Advertisement
national news
മാനനഷ്ടക്കേസ്: രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാകേണ്ടതില്ല; നിര്‍ബന്ധിത നടപടികളെടുക്കരുത്; ഇളവ് നല്‍കി ജാര്‍ഖണ്ഡ് കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Jul 04, 11:28 am
Tuesday, 4th July 2023, 4:58 pm

 

റാഞ്ചി: മോദി പരാമര്‍ശവുമായി ബന്ധപ്പെട്ട അപകീര്‍ത്തിക്കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ഇളവ് നല്‍കി ജാര്‍ഖണ്ഡ് ഹൈക്കോടതി. രാഹുല്‍ ഗാന്ധിക്കെതിരെ നിര്‍ബന്ധിത നടപടികളെടുക്കരുതെന്നും അദ്ദേഹം നേരിട്ട് ഹാജരാകേണ്ടതില്ലെന്നും ജസ്റ്റിസ് എസ്.കെ. ദ്വിവേദി ഉത്തരവിട്ടു.

മാനനഷ്ടക്കേസില്‍ നേരിട്ട് ഹാജരാകണമെന്ന റാഞ്ചി എം.പി- എം.എല്‍.എ കോടതി ഉത്തരവിനെതിരെ രാഹുല്‍ ഗാന്ധി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസ് ഓഗസ്റ്റ് 16ന് കോടതി പരിഗണിക്കും.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോലാറില്‍ നടന്ന റാലിയില്‍ നടത്തിയ മോദി പരാമര്‍ശത്തിലാണ് അഡ്വ. പ്രദീപ് മോദി രാഹുല്‍ ഗാന്ധിക്കെതിരെ ജാര്‍ഖണ്ഡ് കോടതിയില്‍ മാനനഷ്ടക്കേസ് നല്‍കിയത്. 20 കോടിയാണ് നഷ്ടപരിഹാരമായി പ്രദീപ് മോദി ആവശ്യപ്പെട്ടത്.

എന്തുകൊണ്ടാണ് എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന പേരുള്ളതെന്നാണ് രാഹുല്‍ ചോദിച്ചത്. നീരവ് മോദി, ലളിത് മോദി എന്നിവരെ പരാമര്‍ശിച്ചായിരുന്നു പ്രസംഗം.

ഇതേ കേസില്‍ ഗുജറാത്തിലെ സൂറത്ത് കോടതി മാര്‍ച്ച് 23ന് രാഹുല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി രണ്ട് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ ലോക്‌സഭ എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി പാര്‍ലമെന്റ് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.

ബി.ജെ.പി നേതാവ് പൂര്‍ണേഷ് മോദിയാണ് രാഹുല്‍ ഗാന്ധിക്കെതിരെ സൂറത്ത് കോടതിയില്‍ കേസ് കൊടുത്തത്.

എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനായതിനെ തുടര്‍ന്ന് ദല്‍ഹിയിലെ തുഗ്ലക് ലൈനിലെ ഔദ്യോഗിക വസതിയും അദ്ദേഹം ഒഴിയേണ്ടി വന്നിരുന്നു.

മറ്റൊരു ബി.ജെ.പി നേതാവ് സുശീല്‍ കുമാറും രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെ സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് പട്‌നയിലെ എം.പി, എം.എല്‍.എ എം.എല്‍.സി സ്‌പെഷ്യല്‍ കോടതിയില്‍ കേസ് കൊടുത്തിരുന്നു.

content highlights: Defamation case: Rahul Gandhi need not appear in person; Do not take coercive measures; Jharkhand Court granted relief