മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടതിന് ആര്‍.എം.പി പ്രവര്‍ത്തകനെതിരെ അപകീര്‍ത്തിക്കേസ്
Daily News
മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടതിന് ആര്‍.എം.പി പ്രവര്‍ത്തകനെതിരെ അപകീര്‍ത്തിക്കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 16th November 2017, 11:38 pm

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടതിന് വടകര ഒര്‍ക്കാട്ടേരി സ്വദേശിക്കെതിരെ കേസ്. ആര്‍.എം.പി പ്രവര്‍ത്തകനായ അര്‍ജുനെതിരെയാണ് ഐ.പി.സി 500 പ്രകാരം കേസെടുത്തത്.

തങ്ങള്‍ക്ക് ഇഷ്ടപ്പെടാത്ത അഭിപ്രായം പറയുന്നവരോട് രാജ്യംവിട്ടു പോവാന്‍ പറയാന്‍ ആര്‍.എസ്.എസിന് എന്തവകാശമാണുള്ളതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന ഷെയര്‍ ചെയ്തതിനൊപ്പം “അതേ സര്‍ ഇവിടെ എല്ലാവര്‍ക്കും ജീവിക്കാനവകാശമുണ്ട്. ഭിന്നഭിപ്രായം പറഞ്ഞവനെ ജീവിതത്തില്‍ നിന്നും പറഞ്ഞുവിട്ടവന്റെ ഉപദേശി പ്രസംഗം.” എന്നെഴുതിയതിനാണ് കേസെടുത്തതെന്ന് അര്‍ജുന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ടി.പി ചന്ദ്രശേഖരന്റെ ചിത്രം വെച്ചാണ് പോസ്റ്റ് ഷെയര്‍ ചെയ്തിരുന്നത്.

 

പോസ്റ്റിന്റെ പേരില്‍ തന്നെ തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്ത് നിന്ന് വിളിച്ചിരുന്നുവെന്നും വടകര സ്വദേശിയായ ഷാജു എന്നയാളുടെ പരാതി പ്രകാരമാണ് കേസെടുത്തതെന്ന് പൊലീസ് പറഞ്ഞതായും അര്‍ജുന്‍ പറഞ്ഞു.

നവംബര്‍ 13നാണ് നോട്ടീസ് വന്നത്. 15ാം തിയ്യതി വടകര ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാവാനാണ് ആവശ്യപ്പെട്ടതെന്നും അര്‍ജുന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

നോട്ടീസ് അയച്ചതിന് പുറമെ എടച്ചേരി സ്റ്റേഷനില്‍ നിന്നും പൊലീസ് വന്ന് താനേത് പാര്‍ട്ടിക്കാരനാണെന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിച്ചിരുന്നതായും അര്‍ജുന്‍ പറഞ്ഞു.


Read more:  ‘തോമസ് ചാണ്ടിയുടെ രാജിക്കു പിന്നാലെ ശശീന്ദ്രന്‍ നന്ദി സന്ദേശം അയച്ചു’; ഗുരുതര ആരോപണവുമായി ഏഷ്യാനെറ്റ് ന്യൂസ് അവതാരകന്‍ വിനു വി ജോണ്‍