ന്യൂദല്‍ഹി: ജാമ്യ ഉത്തരവുകള്‍ കൃത്യമായി ജയില്‍ അധികൃതരുടെ അടുത്തെത്തുന്നതിന് നേരിടുന്ന കാലതാമസം ഗുരുതരമായ വീഴ്ചയാണെന്ന് സുപ്രീംകോടതി ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്. അലഹാബാദ് ഹൈക്കോടതി സംഘടിപ്പിച്ച ഒരു ഓണ്‍ലൈന്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിചാരണ നേരിടുന്ന ഓരോ തടവുകാരന്റെയും മനുഷ്യസ്വാതന്ത്ര്യത്തെ ബാധിക്കുന്നതിനാല്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ചെയ്യേണ്ടതാണ് ജാമ്യ ഉത്തരവുകള്‍ക്ക് ശേഷമുള്ള നടപടികളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയിലെ വളരെ ഗുരുതരമായ പോരായ്മ ജാമ്യ ഉത്തരവുകളുടെ ആശയവിനിമയത്തിലെ കാലതാമസമാണ്, അത് യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹരിക്കേണ്ടതുണ്ട്,’ ചന്ദ്രചൂഢ് പറഞ്ഞു.
ജയില്‍ ശിക്ഷ അനുഭവിക്കുന്ന ഓരോ വിചാരണത്തടവുകാര്‍ക്കും പ്രതികള്‍ക്കും ‘ഇ-കസ്റ്റഡി സര്‍ട്ടിഫിക്കറ്റ്’ അനുവദിക്കുന്ന ഒഡിഷ ഹൈക്കോടതിയുടെ നടപടിയെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു.
‘റിമാന്‍ഡ് മുതല്‍ കേസിന്റെ തുടര്‍ന്നുള്ള പുരോഗതി വരെയുള്ള കുറ്റവാളിയെ സംബന്ധിച്ച ആവശ്യമായ എല്ലാ വിവരങ്ങളും ആ സര്‍ട്ടിഫിക്കറ്റിലുണ്ടാകും. ജാമ്യ ഉത്തരവുകള്‍ എത്രയും വേഗം അറിയിക്കുന്നുവെന്ന് ഉറപ്പാക്കാനും ഇത് സഹായിക്കും,’ അദ്ദേഹം പറഞ്ഞു.
ലഹരിക്കടത്ത് കേസില്‍ എന്‍.സി.ബി പിടിയിലായ ആര്യന്‍ ഖാന് ഹൈക്കോടതി ജാമ്യം അനുവദിച്ച് പിറ്റേദിവസമാണ് ജയിലില്‍ നിന്നിറങ്ങാനായത്. ഇതില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അതൃപ്തി അറിയിച്ചിരുന്നു.