റാഫേലില്‍ കേന്ദ്രം വീണ്ടും വെട്ടില്‍; കരാറിനെ പ്രതിരോധ വകുപ്പിലെ ഉദ്യോഗസ്ഥര്‍ എതിര്‍ത്തിരുന്നെന്ന് റിപ്പോര്‍ട്ട്
national news
റാഫേലില്‍ കേന്ദ്രം വീണ്ടും വെട്ടില്‍; കരാറിനെ പ്രതിരോധ വകുപ്പിലെ ഉദ്യോഗസ്ഥര്‍ എതിര്‍ത്തിരുന്നെന്ന് റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 27th September 2018, 12:16 pm

ന്യൂദല്‍ഹി: റാഫേല്‍ കരാറില്‍ കേന്ദ്രസര്‍ക്കാരിനെ വെട്ടിലാക്കി പുതിയ റിപ്പോര്‍ട്ട്. ഫ്രാന്‍സില്‍ നിന്ന് യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള തീരുമാനത്തെ പ്രതിരോധമന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥന്‍ എതിര്‍ത്തിരുന്നതായാണ് റിപ്പോര്‍ട്ട്.

പ്രതിരോധമന്ത്രിയായിരുന്ന മനോഹര്‍ പരീക്കറും ഫ്രഞ്ച് പ്രതിരോധമന്ത്രിയും തമ്മില്‍ കരാര്‍ ഒപ്പിടുന്നതിന് ഒരു മാസം മുന്‍പ് കോണ്‍ട്രാക്ട് നെഗൊസിയേഷന്‍സ് കമ്മിറ്റി (സിഎന്‍സി) അംഗമായിരുന്ന ഉദ്യോഗസ്ഥന്‍ വിയോജനക്കുറിപ്പ് എഴുതിയിരുന്നുവെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

26 റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനുള്ള കരാറില്‍ കാണിച്ചിരുന്ന അടിസ്ഥാന വിലയിലും കൂടുതലാണ് 36 വിമാനങ്ങള്‍ക്ക് കാണിച്ചിരുന്നത് ഇത് ചൂണ്ടിക്കാട്ടിയാണ്
ജോയിന്റ് സെക്രട്ടറി ആന്‍ഡ് അക്വിസിഷന്‍ മാനേജര്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള തീരുമാനത്തെ എതിര്‍ത്തത്.

മന്ത്രിസഭാ അംഗീകാരം ലഭിക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ നടപ്പാക്കേണ്ട ഉദ്യോഗസ്ഥന്‍ തന്നെ എതിര്‍പ്പുയര്‍ത്തിയതോടെ തുടര്‍നടപടികളിലും വീഴചയുണ്ടായി. മന്ത്രിസഭയുടെ അംഗീകാരം ലഭിക്കുന്നതില്‍ കാലതാമസം ഉണ്ടാകുകയും ചെയ്തു. എന്നാല്‍ പിന്നീട് പ്രതിരോധമന്ത്രാലയത്തിലെ മറ്റൊരു ഉദ്യോഗസ്ഥന്‍ ഈ നിലപാടുകള്‍ തള്ളി ഒപ്പിട്ടതോടെയാണ് കരാര്‍ മുന്നോട്ടുപോയതെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

റാഫേല്‍ കരാറുമായി ബന്ധപ്പെട്ട് ഫ്രഞ്ച് മുന്‍ പ്രസിഡന്റിന്റെ വെളിപ്പെടുത്തലുകള്‍ തള്ളാതെ ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണ്‍ ഇന്നലെ രംഗത്തെത്തിയിരുന്നു. ആ സമയത്ത് താന്‍ അധികാരത്തിലുണ്ടായിരുന്നില്ല എന്നാണ് ആരോപണങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് മാക്രോണ്‍ പ്രതികരിച്ചത്.

റാഫേലില്‍ ദസോള്‍ട്ടിന്റെ പങ്കാളിയായി റിലയന്‍സ് ഡിഫന്‍സിനെ നിര്‍ദേശിച്ചത് ഭാരത സര്‍ക്കാറായിരുന്നോ എന്നായിരുന്നു അദ്ദേഹത്തോട് എന്‍.ഡി.ടി.വി ചോദിച്ചത്. ” ആസമയത്ത് ഞാന്‍ ചുമതലയിലുണ്ടായിരുന്നില്ല. പക്ഷേ ഒന്നെനിക്ക് വ്യക്തമായി അറിയാം. അതൊരു സര്‍ക്കാര്‍-സര്‍ക്കാര്‍ ചര്‍ച്ചയായിരുന്നു.” എന്നാണ് ആരോപണം തള്ളാതെ മാക്രോണ്‍ പറഞ്ഞത്.

റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് കേന്ദ്ര വിജിലന്‍സ് കമ്മിറ്റിയും കംട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലും അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തുവന്നിരുന്നു. ഇടപാടില്‍ ക്രമക്കേടുകള്‍ ആരോപിച്ച് പ്രതിപക്ഷം നേരത്തെ രംഗത്തുവന്നിരുന്നു.

ഇടപാടില്‍ പങ്കാളിയായി അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പിന്റെ പേരു നിര്‍ദേശിച്ചത് ഭാരത സര്‍ക്കാറാണെന്ന് സെപ്റ്റംബര്‍ 21ന് ഫ്രഞ്ച് മുന്‍ പ്രസിഡന്റ് ഹോളണ്ടെ ഒരു ഫ്രഞ്ച് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഇത് വലിയ വിവാദമായ സാഹചര്യത്തിലാണ് മാക്രോണിന്റെ പ്രതികരണം.

2015 ലെ പാരിസ് സന്ദര്‍ശനവേളയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 36 യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനെക്കുറിച്ച് പ്രഖ്യാപനം നടത്തിയത്. പിന്നീട് 2016 ല്‍ മനോഹര്‍ പരീക്കറും ഫ്രഞ്ച് മന്ത്രിയും കരാറില്‍ ഒപ്പുവച്ചു.