|

മല്യയേയും ലളിത് മോദിയേയും തിരികെ കൊണ്ടുവരാന്‍ നിങ്ങള്‍ക്ക് ആര്‍ജ്ജവമില്ലേ..? കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വിജയ് മല്യേയേയും ലളിത് മോദിയേയും ഇന്ത്യയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കാത്ത കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി. സുപ്രീം കോടതി ഉത്തരവ് പോലും മുഖവിലക്കെടുക്കാത്ത മനോഭാവം എന്തുകൊണ്ടാണെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ച് ചോദിച്ചു.

വിജയ് മല്യയെയും ലളിത് മോദിയെയും ഇന്ത്യയിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ ആര്‍ജ്ജവത്തെയും കോടതി ചോദ്യം ചെയ്തു.

“ആരോ ഈ രാജ്യത്തുനിന്ന് കടന്നുകളഞ്ഞു. കഴിഞ്ഞ എട്ടുമാസമായി ഞങ്ങള്‍ ഉത്തരവുകള്‍ പുറപ്പെടുവിച്ചുകൊണ്ടേയിരിക്കുന്നു. എന്നാല്‍ നിങ്ങള്‍ യാതൊന്നും ചെയ്യുന്നില്ല. എന്താണ് നടക്കുന്നതെന്ന് നിങ്ങള്‍ പറഞ്ഞേ മതിയാകൂ. എന്തുകൊണ്ടാണ് നടപടി സ്വീകരിക്കാത്തത്”.

വിദേശകാര്യ മന്ത്രാലയത്തിലെ സെക്രട്ടറിമാരെ വിശദീകരണം ആവശ്യപ്പെട്ട് വിളിച്ചു വരുത്തേണ്ടി വരുമെന്നും കോടതി പറഞ്ഞു. ജാമ്യം ലഭിച്ച ശേഷം യു.കെയിലേക്ക് പോവുകയും പിന്നീട് തിരിച്ചു വരാതിരിക്കുകയും ചെയ്ത വനിതാ വ്യവസായി റിതികാ അവസ്തിയുടെ കേസ് പരിഗണിക്കവേ ആയിരുന്നു മല്യ- ലളിത് മോദി വിഷയത്തില്‍ കോടതിയുടെ പരാമര്‍ശം.

കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ സിംഗിനോടായിരുന്നു കോടതിയുടെ ചോദ്യം.