| Thursday, 22nd August 2019, 12:09 pm

'ഞാനൊരു ക്രിമിനല്‍ അഭിഭാഷകനാണ്, സോഷ്യല്‍ സയന്റിസ്റ്റല്ല'; ദുരഭിമാനക്കൊലയെ എങ്ങനെ ന്യായീകരിക്കാനാകുമെന്ന ചോദ്യത്തിന് പ്രതിഭാഗം അഭിഭാഷന്റെ മറുപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: കെവിന്‍ വധക്കേസിലെ 10 പ്രതികളും കുറ്റക്കാര്‍ എന്ന് വ്യക്തമാക്കിക്കൊണ്ടുള്ള കോട്ടയം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിക്കെതിരെ മേല്‍ക്കോടതിയിയില്‍ അപ്പീല്‍ പോകുമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ശാസ്തമംഗലം അജിത്.

പ്രതിഭാഗം മുന്നോട്ടുവെച്ച വാദങ്ങളില്‍ ഒരു പിഴവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കേസിനകത്ത് നമ്മള്‍ മുന്നോട്ടുവെച്ച കാര്യങ്ങളില്‍ അനുകൂലമായും പ്രതികൂലമായും വിധി വരാം. ജഡ്ജ്‌മെന്റിനകത്ത് പിഴവുണ്ടായോ എന്ന് അപ്പീല്‍ കോടതി പരിശോധിക്കേണ്ട കാര്യമാണ്. പ്രതിയ്ക്ക് അപ്പീല്‍ കൊടുക്കാന്‍ അവകാശമുണ്ട്. അപ്പീലുമായി മുന്നോട്ടുപോകാനാണ് തീരുമാനം. – അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കേരളത്തിലെ ആദ്യത്തെ ദുരഭിമാനക്കൊലയായി കോടതി ഈ കേസിനെ പരിഗണിച്ചിരിക്കുന്നു. ഇതിനെ താങ്കള്‍ എങ്ങനെ കാണുന്നു എന്ന ചോദ്യത്തിന് കോടതിയുടെ ആ കണ്ടെത്തലിനെ ചോദ്യം ചെയ്യുമെന്നായിരുന്നു അഭിഭാഷകന്റെ പ്രതികരണം.

‘ഒരു കോടതി ഉത്തരവ് തന്നുകഴിഞ്ഞാല്‍ ആ ഉത്തരവിനെതിരെ മേല്‍ക്കോടതിയെ സമീപിക്കാന്‍ ഏതൊരു പ്രതിയ്ക്കും അവകാശമുണ്ട്. അതാണ് നടക്കേണ്ടത്. നമ്മള്‍ ജനാധിപത്യ സംവിധാനത്തിലല്ലേ നില്‍ക്കുന്നതെന്നും’ അദ്ദേഹം ചോദിച്ചു.

ഇത്തരത്തിലൊരു ദുരഭിമാനക്കൊല മലയാളികള്‍ക്കിടയിലാണ് നടന്നിരിക്കുന്നത്. അതിനെ എങ്ങനെയാണ് ന്യായീകരിക്കാന്‍ കഴിയുക എന്ന ചോദ്യത്തിന് താനൊരു സോഷ്യല്‍ സയന്റിസ്റ്റ് അല്ലെന്നും ക്രിമിനല്‍ അഭിഭാഷകന്‍ ആണെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

‘ഞാനൊരു സോഷ്യല്‍ സയന്റിസ്റ്റല്ല. ഡിഫന്‍സ് ലോയറാണ്. ക്രിമിനല്‍ ലോയറാണ്. ഇതിന് മറുപടി പറയേണ്ട ബാധ്യത എനിക്കില്ല. എന്റെ ജോലി കോടതിയുടെ ഈ ഉത്തരവിനെതിരെ മേല്‍ക്കോടതിയില്‍ അപ്പീല്‍ കൊടുക്കുക എന്നതാണ്. തീര്‍ച്ചയായും അത് ചെയ്യും- അദ്ദേഹം പറഞ്ഞു.

കെവിന്‍ വധക്കേസിലെ 10 പ്രതികളും കുറ്റക്കാര്‍ എന്നാണ് കോട്ടയം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ വിധി. ഇവരുടെ ശിക്ഷാ വിധി മറ്റന്നാള്‍ പ്രഖ്യാപിക്കും. അതേസമയം അഞ്ചാം പ്രതിയായ നീനുവിന്റെ അച്ഛന്‍ ചാക്കോയെ കോടതി വെറുതെ വിട്ടിട്ടുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

നീനുവിന്റെ അച്ഛനെതിരെ ഗൂഢാലോചന കുറ്റമായിരുന്നു ചുമത്തിയത്. ചാക്കോയ്ക്ക് എതിരെയുള്ള കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നാണ് അറിഞ്ഞത്. 10 പ്രതികള്‍ക്കെതിരെയും ദുരഭിമാനക്കൊല പ്രകാരമുള്ള കുറ്റം ചുമത്തും.

സാനു ചാക്കോ, നിയാസ് മോരന്‍, ഇഷാന്‍ ഇസ്മയില്‍,റിയാസ്, മനു, ഷിഫിന്‍, നിഷാദ്, ഫസില്‍, ഷാനു ഷാജഹാന്‍ എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയിരിക്കുന്നത്. നിയാസ് തന്നെ ഫോണില്‍ വിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി കെവിന്‍ പറഞ്ഞിരുന്നുവെന്ന നീനുവിന്റെ മൊഴിയാണ് കേസില്‍ നിര്‍ണ്ണായകമായത്.

അപൂര്‍വ്വങ്ങളില്‍ അപൂര്‍വമായ കേസായാണ് കോടതി കേസ് പരിഗണിച്ചത്. പഴയ കേസുകളിലെ വിധികള്‍ പരിശോധിച്ചാണ് കോടതി ഈ നിഗമനത്തിലെത്തിയത്.
കെവിന്‍ വധം ദുരഭിമാനക്കൊലയാണോ എന്ന കാര്യത്തില്‍ പ്രോസിക്യൂഷന്റേയും പ്രതിഭാഗത്തിന്റേയും അഭിപ്രായം കോടതി കഴിഞ്ഞയാഴ്ച ആരാഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more