| Wednesday, 7th August 2024, 2:13 pm

നിര്‍ജലീകരണം; അയോഗ്യയാക്കപ്പെട്ടതിന് പിന്നാലെ വിനേഷ് ഫോഗട്ടിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാരീസ്: പാരിസ് ഒളിമ്പിക്‌സിലെ ഫൈനലില്‍ നിന്ന് അയോഗ്യയാക്കെപ്പെട്ടതിന് പിന്നാലെ ഇന്ത്യന്‍ ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ട്. നിര്‍ജലീകരണത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പാരീസിലെ ഒളിമ്പിക്‌സ് വില്ലേജിലുള്ള പോളിക്ലിനിക്കിലാണ് നിലവില്‍ വിനേഷ് ഫോഗട്ടിനെ പ്രവേശിപ്പിച്ചിരിക്കുന്നത്.

നിലവില്‍ വിനേഷ് ഫോഗട്ടും പരിശീലകരും സപ്പോര്‍ടിങ് സ്റ്റാഫുകളും ക്ലിനിക്കില്‍ തന്നെ തുടരുകയാണ്. ഭാരം കുറക്കുന്നതിനായി മുടിമുറിക്കല്‍ ഉള്‍പ്പടെ നടത്തിയിരുന്നെന്നും എന്നാല്‍ അതൊന്നും ഫലം കണ്ടില്ല എന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. അയോഗ്യയാക്കപ്പെട്ട വിവരം ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്‍ വിനേഷ് ഫോഗട്ടിനെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. ഇന്ത്യയുടെ പ്രതിഷേധം രേഖപ്പെടുത്താന്‍ പി.ടി. ഉഷയോട് പ്രധാനമന്ത്രി നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.

ഒളിമ്പിക്‌സില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതാ ഗുസ്തി താരമായിരുന്നു വിനേഷ് ഫോഗട്ട്. ഭാര പരിശോധനയില്‍ 100 ഗ്രാം അധികം കണ്ടെത്തിയതിന് പിന്നാലെയാണ് താരത്തെ ഇനത്തില്‍ അയോഗ്യയാക്കിയത്. 50 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തി വിഭാഗത്തില്‍ അനുവദനീയമായ ഭാരം കൂടിയതായി കണ്ടെത്തിയതാണ് ഫോഗട്ടിന് തിരിച്ചടിയായത്.

ഈ തീരുമാനത്തില്‍ പുനഃപരിശോധന നടക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അപ്പീല്‍ ആവശ്യപ്പെടിലെന്ന് ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷനും അറിയിച്ചിട്ടുണ്ട്. ഈ നടപടിക്കെതിരെ ഇന്ത്യ എതിര്‍പ്പ് രേഖപ്പെടുത്തുകയും ചെയ്തു. 50 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തി ഇനത്തില്‍ അവസാന സ്ഥാനമായിരിക്കും ഫോഗട്ടിന് നല്‍കുക.

ഇന്ന് രാത്രി നടക്കാനിരുന്ന ഫൈനലില്‍ യു.എസ്.എയുടെ സാറാ ഹില്‍ഡ്ബ്രാണ്ടുമായിട്ടായിരുന്നു വിനേഷ് ഏറ്റുമുട്ടാനിരുന്നത്. എന്നാല്‍ കലാശപ്പോരാട്ടം ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് താരത്തിന് മത്സരത്തില്‍ നിന്ന് പിന്മാറേണ്ടി വന്നത്.

content highlights: dehydration; Reportedly, Vinesh Phogat was hospitalized after being disqualified

We use cookies to give you the best possible experience. Learn more