവും മകനും മരിച്ചതിന് ശേഷം പേരക്കുട്ടികളെ വളര്‍ത്താനും അവരെ പഠിപ്പിക്കാനും എനിക്ക് അത് ആവശ്യമായിരുന്നു. എന്നാല്‍ എനിക്ക് ഇപ്പോള്‍ ഈ പണം ആവശ്യമില്ല. കാരണം എന്റെ എല്ലാം ആവശ്യങ്ങളും തീര്‍ന്നിരിക്കുന്നു,’ യുവാവിന്റെ പിതാവ് പറഞ്ഞതായി ജസ്റ്റിസ് ബിന്ദല്‍ പറഞ്ഞു.

മഹാഭാരത യുദ്ധത്തെ തടയാന്‍ ശ്രീകൃഷ്ണനും രാമായണ യുദ്ധം തടയാന്‍ ഹനുമാനും അംഗദും ചെയ്ത അതേ കാര്യം ലോക് അദാലത്ത് ചെയ്യണമെന്നും പരമാവധി തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ലോക് അദാലത്ത് ശ്രമിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പരമാവധി നഷ്ടപരിപരിഹാര കേസുകള്‍ തീര്‍പ്പാക്കാന്‍ ബാങ്കുകളും എല്‍.ഐ.സിയും ശ്രമിക്കണമെന്നും ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു.

ഹൈക്കോടതിയിലെ ജസ്റ്റിസ് രാജീവ് ജോഷി, മഥുര സബോര്‍ഡിനേറ്റ് ജുഡീഷ്യറിയുടെ അഡ്മിനിസ്‌ട്രേറ്റീവ് ജഡ്ജി, ജില്ലാ ജഡ്ജി രാജീവ് ഭാരതി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.


Content Highlights: Delayed Relief Turns Meaningless, Says Allahabad High Court Chief Justice