| Friday, 10th June 2016, 7:45 pm

അപകീര്‍ത്തികരമായ പ്രസ്താവന; ജോമോന്‍ പുത്തന്‍പുരയ്ക്കലിന് പി.പി.തങ്കച്ചന്‍ വക്കീല്‍ നോട്ടീസയച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്


കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധവുമായി ബന്ധപ്പെട്ട് അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയെന്നാരോപിച്ച് പൊതുപ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കലിന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ വക്കീല് നോട്ടീസയച്ചു. ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ്.

ജിഷ തങ്കച്ചന്റെ മകളാണെന്നും ഇക്കാര്യം പുറത്തറിയാതിരിക്കാന്‍ കൊലപ്പെടുത്തിയതാണെന്നും ജോമോന്‍ ആരോപണം ഉന്നയിച്ചിരുന്നു. ആരോപണത്തില്‍ സത്യത്തിന്റ ഒരു കണികപോലുമില്ലെന്നും പ്രസ്താവന പിന്‍വലിച്ച് നിരുപാധികം മാപ്പുപറയണമെന്നും തങ്കച്ചന്‍ നോട്ടീസില്‍ ആവശ്യപ്പെട്ടു.

ജിഷയുടെ അമ്മ രാജേശ്വരി ഇരുപത് വര്‍ഷക്കാലത്തിലധികമായി പെരുമ്പാവൂരിലെ ഉന്നതകോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ ജോലി ചെയ്തിരുന്നെന്നും ഈ നേതാവിന്റെ മകളെന്ന നിലയില്‍ കൊല്ലപ്പെട്ട ജിഷ നേതാവിന്റെ വീട്ടില്‍ നേരിട്ടെത്തി സ്വത്തിന്‍മേല്‍ അവകാശം ചോദിക്കുകയും തരാതെ വന്നപ്പോള്‍ പിതൃത്വം തെളിയിക്കുന്ന ഡി.എന്‍.എ ടെസ്റ്റ് നടത്തുമെന്നും ഭീഷണിപ്പെടുത്തിയിരുന്നെന്നുമായിരുന്നു പിണറായി വിജയന് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ അയച്ച കത്തില്‍ പറഞ്ഞിരുന്നത്.

അതിന് ശേഷമാണ് പെരുമ്പാവൂരിലെ കുറുപ്പുംപടി ഇരിങ്ങോളില്‍ കുറ്റിക്കാട്ട് പറമ്പില്‍ സ്വന്തം വീട്ടില്‍ ഏപ്രില്‍ മാസം 28ാം തിയതി അതിദാരുണമായും മൃഗീയവുമായി ജിഷ കൊല്ലപ്പെട്ടത്. .ഇതിന് പിന്നില്‍ മേല്‍പ്പറഞ്ഞ ഉന്നത കോണ്‍ഗ്രസ് നേതാവിന്റെ മകനെതിരെയുള്ള ആരോപണത്തെക്കുറിച്ച് നാട്ടില്‍ പാട്ടാണെങ്കിലും ഭരണസ്വാധീനം ഉപയോഗിച്ച് കേസ് പൊലീസ് അട്ടിമറിക്കുകയും അന്വേഷണം വഴിതെറ്റിച്ചുവിടുകയാണെന്നും പരാതിയില്‍ പറഞ്ഞിരുന്നു.

ആരോപണ വിധേയനായ ഉന്നതകോണ്‍ഗ്രസ് നേതാവാണ് കുറുപ്പുംപടി എസ്.ഐയും സി.ഐയും ഉള്‍പ്പടെയുള്ള പൊലീസ് ഉദ്യോഗസ്ഥരെ ഇവിടെ നിയമിച്ചതെന്നും അതിനാല്‍ പ്രാഥമിക അന്വേഷണ സംഘം മുഴുവന്‍ തെളിവും നശിപ്പിക്കാന്‍ കൂട്ടുനിന്നെന്നും ജോമോന്‍ പരാതിയില്‍ വ്യക്തമാക്കിയിരുന്നു.

We use cookies to give you the best possible experience. Learn more