| Wednesday, 9th September 2020, 8:47 pm

'ഇടിവല്ല വളര്‍ച്ച'; പ്രതിരോധ മേഖലയിലെ കയറ്റുമതിയില്‍ രാജ്യത്ത് 700 ശതമാനം വളര്‍ച്ചയെന്ന് ബിപിന്‍ റാവത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ പ്രതിരോധ മേഖലയിലെ കയറ്റുമതിയില്‍ രാജ്യത്ത് 700 ശതമാനം വളര്‍ച്ചയുണ്ടായെന്ന് സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത്.

2016-2017 വര്‍ഷത്തില്‍ 1521 കോടിയായിരുന്ന വരുമാനം 2018-2019 വര്‍ഷത്തിലെത്തി നില്‍ക്കുമ്പോള്‍ 10745 കോടിയായെന്നും ബിപിന്‍ റാവത്ത് അവകാശപ്പെട്ടു. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി നടത്തിയ വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മിലിറ്ററി ആവശ്യങ്ങള്‍ക്കായി മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നതില്‍ നിന്ന് നാം മാറണമെന്നും ബിപിന്‍ റാവത്ത് കൂട്ടിച്ചേര്‍ത്തു.

ലോകത്ത് പ്രതിരോധ മേഖലയില്‍ ഏറ്റവും കൂടുതല്‍ പണം ചിലവഴിക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. നമ്മുടെ രാജ്യത്തിന്റെ ബജറ്റ് വിഹിതം പുനപരിശോധിക്കേണ്ട സമയമായിരിക്കുകയാണ്. ലോകത്തിലെ 9.2 ശതമാനം ആയുധം കയറ്റി അയക്കുന്നത് ഇന്ത്യയില്‍ നിന്നാണെന്നും ബിപിന്‍ റാവത്ത് പറഞ്ഞു.

2025 ആഗസ്‌തോടുകൂടി 175000 കോടി രൂപയുടെ പ്രതിരോധ ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യാനാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതുമായി ബന്ധപ്പെട്ട് പ്രതിരോധ മന്ത്രാലയം കരട് രേഖ പുറത്തിറക്കും. വരും ദശകങ്ങളില്‍ സൈനിക വികസനത്തിനും ഗവേഷണത്തിനുമായി പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം 2020-2021 എപ്രില്‍-ജൂണ്‍ പാദത്തില്‍ 23.9ശതമാനമായി ചുരുങ്ങിയെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ കണക്കുകള്‍ പുറത്തു വന്നിരുന്നു.

കൊറോണ് വൈറസ് പകര്‍ച്ചവ്യാധി വ്യാപനം നിയന്ത്രിക്കുന്നതിന് വേണ്ടിയുള്ള ലോക്ക്ഡൗണ്‍ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തെ പ്രതികൂലമായി ബാധിച്ചതിനാലാണ് ജി.ഡി.പി വളര്‍ച്ച നെഗറ്റീവിലേക്കെത്തിയതെന്നായിരുന്നു എന്‍.എസ്.ഒ വ്യക്തമാക്കിയത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Defence exports increased 700 in last three years

We use cookies to give you the best possible experience. Learn more