പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ തുടർച്ചയായി അഞ്ചാമതും കൂറുമാറ്റം. പതിനഞ്ചാം സാക്ഷി മെഹറുന്നീസയാണ് മൊഴിമാറ്റിയത്. പ്രോസിക്യൂഷൻ സാക്ഷി മെഹറുന്നീസ നേരത്തെ രഹസ്യമൊഴി നൽകിയിരുന്നു.
പത്താം സാക്ഷി ഉണ്ണികൃഷ്ണൻ, പതിനൊന്നാം സാക്ഷി ചന്ദ്രൻ, പന്ത്രണ്ടാം സാക്ഷി ഫോറസ്റ്റ് വാച്ചർ അനിൽ കുമാർ, പതിനാലാം സാക്ഷി എന്നീ പ്രോസിക്യൂഷൻ സാക്ഷികളാണ് നേരത്തെ കോടതിക്ക് മുന്നിൽ കൂറൂമാറിയവർ. ഇവരും രഹസ്യ മൊഴി നൽകിയവരാണ്.
പതിമൂന്നാം സാക്ഷി സുരേഷ് ആരോഗ്യ കാരണങ്ങളാൽ ആശുപത്രിയിലായതുകൊണ്ട് പീന്നീടായിരിക്കും വിസ്താരം നടക്കുക.
അതേസമയം വിസ്താരത്തിനിടെ മൊഴി മാറ്റിയ മധു കേസിലെ പന്ത്രണ്ടാം സാക്ഷിയായ അനിൽ കുമാറിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. മുക്കാലി ഫോറസ്റ്റ് സ്റ്റേഷനിലെ വാച്ചറായിരുന്നു അനിൽ കുമാർ.
കേസ് വിസ്താരം തുടങ്ങിയതിന് ശേഷം സാക്ഷികൾ നിരന്തരമായി കൂറുമാറുന്നത് മധുവിന്റെ കുടുബത്തിനെ നിരാശപ്പെടുത്തിയിട്ടുണ്ട്. പ്രതിഭാഗം സാക്ഷികളെ സ്വാധീനിക്കുന്നുണ്ടെന്നും, സാക്ഷികൾ കൂറുമാറാതിരിക്കാൻ പണം ആവശ്യപ്പെടുന്നുണ്ടെന്നും മധുവിന്റെ സഹോദരി നേരത്തെ ആരോപിച്ചിരുന്നു.
അട്ടപ്പാടിയിൽ കഴിയാൻ ഭീഷണി ഉണ്ടെന്ന് കാണിച്ചു മധുവിന്റെ കുടുംബം പാലക്കാട് എസ്.പിക്ക് പരാതി നൽകിയിരുന്നു. സാക്ഷികൾക്കും മധുവിന്റെ കുടുംബത്തിനും പൊലീസ് സംരക്ഷണം നൽകണമെന്ന് ജില്ലാ ജഡ്ജി അധ്യക്ഷനായ കമ്മിറ്റി ഉത്തരവും ഇട്ടിരുന്നു.
എന്നാൽ മണ്ണാർക്കാടേക്ക് താമസം മാറ്റാനാണ് തങ്ങളുടെ ആലോചനയെന്നും, ഭീഷണിയും പ്രലോഭനങ്ങളും ഭയന്നാണ് തീരുമാനമെന്നും മധുവിന്റെ കുടുംബം പറഞ്ഞു.
അഡ്വ. രാജേഷ് എം. മേനോനാണ് അട്ടപ്പാടി മധു കേസിലെ പുതിയ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ.
2018 ഫെബ്രുവരി 22നാണ് മധു ആൾക്കൂട്ട മർദനത്തിരയായി കൊല്ലപ്പെടുന്നത്. സംഭവത്തിൽ പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ 16 പ്രതികളാണുള്ളത്.
കേസിലെ പ്രധാന സാക്ഷിയെ സ്വാധീനിക്കാൻ ചിലർ ശ്രമിച്ചുവെന്നും രണ്ട് ലക്ഷം രൂപ വരെ വാഗ്ദാനം ചെയ്തുവെന്നും കുടുംബം നേരത്തെ ആരോപിച്ചിരുന്നു. സംഭവം നടന്ന് നാല് വർഷം പിന്നിട്ടിട്ടും വിചാരണ നടപടികൾ ആരംഭിക്കാത്ത സാഹചര്യത്തിലാണ് കുടുംബം മുന്നോട്ടുവന്നത്.