ഹൈദരാബാദ്: തെലുങ്കര്‍ക്കെതിരായ അപകീര്‍ത്തി പരാമര്‍ശത്തില്‍ നടി കസ്തൂരി അറസ്റ്റില്‍. ഹൈദരാബാദില്‍ നിന്ന് ചെന്നൈ പൊലീസാണ് കസ്തൂരിയെ അറസ്റ്റ് ചെയ്തത്.
നേരത്തെ കസ്തൂരി ഫയല്‍ ചെയ്ത മുന്‍കൂര്‍ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. അറസ്റ്റ് ചെയ്യാനുള്ള നീക്കത്തില്‍ നിന്ന് പൊലീസിനെ തടയണമെന്നായിരുന്നു കസ്തൂരി ആവശ്യപ്പെട്ടത്.
മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതോടെയാണ് ചെന്നൈ പൊലീസ് കസ്തൂരിയെ കസ്റ്റഡിയിലെടുത്തത്.
ഒക്ടോബറില്‍ ചെന്നൈയില്‍ നടന്ന ഒരു യോഗത്തിലാണ് തെലുങ്കര്‍ക്കെതിരെ കസ്തൂരി പരാമര്‍ശം നടത്തിയത്. തമിഴ് രാജാക്കന്‍മാരുടെ അന്തപ്പുരങ്ങളില്‍ പരിചാരകരായി എത്തിയ തെലുങ്കര്‍ തമിഴരാണെന്ന് അവകാശപ്പെടുന്നു എന്നായിരുന്നു നടിയുടെ പരാമര്‍ശം.
ഹിന്ദു മക്കള്‍ കക്ഷിയുടെ പരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് കസ്തൂരി വിവാദ പരാമര്‍ശം നടത്തിയത്. തുടര്‍ന്ന് വിവിധ സംഘടനകള്‍ ഉള്‍പ്പെടെ നല്‍കിയ പരാതിയില്‍ വിവിധയിടങ്ങളില്‍ നടിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
പരാതിയെ തുടര്‍ന്ന് പൊലീസ് കസ്തൂരിക്ക് സമന്‍സ് അയച്ചിരുന്നു. എന്നാല്‍ നടി ഒളിവില്‍ പോകുകയായിരുന്നു.
സംഭവം വിവാദമായതോടെ തെലുങ്കരെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് കസ്തൂരി പ്രതികരിച്ചിരുന്നു. തന്റെ പരാമര്‍ശത്തെ ചിലര്‍ വളച്ചൊടിക്കുകയായിരുന്നുവെന്നാണ് കസ്തൂരി പറഞ്ഞത്.
തെലുങ്കരെ തന്റെ കുടുംബാംഗങ്ങളെ പോലെയാണ് കാണുന്നതെന്നും തനിക്കെതിരെ വ്യാജപ്രചരണം നടത്തുന്നത് ഡി.എം.കെ സര്‍ക്കാരാണെന്നും കസ്തൂരി ആരോപിച്ചിരുന്നു.
Content Highlight: Defamatory remarks against Telugus; Actress Kasthuri arrested