| Thursday, 2nd January 2020, 10:18 am

റിപ്പബ്ലിക് ദിന പരേഡില്‍ നിന്നും പശ്ചിമ ബംഗാളിന്റെ ടാബ്ലോ ഒഴിവാക്കി പ്രതിരോധ മന്ത്രാലയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: ജനുവരി 26ലെ റിപ്പബ്ലിക് ദിന പരേഡില്‍ നിന്നും പശ്ചിമ ബംഗാളില്‍ നിന്നുള്ള ടാബ്ലോ ഒഴിവാക്കി. റിപ്പബ്ലിക് ദിന പരിപാടികളില്‍ വിവിധ സംസ്ഥാനങ്ങളുടെയും വകുപ്പുകളുടെയും ടാബ്ലോകള്‍ ഉണ്ടായിരിക്കും.

വിവിധ സംസ്ഥാനങ്ങള്‍, കേന്ദ്രഭരണ പ്രദേശങ്ങള്‍, മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ വകുപ്പുകള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്ന 16 ടാബ്ലോകള്‍ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്. 56 അപേക്ഷകളായിരുന്നു റിപ്പബ്ലിക് ദിന പരേഡിലെ ടാബ്ലോകള്‍ അവതരിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ എത്തിയിരുന്നത്.

പ്രതിരോധ വകുപ്പാണ് അപേക്ഷകള്‍ പരിശോധിച്ച് തെരഞ്ഞെടുപ്പ് നടത്തിയത്. വിദഗ്ദ്ധ സമിതിയാണ് അപേക്ഷകള്‍ പരിശോധിച്ച് ടാബ്ലോകള്‍ തെരഞ്ഞെടുത്തതെന്ന് പ്രതിരോധ മന്ത്രാലയം ഇറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. ടാബ്ലോകളുടെ ആശയവും ഡിസൈനും ആണ് വിദഗ്ദ്ധര്‍ വിലയിരുത്തിയതെന്നും സമയപരിധി മൂലം ടാബ്ലോകള്‍ ഒഴിവാക്കിയിട്ടുണ്ടെന്നും പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പൊന്നും ബംഗാള്‍ സര്‍ക്കാരിന് ലഭിച്ചിട്ടെല്ലെന്ന് സംസ്ഥാനത്തെ ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി പറയുന്നു. ബംഗാളിലെ വികസന പ്രവര്‍ത്തനങ്ങള്‍, ജലസമ്പത്ത് സംരക്ഷിക്കുന്നതിനുള്ള മാതൃകകള്‍ തുടങ്ങിയ കാര്യങ്ങളാണ് ടാബ്ലോക്ക് വിഷയമാക്കിയിരുന്നതെന്നും റിപ്പബ്ലിക് ദിന പരേഡില്‍ അവതരിപ്പിക്കാന്‍ അവസരം ലഭിക്കുമെന്നാണ് കരുതിയിരുന്നതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞതായി എന്‍.ഡി.ടി.വി പറയുന്നു.

മമത ബാനര്‍ജിയും ബി.ജെ.പി കേന്ദ്ര സര്‍ക്കാരും തമ്മില്‍ വിവിധ വിഷയങ്ങളില്‍ അഭിപ്രായവ്യത്യാസങ്ങള്‍ തുടക്കം മുതലേ നിലനില്‍ക്കുന്നുണ്ട്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ വലിയ പ്രക്ഷോഭങ്ങളാണ് ബംഗാളില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ നടത്തി വരുന്നത്. ബംഗാളില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കില്ലെന്ന് മമത പ്രഖ്യാപിച്ചിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

റിപ്പബ്ലിക് ദിന പരേഡില്‍ നിന്നും പശ്ചിമ ബംഗാളിന്റെ ടാബ്ലോ ഒഴിവാക്കിയത് കേന്ദ്രവും പശ്ചിമ ബംഗാളും വീണ്ടും കൊമ്പുകോര്‍ക്കാന്‍ സാഹചര്യമൊരുക്കിയേക്കാം.

DoolNews Video

We use cookies to give you the best possible experience. Learn more