| Thursday, 9th December 2021, 12:15 pm

ഹെലികോപ്റ്റര്‍ പുറപ്പെട്ടത് 11.48 ന് വെല്ലിങ്ടണില്‍ എത്തേണ്ടിയിരുന്നത് 12.15 ന്; അപകടത്തെക്കുറിച്ച് പ്രതിരോധമന്ത്രി പാര്‍ലമെന്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് അടക്കമുള്ള സൈനിക ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ട ഹെലികോപ്റ്റര്‍ അപകടം സംയുക്ത സേനാ സംഘം അന്വേഷിക്കുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. എയര്‍മാര്‍ഷല്‍ മാനവേന്ദ്ര സിംഗ് അന്വേഷണത്തിന് നേതൃത്വം നല്‍കുമെന്നും പ്രതിരോധമന്ത്രി പറഞ്ഞു. ജനറല്‍ ബിപിന്‍ റാവത്തിന്റെ അപകടമരണത്തില്‍ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തുകയായിരുന്നു രാജ്നാഥ് സിംഗ്.

11.48 ന് സുലൂര്‍ വ്യോമതാവളത്തില്‍ നിന്നാണ് ഹെലികോപ്റ്റര്‍ യാത്ര പുറപ്പെട്ടതെന്നും 12.15 ന് പരിപാടി നടക്കുന്ന വെല്ലിങ്ടണില്‍ എത്തേണ്ടതായിരുന്നെന്നും എന്നാല്‍ 12.08 ന് ഹെലികോപ്റ്ററിന് എ.ടി.എസുമായുള്ള ബന്ധം നഷ്ടമായെന്നും മന്ത്രി പറഞ്ഞു.

അപകടത്തില്‍ മരിച്ച എല്ലാ സൈനികരുടേയും മൃതദേഹം ദല്‍ഹിയിലെത്തിക്കുമെന്നും സൈനിക ബഹുമതികളോടെ ജനറല്‍ ബിപിന്‍ റാവത്ത് അടക്കമുള്ളവരുടെ മൃതദേഹം സംസ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അപകടത്തില്‍ ഹെലികോപ്റ്ററിലുണ്ടായിരുന്ന 14 പേരില്‍ 13 പേരും മരിച്ചിരുന്നു. ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ് മാത്രമാണ് രക്ഷപ്പെട്ടത്. ഇദ്ദേഹത്തിന്റെ ആരോഗ്യനില അതീവഗുരുതരമാണ്. അദ്ദേഹം കര്‍ശന നിരീക്ഷണത്തിലാണ്. ആവശ്യമെങ്കില്‍ സൈനിക ആശുപത്രിയിലേക്ക് മാറ്റുമെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു. ബിപിന്‍ റാവത്തിന്റേയും സൈനിക ഉദ്യോഗസ്ഥരുടേയും മരണത്തില്‍ ലോക്സഭയും രാജ്യസഭയും അനുശോചിച്ചു.

We use cookies to give you the best possible experience. Learn more