ചെന്നൈ: മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി കരുണാനിധിയെയും ഡി.എം.കെ നേതാവും തൂത്തുക്കുടി എം.പിയുമായ കനിമൊഴിയെയും അപമാനിച്ചതില്‍ ബി.ജെ.പി ജില്ലാ പ്രസിഡന്റ് അറസ്റ്റില്‍. ബി.ജെ.പി വില്ലുപുരം സൗത്ത് ജില്ല പ്രസിഡന്റ് വി.എ.ടി കാലിവരധനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
വില്ലുപുരം ജില്ലയിലെ വിക്രവണ്ടിയില്‍ ഭരണകക്ഷിയായ ഡി.എം.കെക്കെതിരെ നടത്തിയ പ്രകടനത്തില്‍ പങ്കെടുക്കവേയായിരുന്നു കാളിവരദന്റെ അപകീര്‍ത്തി പരാമര്‍ശം.
ഡി.എം.കെ ഐ.ടി വിങ് സെക്രട്ടറി ചിത്ര നല്‍കിയ പരാതിയിലാണ് കേസ്. പൊതുസ്ഥലത്ത് ഡി.എം.കെ നേതാക്കള്‍ക്കെതിരെ ബി.ജെ.പി നേതാവ് മോശം വാക്കുകള്‍ ഉപയോഗിച്ചെന്നാണ് പരാതി.
കാളിവരദന്റെ പരാമര്‍ശത്തിന് പിന്നാലെ സ്റ്റാലിന്‍ സര്‍ക്കാരിനെതിരെ ബി.ജെ.പി പ്രവര്‍ത്തകര്‍ മുദ്രാവാക്യവും ഉയര്‍ത്തിയിരുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച പുലര്‍ച്ചെ വില്ലുപുരത്തിനടുത്തുള്ള മണമ്പൂട്ടിയിലെ വീട്ടില്‍ നിന്നാണ് കാളിവരദനെ അറസ്റ്റ് ചെയ്തത്.
കലാപം ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെ പ്രകോപനം സൃഷ്ടിക്കുക (സെഷന്‍ 153), മനപ്പൂര്‍വം അപമാനിക്കല്‍ (സെഷന്‍ 504), സെഷന്‍ 505 എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.
അതേസമയം ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ അപകീര്‍ത്തിപരമായ പോസ്റ്ററുകള്‍ പതിപ്പിച്ചതിന് കര്‍ണാടകയിലെ ബി.ജെ.പി പ്രവര്‍ത്തകരും ഇന്ന് അറസ്റ്റിലായിട്ടുണ്ട്. ബി.ജെ.പി പ്രവര്‍ത്തകരായ ശ്രീറാം, മോഹന്‍ എന്നിവരാണ് അറസ്റ്റിലായത്.