| Friday, 25th May 2018, 11:00 am

' ആ ഡിഗ്രി സര്‍ട്ടിഫിക്കറ്റൊന്ന് പോസ്റ്റു ചെയ്ത് കാണിക്ക്' മോദിയെ ചാലഞ്ച് ചെയ്ത് സോഷ്യല്‍ മീഡിയ; പ്രതികരിക്കാതെ മോദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വിരാട് കൊഹ്‌ലിയുടെ ഫിറ്റ്‌നസ് ചാലഞ്ച് ഏറ്റെടുത്ത് ട്വീറ്റ് ചെയ്ത് വെട്ടിലായി പ്രധാനമന്ത്രി നരേന്ദ്രമോദി. മോദിയേയും ബി.ജെ.പിയേയും പ്രതിരോധത്തിലാക്കുന്ന വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷവും സോഷ്യല്‍ മീഡിയയും ചാലഞ്ചുമായി രംഗത്തുവന്നതോടെയാണ് പ്രധാനമന്ത്രി വെട്ടിലായത്.

മോദിയെ വെല്ലുവിളിച്ചുകൊണ്ട് ഒരു വ്യത്യസ്തമായ ചാലഞ്ച് തന്നെ സോഷ്യല്‍ മീഡിയയില്‍ രൂപപ്പെട്ടിരിക്കുകയാണ്. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകള്‍ ഉയര്‍ത്തിക്കാട്ടിക്കൊണ്ട് യോഗ്യത വിവരിക്കുന്ന പോസ്റ്റുകള്‍ നല്‍കിയാണ് ട്വിറ്ററിലും ഫേസ്ബുക്കിലും വലിയൊരു വിഭാഗം മോദിയെ വെല്ലുവിളിക്കുന്നത്. “ഡിഗ്രിഫിറ്റ്‌ഹേചാലഞ്ച്” എന്ന പേരില്‍ ആരംഭിച്ച ചാലഞ്ച് സോഷ്യല്‍ മീഡിയകളില്‍ വലിയൊരു വിഭാഗം ഏറ്റെടുത്തു കഴിഞ്ഞു.

സ്വന്തം സര്‍ട്ടിഫിക്കറ്റുകള്‍ ഷെയര്‍ ചെയ്തുകൊണ്ട് മോദിയോട് അദ്ദേഹത്തിന്റെ സര്‍ട്ടിഫിക്കറ്റ് പോസ്റ്റു ചെയ്യാനാണ് സോഷ്യല്‍ മീഡിയ വെല്ലുവിളിക്കുന്നത്. മോദിയെ ചാലഞ്ച് ചെയ്ത് മുന്നോട്ടുവരുന്നവരില്‍ മലയാളികളുമുണ്ട്.

“എന്റെ വിദ്യാഭ്യാസയോഗ്യത പുറത്തുവിടുന്നു. കോഴിക്കോട് ഗവ.ലോ കോളേജില്‍ നിന്ന് നിയമബിരുദം. ഞാന്‍ ബഹുമാനപ്പെട്ട പ്രധാനമന്ത്രി, ശ്രീമതി സ്മൃതി ഇറാനി, ശ്രീ യെദിയൂരപ്പ എന്നിവരെ വിദ്യാഭ്യാസയോഗ്യത പരസ്യമാക്കാന്‍ ആഹ്വാനം ചെയ്യുന്നു.” എന്നു പറഞ്ഞുകൊണ്ടാണ് അഭിഭാഷകനായ ഹരീഷ് വാസുദേവന്‍ പ്രധാനമന്ത്രിയടക്കമുള്ളവരെ ചാലഞ്ച് ചെയ്തത്.

കൊഹ്‌ലിയുടെ ചാലഞ്ചിനോട് മിനിറ്റുകള്‍ക്കുള്ളില്‍ പ്രതികരിച്ച മോദി ഇതുവരെ ഇത്തരം ചാലഞ്ചുകളോടൊന്നും തന്നെ പ്രതികരിച്ചിട്ടില്ല.

നേരത്തെ ക്രിക്കറ്റ് താരം വിരാട് കൊഹ്ലി 20 സ്പൈഡര്‍ പ്ലാങ്ക് ചെയ്യുന്ന വീഡിയോ പോസ്റ്റു ചെയ്യുകയും ഭാര്യ അനുഷ്‌കയേയും പ്രധാനമന്ത്രിയേയും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണിയേയും വെല്ലുവിളിക്കുകയും ചെയ്തിരുന്നു. ഇതിനോട് പ്രതികരിച്ചുകൊണ്ടാണ് മോദി തന്റെ ഫിറ്റ്നസ് വീഡിയോ ഷെയര്‍ ചെയ്യാമെന്ന് ട്വീറ്റ് ചെയ്തത്. ഇതിന് പിന്നാലെ നിരവധി പേരാണ് മോദിയെ പരിഹസിച്ചും വിമര്‍ശിച്ചും രംഗത്തെത്തിയത്.

ചൊവ്വാഴ്ച കേന്ദ്ര ഐ.ടി മന്ത്രി രാജ്യവര്‍ധന്‍ റാത്തോറാണ് ട്വിറ്ററില്‍ ഫിറ്റ്നസ് ചാലഞ്ചിന് തുടക്കമിട്ടത്. പുഷ് അപ്പ് ചെയ്യുന്ന വീഡിയോ പോസ്റ്റു ചെയ്തുകൊണ്ടായിരുന്നു റാത്തോര്‍ ചാലഞ്ച് നടത്തിയത്. കൊഹ് ലിയേയും സൈന നെഹ്‌വാളിനേയും ഹൃത്തിക് റോഷനേയുമാണ് അദ്ദേഹം വെല്ലുവിളിച്ചത്.

We use cookies to give you the best possible experience. Learn more