കൊച്ചി: ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ പ്രതികള്‍ക്കെതിരെയുള്ള ശിക്ഷാവിധിയ്ക്കെതിരെ പ്രതിഭാഗം അഭിഭാഷകന്‍ പ്രതാപചന്ദ്രന്‍ പിള്ള. ഒരു അഭിഭാഷകനെന്ന നിലയില്‍ കേസ് പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ ശിക്ഷപോലും നിലനില്‍ക്കാത്ത കേസാണിതെന്നാണ് തനിക്കു മനസിലായത് എന്ന് പ്രതാപചന്ദ്രന്‍ പറഞ്ഞു.
എന്നാല്‍ കോടതി എങ്ങനെ പ്രതികള്‍ക്ക് വധശിക്ഷയുള്‍പ്പെടെ വിധിക്കുന്ന നിലപാടിലെത്തിയെന്നത് അറിയില്ലെന്നും പ്രതാപചന്ദ്രന്‍ പിള്ള പറഞ്ഞു. മാതൃഭൂമി ന്യൂസിനോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അംഗീകൃതമായ നടപടിക്രമങ്ങളിലൂടെ കോടതി നടപടിയെ ചോദ്യം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
“കൊലയ്ക്ക് കാരണമായ കാര്യങ്ങളെക്കുറിച്ച് ചില സാഹചര്യങ്ങള്‍ മാത്രമേ കോടതിയിലുള്ളൂ. വസ്തുത നന്നായിട്ട് വായിക്കാഞ്ഞിട്ടായിരിക്കാം, അല്ലെങ്കില്‍ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതായിരിക്കാം, ലോക്കപ്പില്‍ വെച്ചു മര്‍ദ്ദനം നടന്നുവെന്നുപറയുന്ന ഒരു കഥ, കോടതിക്കോ അല്ലെങ്കില്‍ സി.ബി.ഐക്കോ അന്വേഷണ ഏജന്‍സിക്കോ ഇല്ല” എന്ന് അദ്ദേഹം പറഞ്ഞു.
പിന്നെങ്ങനെയാണ് കോടതി വധശിക്ഷയെന്ന നിഗമനത്തില്‍ എത്തിയതെന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ” ഒരു കാര്യം ചെയ്യൂ നിങ്ങള്‍ ജഡ്ജ്‌മെന്റ് ഒന്ന് വായിച്ചുനോക്കൂ. എങ്ങനെയാണ് കോടതി വിധശിക്ഷയിലേക്ക് നീങ്ങിയതെന്ന് എനിക്കും മനസിലായിട്ടില്ല. ” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
“എങ്ങനെയാണ് കോടതി ഈ നിഗമനത്തില്‍ എത്തിയതെന്ന് വിധിപ്രസ്താവം വായിച്ചിട്ടു മാത്രമേ പഠിക്കാനാവൂ. ഇതുവരെ ഞാനങ്ങനെ കേട്ടിട്ടില്ല, കണ്ടിട്ടില്ല, അറിഞ്ഞിട്ടില്ല ഇത്തരം കേസുകളില്‍ വധശിക്ഷ വന്നതായിട്ട് എന്നും അഭിഭാഷകന്‍ പറഞ്ഞു.
അതേസമയം ശ്രീകണ്ഠേശ്വരം ഭാഗത്തുനിന്നും കൊല്ലപ്പെട്ടയാളെയും മറ്റൊരാളെയും പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു എന്നുപറയുന്നത് പ്രോസിക്യൂഷനില്‍ മൂന്ന് ഏജന്‍സികള്‍ അന്വേഷിച്ചത് മൂന്ന് സമയത്താണ്. ആദ്യത്തെ അന്വേഷണ ഏജന്‍സി നാലരമണിക്കാണെന്നു പറയുന്നു, രണ്ടാമത്തെ അന്വേഷണ ഏജന്‍സി രണ്ടരമണിക്കാണെന്ന് പറയുന്നു. സി.ബി.ഐ പറയുന്നു രണ്ടരമണിക്കാണെന്ന്.
ALSO READ: കുമ്പസാര രഹസ്യം പരസ്യപ്പെടുത്തുമെന്ന പറഞ്ഞ് പീഡനം: ഫാ. ജോബ് മാത്യുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു
ഇതിനെയൊക്കെ അതിജീവിക്കാന്‍ തക്കവണം തെളിവുകളുണ്ടെന്നാണ് കോടതി കണ്ടെത്തിയിട്ടുണ്ട് എന്നാണ് ഞാന്‍ മനസിലാക്കുന്നത് എന്നു പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞു.
രണ്ടാമത്, ശാസ്ത്രീയമായ തെളിവുകളൊന്നും തന്നെ നേരിട്ടുള്ള സാക്ഷികളുടേതല്ല. ഇന്നലത്തന്നെ എന്നോടു ചോദിച്ചു ഉരുട്ടാന്‍ ഉപയോഗിച്ച വടി കണ്ടെത്തിയല്ലോയെന്ന്. തിരിച്ചറിഞ്ഞല്ലോയെന്ന്. ആര്‍ക്കു തിരിച്ചറിയാനാവും.
ദൃക്സാക്ഷിക്കുമാത്രമേ തിരിച്ചറിയാനാവൂ, അതിനകത്ത് രക്തമുണ്ടോ, ഉരുട്ടലിനെ ന്യായീകരിക്കത്തക്ക എന്തെങ്കിലും കണ്ടെത്തിയോ, അല്ലെങ്കില്‍ ഇതേപോലുള്ള ഒരാളെ ഇതുപയോഗിച്ച് ഉരുട്ടാന്‍ പറ്റുമോ അങ്ങനെ ഉരുട്ടിയാല്‍ ഇപ്രകാരമുള്ള പരിക്കുകള്‍ ഉണ്ടാവുമോ ഈ പറയുന്ന കാര്യങ്ങള്‍ മാത്രമേ ഒരു ഡോക്ടര്‍ക്കോ ഒക്കെ പറയാന്‍ പറ്റൂ. അവരാരും ദൃക്സാക്ഷികളല്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.