| Monday, 24th May 2021, 9:13 pm

ടൂള്‍ക്കിറ്റ് വിവാദം: ട്വിറ്റര്‍ ഇന്ത്യ ഓഫീസില്‍ പരിശോധന നടത്തി ദല്‍ഹി പൊലീസ് പ്രത്യേക സെല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്റര്‍ ഇന്ത്യയുടെ ഓഫീസുകളില്‍ പരിശോധന നടത്തി ദല്‍ഹി പൊലീസ്. എ.എന്‍.ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ടൂള്‍ക്കിറ്റ് വിവാദത്തില്‍ ബി.ജെ.പി ഐ.ടി സെല്‍ വക്താവ് സംപീത് പത്രയ്‌ക്കെതിരെ ട്വിറ്റര്‍ രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രിയെ മോശമായി ചിത്രീകരിക്കാന്‍ കോണ്‍ഗ്രസ് ടൂള്‍കിറ്റ് ഉപയോഗിക്കുന്നുവെന്നായിരുന്നു സംപിത് പത്രയുടെ ആരോപണം.

ടൂള്‍കിറ്റ് തയാറാക്കിയത് കോണ്‍ഗ്രസ് ഗവേഷണ വിഭാഗത്തിലെ സൗമ്യ വര്‍മയാണെന്നും സംപിത് പത്ര ആരോപിച്ചിരുന്നു

എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിക്കുന്നതിന് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുന്നുവെന്നാരോപിച്ച് ബി.ജെ.പി ഐ.ടി സെല്‍ തലവന്‍ സംപിത് പത്ര പങ്കുവെച്ച രേഖകള്‍ കൃത്രിമമാണെന്ന് ട്വിറ്റര്‍ വ്യക്തമാക്കിയിരുന്നു. സംപിത് പത്രയുടെ ട്വീറ്റിനൊപ്പം പങ്കുവെച്ച രേഖകള്‍ കൃത്രിമമാണെന്ന് ട്വിറ്റര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

വ്യാജമായ ഉള്ളടക്കങ്ങള്‍ പങ്കുവെക്കുമ്പോള്‍ കൃത്രിമം എന്ന ലേബല്‍ ചെയ്യുകയോ അല്ലെങ്കില്‍ ഉള്ളടക്കം നീക്കം ചെയ്യുകയോ വേണം എന്നാണ് ട്വിറ്ററിന്റെ നയം.

തുടര്‍ന്ന് സംപിത് പത്രയ്ക്കും മുന്‍ ഛത്തീസ്ഗഡ് മന്ത്രി രമണ്‍ സിംഗിനുമെതിരെ കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി സംഘടനയായ എന്‍.എസ്.യു.ഐ പരാതി നല്‍കുകയും ചെയ്തിരുന്നു. പരാതി പരിഗണിച്ച ഛത്തീസ്ഗഢ് പൊലീസ് കേസില്‍ ഇരുവര്‍ക്കുമെതിരെ സമന്‍സ് അയയ്ക്കുകയും ചെയ്തിരുന്നു.

നേരത്തെ സംപിത് പത്ര പങ്കുവെച്ച രേഖകള്‍ കൃത്രിമമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlights;  Delhi Police Special cell carry out search at Twitter India offices In Toolkit case

We use cookies to give you the best possible experience. Learn more