മലയാളികള്‍ ഇതുവരെ കാണാത്ത തരത്തിലുള്ള ഗ്രാമത്തെയും അവിടത്തെ ജനങ്ങളെയും പരിചയപ്പെടുത്തിയ സിനിമയായിരുന്നു കുഞ്ഞിരാമായണം. ബേസില്‍ ജോസഫ് ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിന്റെ രചന ദീപു പ്രദീപാണ്. ദേശം എന്ന ഗ്രാമത്തിന്റെയും അവിടത്തെ ജനങ്ങളെയും മലയാളികള്‍ അത്രപെട്ടെന്ന് മറക്കില്ല. കുഞ്ഞിരാമായണത്തിന് ശേഷം പ്രീസ്റ്റ്, പദ്മിനി എന്നീ സിനിമകള്‍ക്കും തിരക്കഥ രചിച്ചു. ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറില്‍ ഈയിടെ റിലീസായ പേരില്ലൂര്‍ പ്രീമിയര്‍ ലീഗിന്റെ കഥയെഴുതിയിരിക്കുന്നതും ദീപു തന്നെ. മികച്ച പ്രതികരണമാണ് സീരീസിന് ലഭിക്കുന്നത്.
കഥയെഴുതി കഴിഞ്ഞ ശേഷം ആ ഫൈനല്‍ പ്രൊഡക്ട് മാത്രമേ ആളുകളില്‍ എത്തുന്നുള്ളൂവെന്നും, അതിന് വേണ്ടി ചെയ്യുന്ന എഫര്‍ട്ട് ആരും അറിയാറില്ലെന്നുമാണ് ദീപു പറഞ്ഞത്. മലയാള സിനിമയില്‍ എഴുത്തുകാര്‍ വിവേചനം നേരിടുന്നുണ്ടോ എന്ന ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു ദീപു. ‘എഴുത്തുകാര്‍ വിവേചനം നേരിടുണ്ടെന്ന അഭിപ്രായത്തോട് ഞാന്‍ യോജിക്കുന്നു. കാരണം ഒരു സിനിമയില്‍ സംവിധായകന്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ദിവസം വര്‍ക്ക് ചെയ്യുന്നത് അതിന്റെ റൈറ്ററാണ്.
പക്ഷേ റൈറ്ററുടെ ആ പ്രൊസസ്സ് ആരും കാണുന്നില്ല എന്നതാണ് സത്യാവസ്ഥ. ഒരു റൈറ്റര്‍ കഥയ്ക്ക് വേണ്ടി നടത്തുന്ന യാത്രയോ, ഒരു കഥ കണ്ടുപിടിച്ച് അതിനു വേണ്ടി നടത്തുന്ന പണികളോ അക്കൗണ്ടബിള്‍ ആവുന്നില്ല. ആ ഒരു പ്രൊസസ്സ് ഒക്കെ കഴിഞ്ഞ് എല്ലാവരും കാണുന്നത് സ്‌ക്രിപ്റ്റ് മാത്രമായിരിക്കും. അതിന് മുന്നേ ചെയ്ത പണികള്‍ ആരും കാണുന്നില്ല. അതിനുള്ള പ്രതിഫലം റൈറ്റര്‍ക്ക് കിട്ടുന്നില്ല. റൈറ്റേഴ്‌സിനെ ഡിപെന്‍ഡ് ചെയ്യുന്ന ഒരു കാലഘട്ടം ഉണ്ടാവട്ടെ എന്ന് കരുതുന്ന ഒരാളാണ് ഞാന്‍’ ദീപു പറഞ്ഞു.
ജയ ജയ ജയ ജയഹേക്ക് ശേഷം വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ഗുരുവായൂരമ്പലനടയില്‍ ആണ് ദീപുവിന്റെ പുതിയ പ്രൊജക്ട്. പൃഥ്വിരാജ്, ബേസില്‍ ജോസഫ്, അനശ്വര രാജന്‍, നിഖില വിമല്‍ എന്നിവരാണ് സിനിമയിലെ പ്രധാന താരങ്ങള്‍. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ടൊവിനോ നായകനായെത്തുന്ന അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിന്റെ സഹ എഴുത്തുകാരനും ദീപു തന്നെയാണ്.
Content Highlight: Deepu Pradeep says that malayalam writers facing discrimination