| Monday, 4th November 2024, 1:16 pm

തിരൂര്‍ സതീഷിനെ ഇറക്കാന്‍ ഗൂഢാലോചന; ആന്റോ അഗസ്റ്റിനെതിരെ മാനനഷ്ടക്കേസ് കൊടുക്കും: ശോഭ സുരേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: റിപ്പോട്ടര്‍ ടി.വി മാനേജിങ് സയറക്ടറും മാനേജിങ് എഡിറ്ററുമായ ആന്റോ അഗസ്റ്റിനെതിരെ ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന്‍. തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തലിന് പിന്നില്‍ ആന്റോ അഗസ്റ്റിനാണെന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞു. മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തിലാണ് പരാമര്‍ശം.

തിരൂര്‍ സതീഷിനെ ഇറക്കാന്‍ ആന്റോ ഗൂഢാലോചന നടത്തിയെന്നും തനിക്കെതിരായ ആരോപണങ്ങളില്‍ തെളിവുണ്ടെങ്കില്‍ പുറത്തുവിടണമെന്നുമാണ് ശോഭ പറഞ്ഞത്. തിരൂര്‍ സതീശന്‍ പുറത്ത് വിട്ട ഫോട്ടോ വ്യാജമാണെന്നും ശോഭ സുരേന്ദ്രന്‍ ആരോപിച്ചു.

ആന്റോ അഗസ്റ്റിനെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്നും ശോഭ മാധ്യമങ്ങളെ അറിയിച്ചു. തന്നെ ആത്മഹത്യയിലേക്ക് തള്ളിവിടാന്‍ ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കുകയാണെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടി.വിക്കും അവതാരകര്‍ക്കുമെതിരെയും കഴിഞ്ഞ ദിവസവും ശോഭ സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു.

റിപ്പോര്‍ട്ടര്‍ ചാനലിലെ അവതാരകരായ ഉണ്ണി ബാലകൃഷ്ണന്‍, സ്മൃതി പരുത്തിക്കാട്, അരുണ്‍ കുമാര്‍ എന്നിവര്‍ക്കെതിരെയായിരുന്നു ശോഭ സുരേന്ദ്രന്റെ പരാമര്‍ശം.

മാധ്യമ സ്ഥാപനങ്ങളിലെ മുതലാളിമാരേക്കാള്‍ ചില മാധ്യമ പ്രവര്‍ത്തകര്‍ക്കാണ് തന്നെ കുടുക്കാന്‍ താത്പര്യമെന്നും മാധ്യമ പ്രവര്‍ത്തകരുടെ കൈയില്‍ തന്റെ നമ്പറുണ്ടായിട്ടും ആരോപണങ്ങള്‍ സ്ഥിരീകരിക്കാന്‍ ശ്രമിച്ചില്ലെന്നുമായിരുന്നു ശോഭ സുരേന്ദ്രന്റെ വാദം. ഇതിനുപിന്നാലെയാണ് വീണ്ടും ആന്റോ അഗസ്റ്റിനെതിരെ ശോഭ സുരേന്ദ്രന്‍ പ്രതികരിച്ചിരിക്കുന്നത്.

താന്‍ ആന്റോക്കിട്ട പേര് മരംകൊത്തി എന്നാണെന്നും ശോഭ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. ആന്റോയുടെ കൂട്ടുകാരനായ കാര്‍വാര്‍ എം.എല്‍.എ സതീഷ് കൃഷ്ണ സെയില്‍ പരപ്പന അഗ്രഹാര ജയിലില്‍ കിടക്കുകയാണെന്നും ശോഭ ചൂണ്ടിക്കാട്ടി.

ബി.ജെ.പിയില്‍ ചേരാന്‍ ആന്റോ അഗസ്റ്റിന്‍ തന്നെ സമീപിച്ചിരുന്നെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. പൊന്നാനി പീഡനക്കേസ് കെട്ടിച്ചമച്ചതാണെന്നും പൊലീസുകാര്‍ക്കെതിരെ ആരോപണം ഉന്നയിക്കാന്‍ 10 ലക്ഷം രൂപ യുവതിക്ക് നല്‍കിയെന്നും ശോഭ ആരോപിച്ചു. യുവതിയെ കാണാനെത്തിയ തന്നോട് സ്ഥലത്തെ പൊതുപ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം പറഞ്ഞതെന്നും ശോഭ പറഞ്ഞു.

ഗോകുലം ഗോപാലനും ആന്റോ അഗസ്റ്റിനും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്നും ശോഭ സുരേന്ദ്രന്‍ ആരോപണം ഉന്നയിച്ചു. ആന്റോ അഗസ്റ്റിന്‍, റോജി അഗസ്റ്റിന്‍, ജോസ്‌കുട്ടി അഗസ്റ്റിന്‍ എന്നിവര്‍ക്കെതിരായ കേസുകളുടെ ലിസ്റ്റ് കാണിച്ചുകൊണ്ടാണ് ശോഭ സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനം നടത്തിയത്.

Content Highlight: Defamation case will be filed against Anto August: Shobha Surendran

Latest Stories

We use cookies to give you the best possible experience. Learn more