| Wednesday, 8th January 2025, 8:24 am

ബോര്‍ഡര്‍ - ഗവാസ്‌കര്‍ തോറ്റത് അംഗീകരിക്കാനാകും, എന്നാല്‍ ഒട്ടും സഹിക്കാന്‍ സാധിക്കാത്തത് ആ തോല്‍വി; തുറന്നടിച്ച് യുവരാജ്

സ്പോര്‍ട്സ് ഡെസ്‌ക്

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ ഇന്ത്യയുടെ പരാജയം അംഗീകരിക്കാന്‍ സാധിക്കുമെന്നും എന്നാല്‍ സ്വന്തം തട്ടകത്തില്‍ ന്യൂസിലാന്‍ഡിനെതിരായ പരമ്പര പരാജയപ്പെട്ടത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം യുവരാജ് സിങ്.

കാലങ്ങളായി ഓസ്‌ട്രേലിയ ഹോം ടെസ്റ്റുകളില്‍ സമഗ്രാധിപത്യം പുലര്‍ത്തുകയാണെന്ന് പറഞ്ഞ യുവരാജ് കഴിഞ്ഞ രണ്ട് പര്യടനത്തിലും ഇന്ത്യ വിജയിച്ചതിനാല്‍ ഈ പരാജയം അംഗീകരിക്കുന്നതായും കൂട്ടിച്ചേര്‍ത്തു.

പി.ടി.ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എന്നെ സംബന്ധിച്ച് സ്വന്തം തട്ടകത്തില്‍ ന്യൂസിലാന്‍ഡിനോട് പരമ്പര അടിയറവ് വെച്ചതാണ് കൂടുതല്‍ വേദനിപ്പിക്കുന്നതും അംഗീകരിക്കാന്‍ സാധിക്കാത്തതും. ഇതിന് മുമ്പ് നടന്ന രണ്ട് പര്യടനത്തിലും വിജയം സ്വന്തമാക്കിയതിനാല്‍ ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ പരാജയം അംഗീകരിക്കാന്‍ സാധിക്കും. കഴിഞ്ഞ കാലങ്ങളായി ഓസ്‌ട്രേലിയ ഹോം ടെസ്റ്റ് മത്സരങ്ങളില്‍ സമഗ്രാധിപത്യമാണ് പുലര്‍ത്തുന്നത്,’ യുവരാജ് പറഞ്ഞു.

ടെസ്റ്റ് ചരിത്രത്തില്‍ ഇന്ത്യയുടെ ഹോം ഗ്രൗണ്ട് ഡോമിനേഷന്‍ വെറും ചീട്ടുകൊട്ടാരമാകുന്ന കാഴ്ചയ്ക്കായിരുന്നു ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനം സാക്ഷ്യം വഹിച്ചത്. 12 വര്‍ഷത്തിന് ശേഷം ആദ്യമായി ഹോം ഗ്രൗണ്ടില്‍ പരമ്പര നഷ്ടപ്പെടുത്തിയ ഇന്ത്യ, ഹോം കണ്ടീഷനില്‍ ചരിത്രത്തിലെ ഏറ്റവും മോശം പരാജയവും ഏറ്റുവാങ്ങി.

വിരാടും രോഹിത്തും പരമ്പരയ്ക്കിടെ

ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ പരാജയമാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. മത്സരത്തിന്റെ ആദ്യ ഇന്നിങ്‌സില്‍ വെറും 46 റണ്‍സിന് പുറത്തായ ഇന്ത്യ ഹോം കണ്ടീഷനിലെ ഏറ്റവും മോശം ഇന്നിങ്‌സ് ടോട്ടലിന്റെ അനാവശ്യ റെക്കോഡും സ്വന്തമാക്കി. 18 വര്‍ഷത്തില്‍ ഇതാദ്യമായാണ് ഇന്ത്യ ചിന്നസ്വാമിയില്‍ ഒരു ടെസ്റ്റ് മത്സരം പരാജയപ്പെടുന്നത്.

മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന രണ്ടാം മത്സരത്തില്‍ 115 റണ്‍സിന്റെ തോല്‍വിയേറ്റുവാങ്ങിയതോടെ 12 വര്‍ഷമായി സ്വന്തം മണ്ണില്‍ ഒറ്റ ടെസ്റ്റ് പരമ്പര പോലും പരാജയപ്പെട്ടിട്ടില്ല എന്ന സ്ട്രീക്കിനും അന്ത്യമായി. സ്പിന്നര്‍മാരെ തുണയ്ക്കാന്‍ ഇന്ത്യയൊരുക്കിയ പിച്ചില്‍ ന്യൂസിലാന്‍ഡിന്റെ സ്പിന്നര്‍മാര്‍ ഇന്ത്യയ്ക്ക് ചരമഗീതം പാടി.

പരമ്പര വിജയിച്ച ന്യൂസിലാന്‍ഡ് ടീം ട്രോഫിയുമായി

വാംഖഡെയില്‍ നടന്ന പരമ്പരയിലെ അവസാന മത്സരത്തില്‍ 25 റണ്‍സിന്റെ പരാജയമാണ് ഇന്ത്യയ്ക്ക് നേരിടേണ്ടി വന്നത്. ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 147 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുയര്‍ന്നിറങ്ങിയ ഇന്ത്യ 121ന് പുറത്തായി.

സൂപ്പര്‍ സ്പിന്നര്‍ അജാസ് പട്ടേലിന്റെ ടെന്‍ഫര്‍ കരുത്തിലാണ് ന്യൂസിലാന്‍ഡ് ജയിച്ചുകയറിയത്. ഈ വിജയത്തിന് പിന്നാലെ ഇന്ത്യയെ സ്വന്തം മണ്ണില്‍ വൈറ്റ് വാഷ് പരാജയത്തിലേക്ക് തള്ളിയിടാനും ന്യൂസിലാന്‍ഡിനായി.

അജാസ് പട്ടല്‍

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്കുള്ള ഇന്ത്യയുടെ വഴി കൂടുതല്‍ ദുര്‍ഘടമായതും ഈ പരാജയത്തിന് പിന്നാലെയാണ്.

Content Highlight:  Defeat to New Zealand hurts more than Border-Gavaskar Trophy defeat, says Yuvraj Singh

Latest Stories

We use cookies to give you the best possible experience. Learn more