സോള്‍: ആണവായുധ പദ്ധതി എന്തുവിലകൊടുത്തും പൂര്‍ത്തിയാക്കുമെന്ന് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍. രാജ്യന്തര എതിര്‍പ്പുകളൊന്നും അതിന് തടസ്സമാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ആയുധശേഷിയില്‍ യു.എസിന് തുല്യമാകും വരെ പരീക്ഷണങ്ങള്‍ തുടരുമെന്നും കിം ജോങ് ഉന്‍ വ്യക്തമാക്കി. മൂന്നാഴ്ചയ്ക്കിടെ ജപ്പാന് മുകളിലൂടെ രണ്ടാമതും മിസൈല്‍ പരീക്ഷണം നടത്തിയ പശ്ചാത്തലത്തിലാണ് ഉത്തര കൊറിയ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
ലക്ഷ്യത്തിലേക്ക് “അതി വേഗത്തിലും നേരായ മാര്‍ഗത്തിലും” രാജ്യം സഞ്ചരിക്കുകയാണെന്നും കിം പറഞ്ഞു. ഉത്തര കൊറിയ പുറത്തുവിട്ട പുതിയ വാര്‍ത്താക്കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ജപ്പാനു മുകളിലൂടെ കഴിഞ്ഞദിവസം മധ്യദൂര ബാലിസ്റ്റിക് മിസൈലാണു ഉത്തര കൊറിയ വിക്ഷേപിച്ചത്. ഇതു വടക്കന്‍ ജപ്പാനു മുകളിലൂടെ പറന്നു പസിഫിക് സമുദ്രത്തില്‍ പതിച്ചു.
ഓഗസ്റ്റ് 29നും ഇതേ രീതിയില്‍ ഉത്തരകൊറിയ മിസൈല്‍ വിക്ഷേപിച്ചിരുന്നു. ഈമാസമാദ്യം ഏറ്റവും ശക്തിയേറിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷണവും നടത്തിയിരുന്നു. ബോംബ് പരീക്ഷണത്തിന്റെ പശ്ചാത്തലത്തില്‍ യുഎന്‍ രക്ഷാസമിതി തിങ്കളാഴ്ച ഉത്തരകൊറിയയ്ക്കുമേല്‍ കടുത്ത ഉപരോധങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണത്തെ ഐക്യരാഷ്ട്ര രക്ഷാസമിതി ശക്തമായി അപലപിച്ചിരുന്നു. ഉത്തര കൊറിയയ്‌ക്കെതിരെ സൈനിക നടപടി പരിഗണിക്കുന്നതായി യു.എസും നിലപാടെടുത്തു.
എന്നാല്‍ യു.എന്‍ ഉപരോധങ്ങള്‍ക്കു മറുപടിയായി, യുഎസിനെ ചാരമാക്കുമെന്നും ജപ്പാനെ കടലില്‍ മുക്കുമെന്നും ഉത്തര കൊറിയ പ്രതികരിച്ചു. പ്രതികരണത്തിനു പിന്നാലെയാണ് ജപ്പാനു മുകളിലൂടെ രണ്ടാമതും മിസൈല്‍ വിക്ഷേപിച്ചത്.
അതേസമയം ഉത്തര കൊറിയയ്‌ക്കെതിരായ പ്രകോപനം യുഎസ് അവസാനിപ്പിക്കണമെന്ന ആവശ്യവുമായി ചൈന രംഗത്തെത്തിയിട്ടുണ്ട്.