ട്രംപിനെ തള്ളി യു.എസ് ജനപ്രതിനിധി സഭ: സൗദിയ്ക്ക് ആയുധങ്ങള്‍ വില്‍ക്കാനുള്ള നീക്കത്തിനെതിരെ പ്രമേയം പാസാക്കി
വാഷിങ്ടണ്‍ ഡിസി: ഗൈഡഡ് മിസൈലുകള്‍ ഉള്‍പ്പെടെ സൗദിയ്ക്ക് ആയുധങ്ങള്‍ വില്‍ക്കാനുള്ള യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കത്തിന് തിരിച്ചടി. സൗദി, യു.എ.ഇ, ജോര്‍ദാന്‍ എന്നീ രാജ്യങ്ങള്‍ക്ക് ആയുധ വില്‍പ്പന നിരോധിക്കുന്ന നാല് പ്രമേയങ്ങള്‍ യു.എസ് ജനപ്രതിനിധി സഭ പാസാക്കി.
യെമന്‍ യുദ്ധത്തിലെ മനുഷ്യാവകാശ ധ്വംസനങ്ങളുമായി ബന്ധപ്പെട്ട് യു.എസ് കോണ്‍ഗ്രസില്‍ നിന്നും സൗദിയ്‌ക്കെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലായിരുന്നു സൗദിയ്ക്ക് ആയുധങ്ങള്‍ വില്‍ക്കാന്‍ ട്രംപ് അനുമതി നല്‍കിയത്.
മെയ് മാസത്തില്‍ ഇറാനുമായുള്ള സൈനിക പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി യു.എസ് ആയുധ നിയന്ത്രണ നിയമത്തിലെ ‘എമര്‍ജന്‍സി’ എന്ന പഴുത് ഉപയോഗിച്ചായിരുന്നു ട്രംപ് ഇത്തരമൊരു അനുമതി നല്‍കിയത്. എട്ട് ബില്യണ്‍ ഡോളറിലേറെ തുകയുടെ ആയുധങ്ങളായിരുന്നു സൗദി, യു.എ.ഇ, ജോര്‍ദാന്‍ എന്നീ രാജ്യങ്ങള്‍ക്ക് വില്‍ക്കാന്‍ തീരുമാനിച്ചത്.
അടിയന്തര സാഹചര്യമെന്ന ട്രംപിന്റെ അവകാശവാദം പെരുപ്പിച്ചുകാട്ടലാണെന്ന് നിരവധി രാഷ്ട്രീയ നേതാക്കള്‍ അഭിപ്രായപ്പെട്ടിരുന്നു. വില്‍ക്കാന്‍ തീരുമാനിച്ച പല ആയുധങ്ങളും ഒരുമാസത്തിനുള്ളിലോ വര്‍ഷത്തിനുള്ളിലോ നല്‍കാന്‍ കഴിയുന്നവയല്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
സെനറ്റ് പാസാക്കിയ മൂന്ന് പ്രമേയങ്ങള്‍ സഭ പ്രസിഡന്റിന്റെ അനുമതിയ്ക്കായി അയച്ചിട്ടുണ്ട്. പ്രസിഡന്റ് ഇത് വീറ്റോ ചെയ്യാനാണ് സാധ്യത.