ഡാബറിനെതിരെ അപകീര്‍ത്തി പരാമര്‍ശം; പതജ്ഞലിക്ക് സമന്‍സ് അയച്ച് ദല്‍ഹി ഹൈക്കോടതി
national news
ഡാബറിനെതിരെ അപകീര്‍ത്തി പരാമര്‍ശം; പതജ്ഞലിക്ക് സമന്‍സ് അയച്ച് ദല്‍ഹി ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 26th December 2024, 5:50 pm

ന്യൂദല്‍ഹി: അപകീര്‍ത്തി പരാമര്‍ശം നടത്തിയ പതജ്ഞലിക്കെതിരെ ഡാബര്‍ നല്‍കിയ കേസില്‍ പതജ്ഞലിയില്‍ നിന്ന് വിശദീകരണം തേടി ദല്‍ഹി ഹൈക്കോടതി. ഡാബറിന്റെ ആയുര്‍വേദിക് ഉത്പന്നമായ ച്യവന്‍പ്രാശിനെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ചാണ് പതജ്ഞലിക്കെതിരെ കേസെടുത്തത്.

വിഷയത്തില്‍ പതജ്ഞലിയുടെ നിലപാടെന്താണെന്നാണ് ദല്‍ഹി ഹൈക്കോടതി ജസ്റ്റിസ് മിനി പുഷ്‌കര്‍ണ ചോദിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് പ്രതി ചേര്‍ത്തിരിക്കുന്ന പതജ്ഞലി ആയുര്‍വേദിനും പതജ്ഞലി ഫുഡ്‌സ് ലിമിറ്റഡിനുമാണ് കോടതി സമന്‍സ് അയച്ചത്.

പരാതി സ്യൂട്ടായി രജിസ്റ്റര്‍ ചെയ്യാമെന്നും സമന്‍സ് അയച്ച് മുപ്പത് ദിവസത്തിനകം രേഖാമൂലമുള്ള വിശദീകരണം നല്‍കാനാണ് കോടതി പതജ്ഞലിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം വിഷയത്തില്‍ സമന്‍സ് അയച്ച കോടതി ജനുവരി 30ന് വാദം കേള്‍ക്കുകയും ചെയ്യും.

പതജ്ഞലിയുടെ ച്യവന്‍പ്രാശിനെ പ്രൊമോട്ട് ചെയ്യുന്നതിന് ഡാബറിനെതിരെ തെറ്റായതും ആസൂത്രിതവുമായ ആരോപണങ്ങള്‍ ഉന്നയിച്ചുവെന്നാണ് ഡാബര്‍ പരാതിയില്‍ പറയുന്നത്.

പതജ്ഞലി ച്യവന്‍പ്രാശ് മാത്രമാണ് ഒറിജിനലെന്നും തങ്ങള്‍ ഉപയോഗിച്ചിരിക്കുന്ന ആയുര്‍വേദ പുസ്തകത്തിലുള്ളതാണ് ച്യവന്‍പ്രാശ് ഉണ്ടാക്കുന്നതിനുള്ള യഥാര്‍ത്ഥ രീതിയെന്നും മറ്റുള്ളവയുടേതല്ലെന്നുമായിരുന്നു പരസ്യത്തില്‍ പറഞ്ഞിരുന്നത്.

ടി.വിയിലും പ്രിന്റിലും ഉള്‍പ്പെടെ എല്ലാം പ്രസിദ്ധീകരിച്ച പരസ്യത്തില്‍ ഗുണമേന്മയുള്ളതും പ്രത്യേകതയുള്ളതും പതജ്ഞലിക്ക് മാത്രമാണെന്ന് പരാമര്‍ശിച്ചിരുന്നതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: defamatory reference against Dabur; Delhi High Court summons Patajnali