മുംബൈ: ഇന്ത്യാസ് ഗോട്ട് ലാറ്റെന്റ് എന്ന ഷോയില്‍ മലയാളികളെ അപമാനിച്ച യൂട്യൂബര്‍മാര്‍ക്കെതിരെ കേസ്. മുംബൈ പൊലീസിന്റേതാണ് നടപടി. അപകീര്‍ത്തികരമായ വിവരങ്ങള്‍ പ്രചരിപ്പിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് യൂട്യൂബര്‍മാര്‍ക്കെതിരെ കേസെടുത്തത്.
റണ്‍വീര്‍ അല്ലാഹ്ബാദിയ, അപൂര്‍വ മഖിജ, സമയ് റെയ്‌ന എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. മാതാപിതാക്കള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതുമായി ബന്ധപ്പെട്ട് യുവാക്കള്‍ ഷോയില്‍ നടത്തിയ അശ്ലീല വിവാദ പരാമര്‍ശത്തിലാണ് യൂട്യൂബര്‍മാര്‍ക്കെതിരായ പരാതി.
സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനായ സമയ് റെയ്നയുടെ ഉടമസ്ഥതയിലുള്ള യൂട്യൂബ് ചാനലാണ് ഇന്ത്യ ഗോട്ട് ലാറ്റെന്റ്. നിലവില്‍ ചാനല്‍ പ്രവര്‍ത്തിക്കുന്ന സ്റ്റുഡിയോയില്‍ പൊലീസ് റെയ്ഡ് നടക്കുന്നതായാണ് വിവരം.
അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്നും എന്നാല്‍ പൊതുവേദികളില്‍ ഇത്തരത്തില്‍ അതിരുകടന്ന പ്രകടനങ്ങള്‍ അനുവദിക്കില്ലെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പ്രതികരിച്ചു. ശിവസേന നേതാക്കളും യൂട്യൂബര്‍മാര്‍ക്കെതിരെ രംഗത്തെത്തിയിരുന്നു.
നേരത്തെ ഇവര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വനിതാ കമ്മീഷന് ഉള്‍പ്പെടെ നിരവധി ആളുകള്‍ പരാതി നല്‍കിയിരുന്നു. ഭൂരിഭാഗം പരാതികളിലും ഷോയില്‍ സ്ത്രീത്വത്തെ അപമാനിക്കും വിധത്തിലുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തിയെന്നാണ് പറയുന്നത്.
പരിപാടിയില്‍ എത്തിയ മലയാളിയായ പെണ്‍കുട്ടിയെ അപമാനിച്ച സംഭവം വിവാദമായതിന് പിന്നാലെയാണ് യൂട്യൂബര്‍മാര്‍ക്കെതിരായ നടപടി. ഷോയില്‍, പെണ്‍കുട്ടിയോട് നിങ്ങളുടെ പ്രിയപ്പെട്ട രാഷ്ട്രീയ നേതൃത്വം അല്ലെങ്കില്‍ നേതാവ് ആരാണ്, ഏത് ഐഡിയോളോജിയെ ആണ് താങ്കള്‍ പിന്തുണക്കുന്നതെന്ന് റണ്‍വീര്‍ അല്ലാഹ്ബാദിയ ചോദിക്കുകയുണ്ടായി.
എന്നാല്‍ പെണ്‍കുട്ടി താന്‍ പൊളിറ്റിക്‌സ് കാണാറില്ല എന്നാണ് മറുപടി നല്‍കിയത്. പിന്നാലെ നിങ്ങള്‍ക്ക് എന്തെങ്കിലും പൊളിറ്റിക്കല്‍ ഒപ്പീനിയന്‍ ഉണ്ടോ എന്നും നിങ്ങള്‍ വോട്ട് ചെയ്യാറെങ്കിലും ഉണ്ടോ എന്നും റണ്‍വീര്‍ ചോദിച്ചു.
തുടര്‍ന്ന് പാനല്‍ പെണ്‍കുട്ടിയുടെ അരാഷ്ട്രീയതയെയും ഒപ്പം കേരളത്തെയും പരിഹസിക്കുകയാണ് ചെയ്തത്. ‘കേരളാ സാര്‍, ഹണ്‍ഡ്രഡ് പെര്‍സെന്റേജ് ലിറ്ററസി സാര്‍’ എന്നായിരുന്നു പരിഹാസത്തോടെ പാനല്‍ പറഞ്ഞത്.
പിന്നാലെ യൂട്യൂബര്‍മാര്‍ക്ക് തക്കതായ മറുപടി നല്‍കി മലയാളികളും സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തി. തങ്ങള്‍ കേരളത്തില്‍ നിന്നുള്ളവരാണെന്നും നൂറ് ശതമാനം സാക്ഷരതയുണ്ടെന്നും എന്നാല്‍ തങ്ങള്‍ ഒരിക്കലും ഏതെങ്കിലും വര്‍ഗീയ കക്ഷികള്‍ക്ക് വേണ്ടിയോ പശുവിന് വേണ്ടിയോ വോട്ട് ചെയ്യാറില്ല എന്ന മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്.
റണ്‍വീറിന്റെ മിക്കവാറും എല്ലാ വ്യാജ വാര്‍ത്തകളും/വിദ്വേഷ പ്രചരണ വീഡിയോകളും തള്ളിക്കളയുന്നത് മലയാളികള്‍ മാത്രമാണെനന്നും കേരളത്തെ പരിഹസിക്കാനുള്ള അവസരം അവന്‍ പാഴാക്കില്ലെന്നും എക്‌സ് ഉപയോക്താക്കളും പ്രതികരിച്ചു.
Content Highlight: defamatory propaganda; Mumbai Police registered a case against YouTubers who insulted Malayalis