ന്യൂദല്‍ഹി: അപകീര്‍ത്തിക്കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെയുള്ള പട്‌ന കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്ത് ബീഹാര്‍ ഹൈക്കോടതി. രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന പട്‌ന കോടതിയുടെ ഉത്തരവാണ് സ്‌റ്റേ ചെയ്തത്.
ചൊവ്വാഴ്ചയാണ് പട്‌ന കോടതി കേസ് പരിഗണിക്കുന്നത്. കേസ് പരിഗണിക്കുമ്പോള്‍ രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാകണമെന്നായിരുന്നു പട്‌ന കോടതി ഉത്തരവ്.
ബി.ജെ.പി നേതാവ് സുശീല്‍ കുമാറാണ് 2019ല്‍ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശം മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തന്നതാണെന്ന് ആരോപിച്ച് പട്നയിലെ എം.പി, എം.എല്‍.എ, എം.എല്‍.സി സ്പെഷ്യല്‍ കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.
സൂറത് കോടതിക്ക് പിന്നാലെയായിരുന്നു മോദി പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ പട്ന കോടതി കേസെടുത്തത്. ഗുജറാത്ത് ബി.ജെ.പി എം.എല്‍.എ പൂര്‍ണേഷ് മോദി നല്‍കിയ പരാതിയില്‍ സൂറത് കോടതി രണ്ട് വര്‍ഷം തടവിന് രാഹുല്‍ ഗാന്ധിക്കെതിരെ ശിക്ഷ വിധിക്കുകയായിരുന്നു. പിന്നാലെ അദ്ദേഹത്തെ എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കുകയും ചെയ്തു.
അതേസമയം കഴിഞ്ഞ ദിവസം സൂറത്ത് ജില്ലാ കോടതിയില്‍ സമര്‍പ്പിച്ച രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ തള്ളിയിരുന്നു. അയോഗ്യത കേസിലെ വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച സ്റ്റേയാണ് സൂറത്ത് സെഷന്‍സ് കോടതി ജഡ്ജി റോബിന്‍ മൊകേര തള്ളിയത്.