| Tuesday, 11th February 2020, 10:15 am

ദല്‍ഹിയില്‍ തോല്‍വി ഉറപ്പിച്ച് ബി.ജെ.പി; അമിത് ഷായുടെ ഫോട്ടോക്കൊപ്പം പുതിയ വാചകങ്ങളുമായി ബി.ജെ.പി ആസ്ഥാനത്ത് പോസ്റ്റര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹി തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ വന്‍ ലീഡുമായി അരവിന്ദ് കെജ് രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി കുതിപ്പ് തുടരുകയാണ്.

50 സീറ്റുകളില്‍ മുകളില്‍ ലീഡ് നിലനിര്‍ത്തി പാര്‍ട്ടി മുന്നേറുമ്പോള്‍ വിജയം ഉറപ്പെന്ന് പറഞ്ഞ് തെരഞ്ഞെടുപ്പിനെ നേരിട്ട ബി.ജെ.പിക്ക് തുടക്കത്തിലേ കാലിടറുന്ന കാഴ്ചയായിരുന്നു കണ്ടത്. വോട്ടെണ്ണില്‍ ആരംഭിച്ച് രണ്ട് മണിക്കൂര്‍ പിന്നിടുന്ന വേളയിലും ലീഡ് 20 ന് മുകളില്‍ ഉയര്‍ത്താന്‍ ബി.ജെ.പിക്ക് സാധിച്ചിരുന്നില്ല.

ഇതിനിടെ ബി.ജെ.പിയുടെ ദല്‍ഹി ഓഫീസിന് മുന്‍പില്‍ പുതിയ പോസ്റ്റര്‍ ഉയര്‍ത്തിയിരിക്കുകയാണ് ബി.ജെ.പി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ചിത്രത്തിനൊപ്പം തോല്‍വിയില്‍ ഞങ്ങള്‍ അസ്വസ്ഥരാകില്ല എന്ന വാചകമാണ് ബി.ജെ.പി കുറിച്ചിരിക്കുന്നത്.

‘വിജയത്തില്‍ ഞങ്ങള്‍ അഹങ്കരിച്ചിട്ടില്ല. തോല്‍വിയില്‍ ഞങ്ങള്‍ അസ്വസ്ഥരാകുകയുമില്ല’ എന്നാണ് ബി.ജെ.പി പോസ്റ്ററില്‍ കുറിച്ചത്. ദല്‍ഹിയില്‍ ബി.ജെ.പി തോല്‍വി അംഗീകരിച്ചിരിക്കുയാണെന്ന സൂചനയാണ് ഇത്തരമൊരു പോസ്റ്ററിലൂടെയെന്നാണ് ചിലരുടെ പ്രതികരണം.

പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുന്നവരെ രാജ്യദ്രോഹികളാക്കി മുദ്രകുത്തിക്കൊണ്ടായിരുന്നു ആഭ്യന്തരമന്ത്രി അമിത് ഷാ ഉള്‍പ്പെടെ നിരവധി ബി.ജെ.പി നേതാക്കള്‍ ദല്‍ഹിയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങിയത്.

എന്നാല്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ വലിയ സമരം തുടരുന്ന ഷാഹീന്‍ബാഗിലുള്‍പ്പെടെ വലിയ തിരിച്ചടിയാണ് ബി.ജെ.പി നേരിടുന്നത്.

എട്ട് മണിക്കാണ് ദല്‍ഹി തെരഞ്ഞെടുപ്പിന്റെ വോട്ടണ്ണല്‍ ആരംഭിച്ചത്. എഴുപത് സീറ്റിലേക്കാണ് ദല്‍ഹിയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. എക്സിറ്റ് പോളുകളെല്ലാം ആംആദ്മിക്ക് അനുകൂലമാണ്. നിലില്‍ 50 സീറ്റുകളില്‍ ആം ആദ്മി പാര്‍ട്ടിയും 20 സീറ്റുകളില്‍ ബി.ജെ.പിയും ലീഡ് ചെയ്യുന്നുണ്ട്.

2015 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 67 സീറ്റ് നേടിയാണ് ആംആദ്മി പാര്‍ട്ടി അധികാരത്തിലെത്തിയത്. ബി.ജെ.പി മൂന്ന് സീറ്റ് നേടിയപ്പോള്‍ കോണ്‍ഗ്രസ് ഒരു സീറ്റ് പോലും നേടാത്തത് പാര്‍ട്ടിക്ക് രാജ്യതലസ്ഥാനത്ത് വലിയ തിരിച്ചടിയായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more