| Friday, 12th May 2023, 11:45 am

രഞ്ജന്‍ ഗൊഗോയ്‌യുടെ ആത്മകഥയ്‌ക്കെതിരെ മാനനഷ്ടക്കേസുമായി പൗരത്വ കേസിലെ പരാതിക്കാരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുന്‍ ചീഫ് ജസ്റ്റിസും രാജ്യസഭാ എം.പിയുമായ രഞ്ജന്‍ ഗൊഗോയ്‌യുടെ ആത്മകഥയ്‌ക്കെതിരെ മാനനഷ്ടക്കേസ് നല്‍കി അസം പബ്ലിക് വര്‍ക്ക്‌സ് (എ.പി.ഡബ്ല്യു) പ്രസിഡന്റ് അഭിജീത് ശര്‍മ. ഒരു കോടി രൂപയുടെ മാനനഷ്ടക്കേസും അദ്ദേഹത്തിന്റെ ആത്മകഥ തടയണമെന്നുമുള്ള ആവശ്യവുമായാണ് പൗരത്വ രജിസ്റ്ററേഷന്‍ കേസിലെ പരാതിക്കാരന്‍ കൂടിയായ അഭിജിത് ഗുവാഹത്തിയിലെ പ്രാദേശിക കോടതിയെ സമീപിച്ചിരിക്കുന്നത്.

തനിക്ക് എതിരെ തെറ്റായതും അടിസ്ഥാനരഹിതവും അപകീര്‍ത്തികരവുമായ ആരോപണങ്ങള്‍ ഉന്നയിച്ചു എന്നാണ് കേസ്.

‘ജസ്റ്റിസ് ഫോര്‍ എ ജഡ്ജ്’ എന്ന ഗോഗോയ്‌യുടെ ആത്മകഥ പ്രസിദ്ധീകരിച്ച രൂപ പബ്ലിക്കേഷന്‍സിനെതിരെയും അഭിജീത് മാനനഷ്ട കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. കാംറുപ് മെട്രോസ് ജില്ലാ കോടതിയിലാണ് കേസ് നല്‍കിയിരിക്കുന്നത്.

അതേസമയം എതിര്‍കക്ഷികളെ കേള്‍ക്കാതെ ഏതെങ്കിലും ഉത്തരവ് നല്‍കാനുള്ള സ്വഭാവത്തില്‍ വിഷയം ഉയര്‍ന്ന് വന്നിട്ടില്ലെന്ന് കണ്ടെത്തിയതായി കോടതി പറഞ്ഞു. ഹരജിക്കാര്‍ക്കും ആരോപിതര്‍ക്കും സമന്‍സ് അയക്കാന്‍ ആവശ്യപ്പെട്ട കോടതി ജൂണ്‍ മൂന്നിന് അടുത്ത വാദം കേള്‍ക്കുമെന്നും കഴിഞ്ഞ ദിവസം അറിയിച്ചിട്ടുണ്ട്.

അഭിജീത്തിന്റെ യശസിനെയാണ് ഇത് ബാധിക്കുന്നതെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു.

‘പരാതിക്കാരന്‍ പ്രശസ്തനായ വ്യക്തിയാണ്. എതിര്‍ കക്ഷിയായ ഗൊഗോയ്‌യുടെ ആത്മകഥയിലെ പരാമര്‍ശങ്ങള്‍ പരാതിക്കാരന്റെ പ്രശസ്തിയെ ബാധിക്കും. അതുകൊണ്ട് എതിര്‍ കക്ഷി നഷ്ട പരിഹാരം നല്‍കാന്‍ ബാധ്യസ്ഥനാണ്,’അഭിഭാഷകന്‍ പറഞ്ഞു.

പ്രാദേശിക തലത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ ജഡ്ജിമാരെ ഉപദ്രവിക്കുന്നുണ്ടെന്ന് പറയുന്ന ഭാഗത്താണ് ഗൊഗോയി അഭിജീത്തിന്റെ പേര് പരാമര്‍ശിച്ചത്.

പ്രാദേശിക തലത്തില്‍ രാഷ്ടീയപ്രവര്‍ത്തകര്‍ ജഡ്ജിമാര്‍ക്കെതിരെ അക്രമങ്ങള്‍ നടത്തുന്നുണ്ടെന്നും എനിക്കെതിരെയും അത്തരം അക്രമങ്ങളുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

എന്‍.ആര്‍.സി ഉദ്യോഗസ്ഥരെ അഭിഷേക് ശര്‍മ ഉള്‍പ്പെടെയുള്ളവര്‍ പരിശോധനക്കെത്തിയപ്പോള്‍ അക്രമിച്ചു എന്നും പുസ്തകത്തില്‍ പറയുന്നു.

content highlight: defamation case against ranjan gogoy

Latest Stories

We use cookies to give you the best possible experience. Learn more