ന്യൂദല്‍ഹി: രണ്ട് സിഖ് അഭിഭാഷകരെ ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാത്തതില്‍ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. അഭിഭാഷകരുടെ നിയമനത്തിനും ട്രാന്‍സ്ഫറിനുമായി ഉപയോഗിക്കുന്ന ‘പിക്ക് ആന്റ് സെലക്ഷന്‍’ സമീപനം ലജ്ജാകരമായ ഫലങ്ങളാണ് നല്‍കുന്നതെന്ന് കോടതി പറഞ്ഞു. ജഡ്ജിമാരുടെ നിയമനത്തിലെ കാലതാമസത്തിനെതിരെ ബെംഗളൂരു അഡ്വക്കേറ്റ്‌സ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കവേയാണ് കോടതിയുടെ വിമര്‍ശനം.
അഭിഭാഷകരായ ഹര്‍മീത് സിംഗ് ഗ്രെവാള്‍, ദീപീന്ദര്‍ സിംഗ് നല്‍വ എന്നീ അഭിഭാഷകരെയാണ് നിയമനത്തില്‍ നിന്ന് ഒഴിവാക്കിയത്. പഞ്ചാബ്, ഹരിയാന ഹൈക്കോടതി ജഡ്ജിമാരായി ഇവരെ നിയോഗിക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടുവെന്ന് ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, സുധാന്‍ഷു ധൂലിയ എന്നിവര്‍ ചൂണ്ടിക്കാട്ടി.
ഒക്ടോബര്‍ 17ന് സുപ്രീം കോടതി കൊളീജിയം നിയമനത്തിന് ശുപാര്‍ശ ചെയ്ത അഞ്ച് അഭിഭാഷകരില്‍ ഇരുവരും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ നവംബര്‍ 2ന് കേന്ദ്ര സര്‍ക്കാര്‍ മറ്റ് മൂന്ന് പേരെയും നിയമിക്കാന്‍ വിജ്ഞാപനം പുറപ്പെടുവിച്ചെന്നും ഗ്രെവാളിന്റെയും നല്‍വയുടെയും നിയമനത്തില്‍ തടസം വരുത്തിയെന്നും കോടതി നിരീക്ഷിച്ചു.
നിയമനം ലഭിക്കാത്ത അഭിഭാഷകര്‍ സിഖുകാരാണെന്നും മുന്‍കാല പ്രശ്‌നങ്ങള്‍ നിലവിലെ വിഷയങ്ങളുമായി ബന്ധിപ്പിക്കുന്നത് ഒരു സര്‍ക്കാരിന് ഉചിതമായ ഒന്നല്ലെന്നും ജസ്റ്റിസ് കൗള്‍ ചൂണ്ടിക്കാട്ടി.
അതേസമയം ‘പിക്ക് ആന്റ് സെലക്ഷന്‍’ സമീപനത്തിന് നല്ല മതിപ്പും സ്വാധീനവും ലഭിക്കുന്നില്ലെന്ന് സുപ്രീം കോടതി അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കിട്ടരമണി പറഞ്ഞു. ജുഡീഷ്യല്‍ പ്രവര്‍ത്തങ്ങളില്‍ നിന്ന് അഭിഭാഷകരെ ഒഴിവാക്കാനും പുതിയ ജഡ്ജിമാരുടെ സത്യപ്രതിജ്ഞ മാറ്റിവെക്കുന്നതിനും ഈ സമീപനം സഹായിക്കുമെന്നും അറ്റോര്‍ണി ജനറല്‍ മുന്നറിയിപ്പ് നല്‍കി.
ഈ നയത്തിന്റെ അടിസ്ഥാനത്തില്‍ താത്പര്യമില്ലാതെ തന്നെ ഒരു കോടതിയില്‍ തന്റെ ജുഡീഷ്യല്‍ ജോലികള്‍ ചെയ്യാന്‍ ഒരു ജഡ്ജി നിര്‍ബന്ധിതനാവുമെന്ന് ജസ്റ്റിസ് കൗള്‍ പറഞ്ഞു. അത്തരമൊരു അവസ്ഥ ഉണ്ടാവരുതെന്നും അത് ജഡ്ജിമാരുടെ അധികാരത്തെ ദുര്‍ബലപ്പെടുത്തുമെന്നും നാണക്കേടുണ്ടാക്കുമെന്നും ജസ്റ്റിസ് കൗള്‍ ചൂണ്ടിക്കാട്ടി.
അടുത്ത 24 മണിക്കൂറിനുള്ളില്‍ തീര്‍പ്പാക്കാത്ത എല്ലാ പേരുകളും ക്ലിയര്‍ ചെയ്യാന്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന് റിട്ട് (മാന്‍ഡമസ്) നല്‍കണമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെ കോടതിയോട് ആവശ്യപ്പെട്ടു.
Content Highlight: Delay in appointing Sikh lawyers as judges; Supreme Court criticized the central government