സ്ഥാനാര്‍ത്ഥിയുടെ തോല്‍വി; ആലപ്പുഴ സി.പി.ഐ.എമ്മില്‍ നിന്ന് 36 പേരെ പുറത്താക്കി
Kerala News
സ്ഥാനാര്‍ത്ഥിയുടെ തോല്‍വി; ആലപ്പുഴ സി.പി.ഐ.എമ്മില്‍ നിന്ന് 36 പേരെ പുറത്താക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 9th January 2021, 8:42 am

അരൂക്കുറ്റി: ആലപ്പുഴയിലെ അരൂക്കുറ്റിയില്‍ സി.പി.ഐ.എമ്മില്‍ കൂട്ട അച്ചടക്ക നടപടി. ലോക്കല്‍ കമ്മിറ്റിയംഗം, മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാര്‍ എന്നിവരുള്‍പ്പടെ 36 പാര്‍ട്ടി അംഗങ്ങളെ പുറത്താക്കിയതായാണ് റിപ്പോര്‍ട്ട്. അരൂക്കുറ്റി പഞ്ചായത്തിലെ മൂന്നാംവാര്‍ഡില്‍ പാര്‍ട്ടി സ്ഥാനാര്‍ഥി പരാജയപ്പെട്ടതാണ് നടപടിക്ക് കാരണം.

വാര്‍ഡിലെ പാര്‍ട്ടി ഘടകങ്ങള്‍ നിര്‍ദ്ദേശിച്ച കെ.എ.മാത്യുവിനെ പരിഗണിക്കാതെ ലോക്കല്‍ കമ്മിറ്റി പുതിയ സ്ഥാനാര്‍ഥിയെ പരിഗണിക്കുകയായിരുന്നു. തുടര്‍ന്ന് കെ.എ മാത്യു വിമതനായി മത്സരിച്ച് 128 വോട്ടിന് ജയിച്ചു. ഇതിന് പിന്നാലെ പഞ്ചായത്ത് ഭരണം യു.ഡി.എഫ്. പിടിച്ചതും പാര്‍ട്ടിക്കുള്ളില്‍ അസ്വാരസ്യം ഉണ്ടാക്കി. ഇതോടെയാണ് ലോക്കല്‍ കമ്മിറ്റി അച്ചടക്ക നടപടി സ്വീകരിച്ചത്.

എ.കെ.ജി. ബ്രാഞ്ചിലെ അംഗങ്ങളാണ് നടപടി നേരിട്ടവരില്‍ ഭൂരിപക്ഷവും. പാര്‍ട്ടി സ്ഥാനാര്‍ഥിക്ക് വേണ്ടി പ്രവര്‍ത്തിക്കാത്തത് വര്‍ഗ വഞ്ചനയാണെന്നാണ് നടപടി വിശദീകരിച്ചുകൊണ്ടുളള ലോക്കല്‍ കമ്മിറ്റി സര്‍ക്കുലറിലെ പരാമര്‍ശം. എന്നാല്‍ കാരണംകാണിക്കല്‍ നോട്ടീസ് പോലും നല്‍കാതെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതിനെ ചോദ്യം ചെയ്ത് പുറത്താക്കപ്പെട്ടവര്‍ സംസ്ഥാന നേതൃത്വത്തെ പരാതി അറിയിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Defeat of the candidate; Alappuzha expels 36 from CPI (M)