ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിലാണ് ബി.ജെ.പി വോട്ട് തേടുന്നതെങ്കില്‍ കോണ്‍ഗ്രസ് അദ്ദേഹത്തിന്റെ ‘വോക്കല്‍ ഫോര്‍ ലോക്കല്‍’ എന്ന മുദ്രാവാക്യമാണ് ഉപയോഗിക്കുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്.
നാല് വര്‍ഷത്തെ ബി.ജെ.പി ഭരണത്തില്‍ കര്‍ണാടകയ്ക്ക് വിറ്റാമിന്‍ പിയുടെ കുറവ് വന്നിട്ടുണ്ടെന്നും അദ്ദേഹം പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
‘നാല് വര്‍ഷത്തെ ബി.ജെ.പി ഭരണത്തില്‍ കര്‍ണാടകയ്ക്ക് വൈറ്റമിന്‍ പിയുടെ ആവശ്യമുണ്ട്. ഇവിടെ പി എന്നത് കോണ്‍ഗ്രസിന്റെ ‘പെര്‍ഫോമന്‍സാണ് കാണിക്കുന്നത്. അല്ലാതെ ബി.ജെ.പിയുടെ ‘പോളറൈസേഷന്‍’ അല്ല.
പ്രധാനമന്ത്രിയും മറ്റ് മുതിര്‍ന്ന ബി.ജെ.പി നേതാക്കളുടെയും കാര്‍പ്പെറ്റ് ബോംബിങ് പ്രചാരണ തന്ത്രത്തെ കോണ്‍ഗ്രസിന് പേടിയില്ല. ബി.ജെ.പി എത്രത്തോളം കാര്‍പ്പറ്റ് ബോംബിങ് പ്രചരണം നടത്തുന്നുവോ അത് അവരുടെ നിരാശയെ സൂചിപ്പിക്കുന്നു,’ അദ്ദേഹം പറഞ്ഞു.
ഇത്തവണ കോണ്‍ഗ്രസിലെ ഭിന്നത കുറവാണെന്നും ബി.ജെ.പിയിലാണ് ഭിന്നതയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഇത്തവണ കോണ്‍ഗ്രസിലെ ഭിന്നത വളരെക്കുറവാണ്, കുറച്ച് വിമതര്‍ മാത്രമേയുള്ളൂ. എന്തായാലും മുന്‍ മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി, ദേശീയ സംസ്ഥാന പ്രാദേശിക നേതാക്കളെ നഷ്ടമായ ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം കോണ്‍ഗ്രസിലെ ഭിന്നത ഒന്നുമല്ല.
ഇപ്പോള്‍ എല്ലാവരും കോണ്‍ഗ്രസിനെ വീണ്ടും അധികാരത്തിലെത്തിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഞങ്ങള്‍ വ്യക്തികളെയല്ല കേന്ദ്രീകരിക്കുന്നത്. ഇത് പൊളിറ്റിക്കല്‍ പാര്‍ട്ടികള്‍ തമ്മിലുള്ള പോരാട്ടമാണ്,’ ജയറാം രമേശ് പറഞ്ഞു.
മെയ് 10നാണ് കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇത്തവണ ബി.ജെ.പിയുടെ നേതാക്കളായ ജഗദീഷ് ഷെട്ടാര്‍, ലക്ഷ്മണ്‍ സാവദിയടക്കമുള്ളവര്‍ കോണ്‍ഗ്രസിലേക്ക് പാര്‍ട്ടി മാറിയിരുന്നു.
content highlight: Deficiency of ‘Vitamin P’ in Karnataka under BJP rule: Jairam Ramesh