ഗ്രൂപ്പ് എഫിലെ രണ്ടാം റൗണ്ട് മത്സരത്തില്‍ അഫ്രിക്കന്‍ രാജ്യമായ മൊറോക്കോ ലോക റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തുള്ള യൂറോപ്യന്‍ കരുത്തരായ ബെല്‍ജിയത്തെ രണ്ട് ഗോളുകള്‍ക്കാണ് തകര്‍ത്തത്. മൊറോക്കോയുടെ 1998 ലോകകപ്പിന് ശേഷമുള്ള ആദ്യ ലോകകപ്പ് വിജയമാണിത്.
മത്സരം തോല്‍വിയില്‍ അവസാനിച്ചതിന് പിന്നാലെ റയല്‍ മാന്‍ഡ്രിന്റെ ബെല്‍ജിയം ഗോള്‍കീപ്പര്‍ തിബൗട്ട് കോര്‍ട്ടോയിസ് ദേഷ്യപ്പെട്ട് പുറത്തുപോകുന്ന വീഡിയോയാണ് ഈ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.
മത്സര ശേഷം ഡ്രസിങ് റൂമിലേക്ക് മടങ്ങുന്ന കോര്‍ട്ടോയിസ് ദേഷ്യമടക്കാനാകാതെ സബ്‌സ്റ്റിറ്റിയൂട്ടായി ഇറങ്ങുന്ന താരങ്ങള്‍ക്കായി തയ്യാറാക്കിയ ഇരിപ്പിടത്തില്‍ കൈകൊണ്ട് ഇടിക്കുന്നതാണ് വീഡിയോയിലുള്ളത്. ഗാലറിയിലുള്ള ആരാധകര്‍ കോര്‍ട്ടോയിസ് എന്ന് വിളിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം. ഇ.എസ്.പി.എന്‍ അടക്കമുള്ള ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.
പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് രണ്ടാം മത്സരത്തിന് ബെല്‍ജിയം ഇറങ്ങിയിരുന്നത്. എന്നാല്‍ ലോക രണ്ടാം റാങ്കുകാരെ പോയിന്റ് ടേബിളില്‍ നിന്ന് വലിച്ച് താഴെയിട്ട് മൊറോക്കോ ഒന്നാമതെത്തിയിരിക്കുകയാണ്.
വലിയ ടീമിനെ ചെറിയ ടീം പരാജയപ്പെടുത്തി എന്നതിനപ്പുറത്തേക്ക് തുല്യ ശക്തികള്‍ തമ്മില്‍ ഏറ്റുമുട്ടിയ പ്രതീതിയായിരുന്നു ബെല്‍ജിയം- മൊറോക്കോ മത്സരത്തില്‍ കണ്ടിരുന്നത്.
Thibaut Courtois was HEATED after Belgium’s 2-0 loss to Morocco 😮
(via @Saadalshatri_) pic.twitter.com/cxnq7o0H80
— ESPN FC (@ESPNFC) November 27, 2022
ഗോളിന് വേണ്ടി പത്ത് വീതം ശ്രമങ്ങളാണ് ഇരു ടീമുകളും നടത്തിയത്. മത്സരത്തിലുടനീളം ബെല്‍ജിയം ഗോള്‍ മുഖത്തെ വിറപ്പിക്കാന്‍ മൊറോക്കോക്ക് സാധിച്ചു. സമാനമായ ആക്രമണങ്ങള്‍ ബെല്‍ജിയവും നടത്തിയെങ്കിലും ഫലം കണ്ടില്ല.
പകരക്കാരായി ഗ്രൗണ്ടിലിറങ്ങിയ അബ്ദുല്‍ ഹമീദ് സാബിരിയും സകരിയ്യ അബൂഖ്‌ലാലുമാണ് മൊറോക്കോകായി ഗോള്‍ നേടിയത്. ഫ്രീകിക്കിലൂടെയായിരുന്നു ആദ്യ ഗോള്‍. 73ാം മിനിട്ടില്‍ ബെല്‍ജിയത്തിന്റെ ഫൗളില്‍നിന്ന് കിട്ടിയ ഫ്രീകിക്കെടുത്ത അബ്ദുല്‍ ഹമീദ് സാബിരി ബോക്‌സിന്റെ വലതു കോര്‍ണറില്‍നിന്ന് ബെല്‍ജിയം പോസ്റ്റിലേക്ക് ഷോട്ട് ഉതിര്‍ക്കുകയാരുന്നു. ഈ ലോകകപ്പിലെ ആദ്യത്തെ ഡയറക്ട് ഫ്രീകിക്ക് ഗോളായിരുന്നു ഇത്.
മത്സരത്തിന്റെ ഇഞ്ച്വറി സമയത്തായിരുന്നു രണ്ടാം ഗോള്‍ പിറന്നത്. സബ്റ്റിസ്റ്റ്യൂട്ടായി ഇറങ്ങിയ സകരിയ്യ അബൂഖ്‌ലാലിന്റെ അതിമനോഹരമായ വലങ്കാലന്‍ ഷോട്ട് വീണ്ടും ബെല്‍ജിയം വല കുലുക്കുകയായിരുന്നു.
Content Highlight: Defeated by Morocco; Belgium keeper Thibaut Courtois was furious