ന്യൂദല്‍ഹി: ഭര്‍തൃപീഡനത്തില്‍ പരാതി വൈകിയെന്ന കാരണത്താല്‍ കേസ് ഇല്ലാതാകില്ലെന്ന് സുപ്രീം കോടതി. ഭര്‍തൃപീഡനക്കേസില്‍ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഭര്‍ത്താവിന്റെ ഹരജി തള്ളിയായിരുന്നു കോടതിയുടെ നിരീക്ഷണം.
ജസ്റ്റിസുമാരായ വിക്രംനാഥ്, പ്രസന്ന ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
യുവതിയുടെ പിതാവാണ് പരാതി നല്‍കിയത്. വിവാഹം കഴിഞ്ഞ് 12 വര്‍ഷത്തിന് ശേഷം യുവതി ആത്മഹത്യ ചെയ്തിരുന്നു. ആത്മഹത്യ ചെയ്യുന്നതിന് ഒരു വര്‍ഷം മുമ്പ് മകള്‍ ഭര്‍ത്താവില്‍ നിന്ന് ശാരീരികമായും മാനസികമായും പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് പരാതി.
സ്ത്രീധനത്തെ ചൊല്ലിയായിരുന്നു പീഡനമെന്നും പരാതിയില്‍ പറയുന്നു. യുവതിയില്‍ നിന്ന് ഭര്‍ത്താവും ബന്ധുക്കളും സ്വര്‍ണം കൈവശപ്പെടുത്തി വിറ്റെന്നും തിരിച്ച് ചോദിച്ചപ്പോള്‍ മര്‍ദിച്ചെന്നുമാണ് പരാതിയില്‍ പറയുന്നത്.
പ്രസ്തുത കേസില്‍ കുറ്റവിമുക്തനാക്കണമെന്ന യുവാവിന്റെ ഹരജിയാണ് കോടതി നിലവില്‍ തള്ളിയിരിക്കുന്നത്. 12 വര്‍ഷത്തിനിടെ ഒരിക്കല്‍ പോലും യുവതി പരാതിപ്പെട്ടിട്ടില്ലെന്നും അതിനാല്‍ കേസ് നിലനില്‍ക്കില്ലെന്നുമായിരുന്നു യുവാവിന്റെ വാദം.
എന്നാല്‍ യുവാവിന്റെ വാദം നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കിയ കോടതി ഹരജി തള്ളുകയായിരുന്നു. പരാതിയില്‍ വ്യക്തമായി യുവതി പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് പറയുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
പരാതി പ്രകാരം ഐ.പി.സി വകുപ്പ് 498A യുവതിയെ പീഡിപ്പിച്ചതില്‍ ഭര്‍ത്താവിനെയോ ബന്ധുക്കളെയോ ശിക്ഷിക്കാന്‍ അനുവദിക്കുന്നുണ്ടെന്നും കോടതി പറഞ്ഞു.
498A- സ്ത്രീയെ ആത്മഹത്യക്ക് പ്രേരിപ്പിക്കുന്നതും മാനസികമായും ശാരീരികമായും പരിക്കേല്‍പ്പിക്കുന്നതും കുറ്റാര്‍ഹമാണ്.
498B- സ്വത്ത് നിയമവിരുദ്ധമായി കൈപ്പറ്റാന്‍ കഴിയാത്തതിനെ തുടര്‍ന്നുള്ള സ്ത്രീക്ക് നേരെയുള്ള ഉപദ്രവം കുറ്റാര്‍ഹമാണ്.
Content Highlight: Delay in filing complaint not necessarily proof of absence of cruelty to wife: Supreme Court