ന്യൂദല്‍ഹി: 2017 മുതലുള്ള എല്ലാ റിപ്പോര്‍ട്ടുകളും പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ നിന്ന് നീക്കം ചെയ്ത് കേന്ദ്രസര്‍ക്കാര്‍. അതിര്‍ത്തിയിലെ ചൈനീസ് കടന്നുകയറ്റമുള്‍പ്പെടെയുള്ള റിപ്പോര്‍ട്ടുകളാണ് നീക്കം ചെയ്തത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന വിവാദമായതിനെ തുടര്‍ന്ന് ജൂണിലെ പ്രതിമാസ റിപ്പോര്‍ട്ട് പ്രതിരോധ മന്ത്രാലയം ഓഗസ്റ്റില്‍ നീക്കം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് 2017 മുതലുള്ള എല്ലാ റിപ്പോര്‍ട്ടുകളും നീക്കിയിരിക്കുന്നത്.
2017-ലെ ദോക്‌ലാം പ്രതിസന്ധിയുടെ കാലത്തെ റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടെയാണ് ഇപ്പോള്‍ പ്രതിരോധമന്ത്രാലയം വെബ്‌സൈറ്റില്‍നിന്ന് ഒഴിവാക്കിയിരിക്കുന്നത്. എന്നാല്‍ പഴയ റിപ്പോര്‍ട്ടുകള്‍ അധികം താമസിയാതെ ഒക്ടോബറില്‍ തന്നെ വെബ്സൈറ്റില്‍ വരുമെന്ന് മന്ത്രാലയം അറിയിച്ചതായി ഇന്ത്യന്‍ എക്സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
മന്ത്രാലയത്തിന്റെ വിവിധ വകുപ്പുകളില്‍നിന്നു ലഭിക്കുന്ന വിവരങ്ങള്‍ ക്രോഡീകരിച്ച് കൂടുതല്‍ സമഗ്രമാക്കാനാണ് റിപ്പോര്‍ട്ടുകള്‍ നീക്കം ചെയ്തതെന്നാണ് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്.
ചൈനീസ് കടന്നുകയറ്റം വിവാദമായതിനു പിന്നാലെ ഇതേക്കുറിച്ചു പ്രതിപാദിക്കുന്ന ജൂണിലെ റിപ്പോര്‍ട്ട് ഓഗസ്റ്റില്‍ നീക്കം ചെയ്തിരുന്നു. ‘യഥാര്‍ഥ നിയന്ത്രണ രേഖയിലും ഗാല്‍വന്‍ താഴ്വരയിലും മേയ് 5 മുതല്‍ ചൈനീസ് കടന്നുകയറ്റം രൂക്ഷമാണ്’ മേയ് 17, 18 തീയതികളില്‍ കുഗ്രാംഗ് നള, ഗോഗ്ര, പാംഗോങ് തടാകത്തിന്റെ വടക്കന്‍ തീരം എന്നിവിടങ്ങളിലും ചൈന നിലയുറപ്പിച്ചു തുടങ്ങി പല കാര്യങ്ങളും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
അതേസമയം അതിര്‍ത്തി പ്രശ്‌നത്തില്‍ കേന്ദ്രസര്‍ക്കാരിനെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി തുടര്‍ച്ചയായി രംഗത്തെത്തിയിരുന്നു. അഞ്ചു മാസമായി ഇന്ത്യന്‍ മണ്ണിലുള്ള ചൈനീസ് സാന്നിധ്യത്തെ പറ്റി മോദി നിശബ്ദനാണെന്ന് രാഹുല്‍ പറഞ്ഞിരുന്നു. പ്രധാനമന്ത്രി ഒരു ഭീരുവാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
കോണ്‍ഗ്രസ് ആയിരുന്നു അധികാരത്തിലെങ്കില്‍ അതിര്‍ത്തിയില്‍ നിന്നും 100 കിലോമീറ്റര്‍ ദൂരത്ത് ചൈനയെ നിര്‍ത്തിയേനെയെന്നും രാഹുല്‍ പറഞ്ഞിരുന്നു.
‘ നമ്മുടെ ഭൂമി ആരും എടുത്തിട്ടില്ലെന്ന് ഭീരുവായ പ്രധാനമന്ത്രി പറയുന്നു. എന്നാല്‍ ഇന്ന് സ്വന്തം ഭൂമി മറ്റൊരു രാജ്യം ഏറ്റെടുത്ത ഒരു രാജ്യമേ ലോകത്തുള്ളൂ. പ്രധാനമന്ത്രി എന്നിട്ട് സ്വയം ദേശഭക്തന്‍ എന്നു വിളിക്കുന്നു. ഞങ്ങള്‍ അധികാരത്തിലായിരുന്നെങ്കില്‍ അതിര്‍ത്തിയില്‍ നിന്ന് 100 കിലോ മീറ്റര്‍ അകലേക്ക് 15 മിനുട്ടിനുള്ളില്‍ ചൈനയെ പുറത്താക്കുമായിരുന്നു,’ രാഹുല്‍ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക