പക്ഷെ ലിജോ പ്രിഫര്‍ ചെയ്യുന്നത് കുറച്ച് കൂടി താഴ്ത്തിപ്പിടിക്കുന്ന ഒരു പേസ് തന്നെയാണ്. അത് ആക്ഷേപിക്കേണ്ടതല്ല. അതൊരുകലാകാരന്റെ തീരുമാനമാണ്. ആര്‍ട്ടിസ്റ്റിന്റെ പ്രേക്ഷകന്‍ അയാളുടെ വര്‍ക്ക് തേടിയെത്തുകയാണ് ചെയ്യേണ്ടത്. പ്രേക്ഷകന്റെ പിന്നാലെ പോകേണ്ടതില്ല.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘നായകന്‍’ ആദ്യ ദിവസം ആദ്യഷോയ്ക്ക് തിരവനന്തപുരം ധന്യ/രമ്യ തീയറ്ററുകളില്‍ നിന്ന് കണ്ടതോര്‍ക്കുന്നു. സംവിധായകന്‍ പരിചിതനായിരുന്നില്ല എങ്കിലും പോസ്റ്ററുകള്‍–തോക്ക് പിടിച്ച കഥകളി വേഷം പോലെയുള്ള കൊമ്പോസിഷനുകള്‍ ആയിരുന്നു സിനിമയിലേയ്ക്ക് ആകര്‍ഷിച്ചത്.
മലയാള മനോരമയിലും മംഗളത്തിലുമൊക്കെ എണ്‍പതുകളില്‍ വരാറുണ്ടായിരുന്ന ചില പ്രതികാരകഥകള്‍ പോലെ കുടുംബം തകര്‍ത്തവരോട് പ്രതികാരം ചെയ്യുന്ന നായകകഥയായിരുന്നു അത്. അതൊരിക്കല്‍ കൂടി കാണിക്കാന്‍ ആ സിനിമയെ Qualify ചെയ്യുന്നത് സംവിധായകന്‍ എടുത്തിരിക്കുന്ന ചില കലാപരമായ സമീപനങ്ങള്‍ തന്നെയായിരുന്നു.
ആ സിനിമാകാഴ്ചയില്‍ നിന്നും സമാനമായ ചില മലയാള സിനിമാകാഴ്ചയില്‍ നിന്നും ഞാന്‍ മനസിലാക്കിയ ചില കാര്യം ഇതാണ്. ജനപ്രിയ കലയുടെ രീതികളെ കലാപരമായി ട്രീറ്റ് ചെയ്യാന്‍ ശ്രമിക്കുക. അല്ലെങ്കില്‍ മറിച്ച്, കലാപരമായ ഘടകങ്ങളെ ജനപ്രിയമായി ട്രീറ്റ് ചെയ്യാന്‍ ശ്രമിക്കുക. ഇത് പലപ്പോഴും രണ്ട് വിഭാഗങ്ങളിലും പെടുന്ന ആസ്വാദകരെ ആകര്‍ഷിക്കുക എന്നതില്‍ ഉപരി അലോസരപ്പെടുത്തുകയാണ് ചെയ്യുന്നത്.
ജനപ്രിയസാഹിത്യത്തിലെ /സിനിമയിലെ ചില ക്ലാസിക് ഘടകങ്ങള്‍; സാഹിത്യത്തിലെ/സിനിമയിലെ ചില ആര്‍ട്ടിസ്റ്റിക് സങ്കേതങ്ങളോട് താല്‍പര്യമുള്ള ഒരു ന്യൂനപക്ഷത്തെ മാത്രമേ അത് തൃപ്തിപ്പെടുത്തുന്നുള്ളൂ. വ്യക്തിപരമായി എന്റെ അഭിരുചികള്‍ ഈ ചെറിയ സ്‌പെയ്‌സിലാണ് കിടക്കുന്നത് എന്നതില്‍ ഞാന്‍ വളരെ സന്തുഷ്ടനാണ്.
ലോകസിനിമയിലും സാഹിത്യത്തിലും ഇതൊരു ന്യൂനപക്ഷമേഖലയല്ല. സ്റ്റാന്‍ലി കുബ്രിക്കിന്റെ സിനിമകള്‍, ഫ്രാന്‍സിസ് ഫോര്‍ഡ് കപ്പോളയുടെ സിനിമകള്‍, സെര്‍ജിയോ ലിയോണിന്റെ സിനിമകള്‍, എന്തിന് അകിര കുറൊസാവയുടെ സിനിമകള്‍ പോലും കലാപരമായ ഒരു കോപ്രമൈസും കൂടാതെ ജനപ്രിയ വിജയങ്ങള്‍ നേടിയിട്ടുള്ളവയാണ്.
ലിജോ ജോസ് പെല്ലിശേരിയുടെ മലൈക്കോട്ടൈ വാലിബന്‍ നേരിടുന്ന ഡീഗ്രേഡിംഗ്, അലോസരം, അതൃപ്തി ഇതെല്ലാം തികച്ചും ഒരു Contextual ആയ സംഗതിയാണ്.
മോഹന്‍ലാലിന്റെ ജനപ്രിയ സിനിമകളെ പ്രതീക്ഷിപ്പിച്ച പരസ്യങ്ങള്‍, ബാഹുബലി പോലെയുള്ള സമകാലിക പ്രേക്ഷകരുടെ പ്രതീക്ഷകളെ ഡിഫൈന്‍ ചെയ്ത സിനിമാറ്റിക് ശൈലികള്‍, സാഹിത്യപരവും കലാപരവുമായ ചില ശൈലികള്‍, ഭാഷ, ഴോണറുകള്‍ (Genres), അവയെക്കുറിച്ചുള്ള ധാരണക്കുറവ്, എല്ലാറ്റിലുമപ്പുറം തികച്ചും തെറ്റായ ടാര്‍ഗറ്റ് ഓഡിയന്‍സിലേയ്ക്ക് പോകുന്ന ‘കലാ’സൃഷ്ടി ഇതെല്ലാമാണ് ഈ Contextual സംഗതികള്‍.
ഈ പ്രതികരണങ്ങളില്‍ അത്ഭുതപ്പെടാനൊന്നുമില്ല. എന്നാല്‍ സിനിമ ഉള്‍ക്കൊള്ളുന്ന റഫറന്‍സുകള്‍ പരിചിതരായ പ്രേക്ഷകര്‍ക്ക് സിനിമ കൂടുതല്‍ നീതിപൂര്‍വ്വം വിലയിരുത്തുകയോ തള്ളിക്കളയുകയോ ചെയ്യാന്‍ പറ്റും. ഞാന്‍ കരുതുന്നത് മലൈക്കോട്ടൈ വാലിബന്‍ വളരെ ശ്രദ്ധേയമായ ഒരു സിനിമയാണെന്നാണ്.
ഇത് പോലുള്ള സിനിമാസാഹചര്യങ്ങള്‍ വരുമ്പോള്‍ എനിക്കുള്ള ദുഷ്ടത കലര്‍ന്ന ഒരു ആഹ്ലാദം എന്തെന്നാല്‍ എനിക്ക് വളരെ ഒബ്‌ജെക്ടീവ് ആയി നിന്ന് കൊണ്ട് ഒരു ജനപ്രിയസിനിമയും കലാസിനിമയും ആസ്വദിക്കാന്‍ സാധിക്കുന്നുണ്ട് എന്നതാണ്. ലാഗ് എന്ന കാരണത്തിലാല്‍, ഡയലോഗുകള്‍ക്ക് നാടകീയതയുണ്ട്, സിനിമ പ്രത്യേകിച്ച് കഥയൊന്നും പറയാതെ പ്ലോട്ട്‌ലെസ് ആയി പോകുന്നു എന്ന കാരണത്താല്‍ കാശ് പോയി എന്നോ സമയം പോയി എന്നോ എനിക്ക് തോന്നുന്നില്ല എന്നതാണ്.
അത്ഭുതലോകത്തിലെ ആലീസിന്റെ ലോജിക് ഉപയോഗിച്ച് പറഞ്ഞാല്‍ എനിക്ക് ഈ സിനിമ ഇഷ്ടപ്പെട്ടു എന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു.
മലയാളം ജനപ്രിയസിനിമയില്‍ ഇഷ്ടപ്പെട്ട ധാരാളം സിനിമകളുണ്ട് എന്നതിനെ ആസ്പദമാക്കി നിരീക്ഷിച്ചാല്‍ ലിജോയുടെ ‘കഥ’ മലയാളം ജനപ്രിയ പ്രേക്ഷകര്‍ക്ക് പിടിക്കാന്‍ കഴിയാത്ത വിധം അകലെയൊന്നും അല്ല.
മോഹന്‍ലാലിന്റെ ഇന്‍ട്രോ സീക്വന്‍സ് അല്‍പം കൂടി പ്രേക്ഷകരില്‍ എത്തിക്കാന്‍ കഴിയും വിധം ചടുലമായി അവതരിപ്പിക്കാന്‍ സ്‌കോപ്പുള്ളതാണ്. അതൊരു Heroic Material ആണ്. ഒരു തകര്‍പ്പന്‍ Choreographed Fight ന് സാധ്യതയുള്ളതാണ്. അങ്ങനെ ചെയ്തിരുന്നെങ്കില്‍ തുടക്കത്തില്‍ തന്നെ പ്രേക്ഷകരെ ഒപ്പം കൂട്ടാന്‍ കഴിയുമായിരുന്നു. മോഹന്‍ ലാല്‍ ആണെങ്കില്‍ ഒപ്പം കൂടാന്‍ അങ്ങേയറ്റം തയ്യാറുള്ള പ്രേക്ഷകക്കൂട്ടമാണ് മലയാളികള്‍ എന്നോര്‍ക്കുക.
പക്ഷെ ലിജോ പ്രിഫര്‍ ചെയ്യുന്നത് കുറച്ച് കൂടി താഴ്ത്തിപ്പിടിക്കുന്ന ഒരു പേസ് തന്നെയാണ്. അത് ആക്ഷേപിക്കേണ്ടതല്ല. അതൊരുകലാകാരന്റെ തീരുമാനമാണ്. ആര്‍ട്ടിസ്റ്റിന്റെ പ്രേക്ഷകന്‍ അയാളുടെ വര്‍ക്ക് തേടിയെത്തുകയാണ് ചെയ്യേണ്ടത്. പ്രേക്ഷകന്റെ പിന്നാലെ പോകേണ്ടതില്ല.
ഇന്‍ട്രോയും ടൈറ്റിലും കഴിഞ്ഞുള്ള യോദ്ധാവ് കാണാതെ പോയ കുതിര മുതലായ സംഗതികള്‍ സിനിമയ്‌ക്കോ വാലിബന്റെ വ്യക്തിത്വത്തിനോ സിനിമയ്‌ക്കോ ഒരു ഗുണവും ചെയ്തില്ല എന്ന് മാത്രമല്ല. ഒരു പാട് ദോഷം ചെയ്യുകയും ചെയ്തു.
വില്ലന്‍ കഥാപാത്രവുമായി പന്തയം വച്ചതിന് ശേഷം സിനിമ വളരെ എന്‍ഗേജിംഗ് ആയി മുന്നോട്ട് പോയി എന്നാണ് എനിക്ക് അനുഭവപ്പെട്ടത്. പോര്‍ച്ചുഗീസുകാരുടെ കോട്ടയിലെ എപിസോഡ് ഗംഭീരമായിരുന്നു. സിനിമ മൊത്തം പരിഗണിക്കുമ്പോള്‍ എഴുന്നേറ്റിരിക്കാന്‍ പ്രേരിപ്പിക്കുന്ന ചില Bravura Moments ഉണ്ടായിരുന്നു.
ചങ്ങല കൊണ്ട് തൂണുകള്‍ മറിച്ചിടുന്ന സീക്വന്‍സ്, ഹരീഷ് പേരടിയുടെ സ്വപ്‌നരംഗം, വലിയ കാല്‍പാട് സൃഷ്ടിക്കുന്ന രംഗം ഇതെല്ലാം തികച്ചും ഗംഭീരമായിരുന്നു. കണ്ടും വായിച്ചും മറന്ന ഒരു പാട് Fairy Tale നിമിഷങ്ങളെ വീണ്ടും Invoke ചെയ്യുന്ന സാഹചര്യങ്ങള്‍ ആയിരുന്നു.
രണ്ടാം ഭാഗം എടുത്തില്ലെങ്കില്‍ പോലും ഇനി കാണിക്കാതെ ശേഷിപ്പിച്ച സംഘട്ടനത്തിന്റെ ഗ്രാവിറ്റി, അത് കാണിക്കാതിരിക്കുന്നത് തന്നെയെന്ന് തോന്നി.
സിനിമയുടെ ഡീഗ്രേഡിംഗ് തീയറ്റര്‍ റിലീസിന്റെ Context ല്‍ പ്രേക്ഷകരുടെ മുന്‍ധാരണകളുടെയും ധാരണ ഇല്ലായ്മകളുടെയും ഫലമാണ് എന്ന് പറഞ്ഞല്ലോ. അത് ലാസ്റ്റിംഗ് അല്ല. മുകളില്‍ പറഞ്ഞ വിധം കലാസിനിമയുടെയും ജനപ്രിയ സിനിമയുടെയും ക്ലാസിക് ഘടകങ്ങള്‍ ഇഷ്ടപ്പെടുന്ന പ്രേക്ഷകര്‍ ഈ സിനിമയിലേയ്ക്ക് തീര്‍ച്ചയായും വരും.
സിനിമ പ്രേക്ഷകരിലേയ്ക്ക് എന്നെ കാണൂ എന്ന് യാചിച്ച് കൊണ്ട് വരുന്നതും പ്രേക്ഷകര്‍ ആ സിനിമയെ തേടിപ്പോകുമ്പോഴും ഉണ്ടാകുന്ന പ്രതികരണങ്ങള്‍ തീര്‍ച്ചയായും വ്യത്യസ്തമായിരിക്കും.
ഈ നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമയും ഒരു പോപ്പുലര്‍ ഓഡിയന്‍സ് സ്റ്റഫ് ആയിരുന്നില്ല. പക്ഷെ ഇങ്ങനെ ആരും ഡീഗ്രേഡ് ചെയ്തയായും ഓര്‍മ്മയില്ല. ഇത് സിനിമയെക്കുറിച്ച് ഉണ്ടാക്കിയെടുത്ത പ്രതിഛായയും അതിന്റെ യാതാര്‍ത്ഥ്യവും തമ്മിലുള്ള വ്യത്യാസവും കാരണമുണ്ടാകുന്ന അലോഹ്യമാണ്.
മറിച്ച്, ഇതൊരു ഫെസ്റ്റിവല്‍ പ്രീമിയര്‍ ഷോ ആയിരുന്നെങ്കില്‍ ഇവിടെ വാനോളം പുകഴ്ത്താനും സീറ്റ് കിട്ടാതെ മടങ്ങിയ കഥകള്‍ പറയാനും ആളുണ്ടാകുമായിരുന്നു.
ആശംസകള്‍, ലിജോ, മോഹന്‍ലാല്‍, & Team. Thoroughly Enjoyed your Work-!
content highlights: Degrading, annoyance and dissatisfaction faced by Malaikottai Valiban