ഹൈദരാബാദ്: ഈ വര്‍ഷം ഇതുവരെ തങ്ങള്‍ക്ക് പ്രതിഫലം ലഭിച്ചില്ലെന്ന് കാണിച്ച് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബായ ഹൈദരാബാദ് എഫ്.സിയുടെ മുന്‍ കോച്ച് ഫില്‍ ബ്രൗണും ഒരുപറ്റം വിദേശ കളിക്കാരും അഖിലേന്ത്യ ഫുട്ബാള്‍ ഫെഡറേഷന് കത്തയച്ചു. പറഞ്ഞ അവധികള്‍ കഴിഞ്ഞിട്ടും ക്ലബ് വേതനം തന്നില്ലെന്ന് കത്തില്‍ പറയുന്നു.
‘രണ്ട് മൂന്ന് മാസം വൈകിയാണ് പ്രതിഫലം ലഭിക്കാറുള്ളത്. പുതിയ ടീമെന്ന നിലയില്‍ അത് മനസിലാക്കാം. എന്നാല്‍ പറഞ്ഞ എല്ലാ അവധികളും കഴിഞ്ഞിരിക്കുന്നു. കൊവിഡ്-19ന്റെ പശ്ചാത്തലത്തില്‍ ഇടപാട് നടക്കുന്നില്ലെന്നാണ് പറയുന്നത്. ബാങ്കുകള്‍ തുറന്നിരിക്കുന്നതും സാധരണപോലെ പ്രവര്‍ത്തിക്കുന്ന വിവരവും ഞങ്ങള്‍ക്കറിയാം’ ഒരു ഹൈദരാബാദ് താരം പറഞ്ഞു.
അതേസമയം ഫില്‍ ബ്രൗണിന്റെയും കളിക്കാരുടെയും കത്ത് ലഭിച്ചെന്നും ഹൈദരാബാദ് എഫ്.സിയുമായി ബന്ധപ്പെട്ടപ്പോള്‍ സമയം ആവശ്യപ്പെട്ടതായും എ.ഐ.എഫ്.എഫ് ജനറല്‍ സെക്രട്ടറി കുശാല്‍ ദാസ് പറഞ്ഞു. ക്ലബ് തന്നെ പ്രശ്‌നത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ നടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ക്ലബ് അധികൃതരും എ.ഐ.എഫ്.എഫുമായും കൂടിയാലോചിച്ച ശേഷം ഉചിതമായ സമയത്ത് വിഷയത്തില്‍ പ്രതികരിക്കുമെന്ന് ഹൈദരാബാദ് എഫ്.സി ചീഫ് ഓപറേറ്റിങ് ഓഫിസര്‍ നിതിന്‍ പന്ത് വ്യക്തമാക്കി.
ജനുവരി 10ന് ചെന്നൈയിന്‍ എഫ്.സിയോട് 1-3ന് പരാജയപ്പെട്ടതിന് പിന്നാലെ പ്രീമിയര്‍ ലീഗില്‍ ഹള്‍ സിറ്റി, ഡര്‍ബി കൗണ്ടി, ബോള്‍ട്ടണ്‍ വാണ്ടറേഴ്‌സ് എന്നീ ക്ലബുകളെ പരിശീലിപ്പിച്ച ബ്രൗണിനെ ഹൈദരാബാദ് പുറത്താക്കിയിരുന്നു. എന്നാല്‍ 10 മാസത്തെ കരാര്‍ പൂര്‍ത്തിയാവാത്തതിനാല്‍ മെയ് വരെയുള്ള പ്രതിഫലം നല്‍കാന്‍ അവര്‍ ബാധ്യസ്ഥരാണ്.
പൂണെ എഫ്.സിയുടെ പകരക്കാരായാണ് കഴിഞ്ഞ സീസണില്‍ ഹൈദരാബാദ് എഫ്.സി ഐ.എസ്.എല്ലിലെത്തിയത്. എന്നാല്‍ പോയന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരാകാനായിരുന്നു എച്ച് .എഫ്.സിയ്ക്ക് വിധി.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.
WATCH THIS VIDEO: