മാറക്കാന: തുടര്‍ച്ചയായ രണ്ടാം തോല്‍വിയോടെ ലോകചാമ്പ്യന്മാരായ സ്‌പെയിന്‍ ലോകക്കപ്പില്‍ നിന്നും പുറത്ത്. ഹോളണ്ടിന് പിന്നാലെ ചിലിയോടും തോറ്റതോടെയാണ് സ്‌പെയിന്‍ പ്രീക്വര്‍ട്ടര്‍ കാണാതെ പുറത്തായത്. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ചിലിയുടെ വിജയം. ഇതോടെ ഓസ്‌ട്രേലിയ കൂടി അടങ്ങുന്ന ഗ്രൂപ്പ് ബിയില്‍ നിന്നും ഹോളണ്ടും ചിലിയും രണ്ടാം റൗണ്ടിലെത്തി. അവസാന മത്സരത്തില്‍ ഓസീസിനെ തോല്‍പ്പിച്ചാലും സ്‌പെയിനിന് രക്ഷയില്ല.
കളിച്ച രണ്ട് മത്സരങ്ങളും തോറ്റ ഓസീസിനൊപ്പം സ്‌പെയിനും ആദ്യറൗണ്ടില്‍ തന്നെ ഇടറിവീണ് ലോകക്കപ്പിന് പുറത്തേക്ക്. ഹോളണ്ടില്‍ നിന്നേറ്റ നാണക്കേടില്‍ നിന്ന് പൂര്‍ണമായും മുക്തരായിട്ടില്ലെന്ന് വിളിച്ചോതുന്നതായിരുന്നു മാറക്കാനയിലെ സ്‌പെയിനിന്റെ പ്രകടനം. ടിക്കി ടാക്കയുടെ മാസ്മരിക സൗന്ദര്യത്താല്‍ യൂറോപ്പും ലോകവും കാല്‍ക്കീഴിലാക്കിയ സ്പാനിഷ് നിര അമ്പേ പരാജയപ്പെടുന്നതാണ് മാറക്കാനയില്‍ ഫുട്‌ബോള്‍ പ്രേമികള്‍ കണ്ടത്.
ഇരുപതാം മിനിറ്റിലായിരുന്നു ചിലിയുടെ ആദ്യ ഗോള്‍ പിറന്നത്. വലന്‍സിയക്ക് കളിക്കുന്ന എഡ്വാര്‍ഡോ വര്‍ഗാസാണ് കസീയസിന്റെ പോസ്റ്റില്‍ ആദ്യ ഗോള്‍ നിക്ഷേപിച്ചത്. മിഡ് ഫീല്‍ഡില്‍ പ്ലെമേക്കര്‍ അലക്‌സി സാഞ്ചസും ആര്‍ട്ടൂറോ വിഡാലും നടത്തിയ ഭാവനാ സമ്പന്നമായ നീക്കമാണ് ഗോളില്‍ കലാശിച്ചത്. മധ്യവരക്കടുത്ത് നിന്ന് സ്‌പെയിന്‍ താരത്തിന്റെ മിസ് പാസ് സ്വീകരിച്ച് ചിലിയുടെ മുന്നേറ്റം.
മൂന്ന് നാല് പാസുകളിലൂടെ പന്ത് സ്പാനിഷ് പെനാല്‍റ്റി ബോക്‌സില്‍ ചാള്‍സ് അരാന്‍ഗ്യൂസിന്റെ കാലില്‍. അരാന്‍ഗ്യൂസ് ബോള്‍ വര്‍ഗാസിന് കൈമാറി. ഒരു ചെറു സ്പര്‍ശനത്താല്‍ കസീയസിനെ കബളിപ്പിച്ച് വര്‍ഗാസ് നിലത്ത് വീണ് കിടന്ന് പന്ത് വലയിലേക്ക് തട്ടിയിട്ടു. ചിലി-1 സ്‌പെയിന്‍-0. ആദ്യപകുതി തീരാന്‍ രണ്ട് മിനിറ്റ് ബാക്കി നില്‍ക്കുമ്പോഴാണ് സ്പാനിഷ് പോസ്റ്റില്‍ ചിലി രണ്ടാമത്തെ ഗോളടിച്ച് കയറ്റുന്നത്. പെനാല്‍റ്റി ബോക്‌സിന് പുറത്ത് നിന്ന് ലഭിച്ച ഫ്രീകിക്കില്‍ നിന്നായിരുന്നു ഗോള്‍ പിറന്നത്.
കസീയസിന്റെ പിഴവും ഗോള്‍ വീഴുന്നതിന് കാരണമായി. ചിലിയുടെ ഏഴാം നമ്പര്‍ താരമെടുത്ത കിക്ക് കസീയസിന് നേരേക്ക്. വശത്തേക്കോ പുറത്തേക്കോ തട്ടിയകറ്റുന്നതിന് പകരം കസീയസ് ബോള്‍ തട്ടിയിട്ടത് പെനാല്‍റ്റി ബോക്‌സില്‍ ഊഴം കാത്തു നിന്നിരുന്ന ചാള്‍സ് അരാന്‍ഗ്യൂസിന്റെ കാലിന് മുന്നിലേക്ക്. ചിലിയുടെ ഇരുപതാം നമ്പര്‍ താരത്തിന്റെ ചിപ്പ് ഷോട്ട് ഡൈവ് ചെയ്ത കസീയസിന് പിടികൊടുക്കാതെ സ്പാനിഷ് വലയില്‍. ചിലി-2 സ്‌പെയിന്‍-0.