തൃശൂര്‍: കൊടകര കുഴല്‍പ്പണ കവര്‍ച്ച കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷകള്‍ തള്ളി. ഒന്നാം പ്രതി മുഹമ്മദ് അലി, മൂന്നാം പ്രതി രഞ്ജിത്, നാലാം പ്രതി ദീപക്, പതിനൊന്നാം പ്രതി ഷുക്കൂര്‍, മറ്റൊരു പ്രതിയായ റഹീം എന്നിവരുടെ ജാമ്യാപേക്ഷയാണ് തൃശ്ശൂര്‍ ജില്ലാ സെഷന്‍സ് കോടതി തള്ളിയത്.
നേരത്തെ പ്രതികള്‍ക്ക് വലിയ തോതിലുള്ള പ്രതിഫലം ലഭിച്ചു എന്ന കാര്യം പോലീസ് കണ്ടെത്തിയിരുന്നു.
തുടര്‍ന്ന് കേസിലെ പ്രതി മാര്‍ട്ടിന്റെ അമ്മ അന്വേഷണ സംഘത്തിനു മുന്നില്‍ സ്വര്‍ണം ഹാജരാക്കിയിരുന്നു. കവര്‍ച്ചാ പണം ഉപയോഗിച്ച് വാങ്ങിയ സ്വര്‍ണമാണ് ഹാജരാക്കിയത്. അഞ്ച് ലക്ഷം രൂപയോളം വിലമതിക്കുന്ന 13.76 പവന്‍ സ്വര്‍ണമാണ് പ്രതിയുടെ അമ്മ അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാക്കിയത്.
അതേസമയം, കൊടകര കുഴല്‍പ്പണ കേസില്‍ ബി.ജെ.പി നേതൃത്വത്തിനെതിരെ കൂടുതല്‍ തെളിവുകള്‍ ലഭിച്ചതായി അന്വേഷണ സംഘം വ്യക്തമാക്കി.
കുഴല്‍പ്പണ കവര്‍ച്ചാ സംഘത്തിന് തൃശ്ശൂരില്‍ താമസ സൗകര്യമൊരുക്കി നല്‍കിയത് തൃശ്ശൂര്‍ ജില്ലാ നേതൃത്വമാണെന്ന് മുറി ബുക്ക് ചെയ്ത ഹോട്ടലിലെ ജീവനക്കാരന്‍ പൊലീസിന് മൊഴി നല്‍കി.
ഏപ്രില്‍ 2ന് വൈകീട്ട് ഹോട്ടല്‍ നാഷണല്‍ ടൂറിസ്റ്റ് ഹോമിലാണ് ഇവര്‍ക്ക് മുറി ബുക്ക് ചെയ്തത്. 215, 216 നമ്പര്‍ മുറികളാണ് ബുക്ക് ചെയ്തത്. 215 നാം നമ്പര്‍ മുറിയില്‍ ധര്‍മരാജനും 216ാം നമ്പര്‍ മുറിയില്‍ ഷംജീറും റഷീദും താമസിച്ചെന്നുമാണ് ഹോട്ടല്‍ ജീവനക്കാരന്റെ മൊഴി.